Enter your Email Address to subscribe to our newsletters

Thiruvanathapuram, 09 മെയ് (H.S.)
തിരുവനന്തപുരം: ആകാശവാണി കേരള നിലയങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന 'അഖില കേരള റേഡിയോ നാടകോത്സവം 2026' മെയ് 10 മുതൽ 18 വരെ നടക്കും. ഒമ്പത് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന ഈ ശ്രവ്യവിരുന്നിൽ മലയാള സിനിമയിലെയും നാടകരംഗത്തെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. ഈ വർഷത്തെ നാടകോത്സവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത മഹാനടൻ മോഹൻലാലിന്റെ സാന്നിധ്യമാണ്. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ ശേഷം ആദ്യമായാണ് മോഹൻലാൽ റേഡിയോ നാടകത്തിന് ശബ്ദം നൽകുന്നത്. തിരുവനന്തപുരം നിലയത്തിന്റെയും കൊച്ചി നിലയത്തിന്റേയും നാടകങ്ങൾക്ക് ശബ്ദം നൽകികൊണ്ടാണ് നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം ശ്രോതാക്കൾക്ക് ശ്രവ്യവിരുന്നൊരുക്കുന്നത്. നാടകോത്സവത്തിലെ ആദ്യത്തെയും അവസാനത്തെയും നാടകത്തിലെ കേന്ദ്രകഥാപാത്രവും ശ്രീ മോഹൻലാൽ ആണ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. മെയ് 10 മുതൽ 18 വരെ എല്ലാ ദിവസവും രാത്രി 9.30-നാണ് നാടകങ്ങൾ പ്രക്ഷേപണം ചെയ്യുന്നത്. ഇതിന്റെ പുനഃപ്രക്ഷേപണം അടുത്ത ദിവസം ഉച്ചയ്ക്ക് 1 മണിക്ക് ഉണ്ടായിരിക്കും. കേരളത്തിലെ എല്ലാ ആകാശവാണി നിലയങ്ങളിലൂടെയും 'NewsOnAir' ആപ്പിലൂടെയും നാടകങ്ങൾ ആസ്വദിക്കാവുന്നതാണ്.
---------------
Hindusthan Samachar / Sreejith S