ബംഗാളില് ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി; സത്യപ്രതിജ്ഞാ ചടങ്ങില് പങ്കെടുത്ത് പ്രധാനമന്ത്രി
Kolkkatha, 09 മെയ് (H.S.) കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു. സുവേന്ദു അധികാരിയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ ശന
bengal cm


Kolkkatha, 09 മെയ് (H.S.)

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു. സുവേന്ദു അധികാരിയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി സത്യവാചകം ചൊല്ലിക്കൊടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു എന്നിവര്‍ പങ്കെടുത്തു. ഇവരെക്കൂടാതെ നിരവധി കേന്ദ്രമന്ത്രിമാരും ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിന് സാക്ഷ്യംവഹിച്ചു.

എതിര്‍പാളയത്തില്‍നിന്ന് രാഷ്ട്രീയത്തിലെ അടവും തടവും പഠിച്ചാണ് സുവേന്ദു (56) ബംഗാളിലെ ആദ്യ ബി.ജെ.പി. മുഖ്യമന്ത്രിയാകുന്നത്. ആദ്യം കോണ്‍ഗ്രസിന്റെയും പിന്നീട് തൃണമൂലിന്റെയും ശേഷം ബി.ജെ.പി.യുടെയും നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ശിശിര്‍ അധികാരിയുടെയും ഗായത്രി അധികാരിയുടെയും മകനായി 1970-ല്‍ ജനിച്ച സുവേന്ദു അച്ഛന്റെ അതേ വഴിയിലൂടെയാണ് രാഷ്ട്രീയത്തിലും വളര്‍ന്നത്.

1990-കളുടെ മധ്യത്തില്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ ശ്രദ്ധനേടിയ സുവേന്ദു, 1995-ല്‍ കാന്തി നഗരസഭാംഗമായി. കോണ്‍ഗ്രസുമായി തെറ്റി 2000-ത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂലിലൂടെ കാന്തി നഗരസഭാ ചെയര്‍മാനും ബംഗാള്‍ നിയമസഭാംഗവുമായി. നന്ദിഗ്രാമില്‍ വ്യവ്യസായസംരംഭത്തിനുവേണ്ടി ഭൂമിയേറ്റെടുക്കാനുള്ള ഇടതുസര്‍ക്കാരിന്റെ തീരുമാനത്തിനെതിരായ സമരത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന അദ്ദേഹം അക്കാലത്ത് മമതയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു. 2009-16 കാലത്ത് പാര്‍ലമെന്റംഗവുമായിരുന്നു.

2016-ല്‍ സംസ്ഥാനഭരണത്തില്‍ തിരിച്ചെത്തി മമതാ സര്‍ക്കാരില്‍ മന്ത്രിയായി. ഇതിനിടെ, 2020-ല്‍ മമതയുമായി തെറ്റി ബി.ജെ.പി.യില്‍ ചേര്‍ന്നു. മുഖ്യമന്ത്രി മമതയെ 2021-ല്‍ നന്ദിഗ്രാമിലും ഇക്കുറി ഭവാനിപ്പുരിലും തോല്‍പ്പിച്ച് തന്റെ ജനപിന്തുണയും ശക്തിയും വെളിപ്പെടുത്തി. 2014-ലെ ഉപതിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ ജയിച്ച സമിക് ഭട്ടാചാര്യയാണ് ബംഗാളില്‍ ബി.ജെ.പി.യുടെ ജയത്തിന് തുടക്കമിട്ടത്. 2016-ല്‍ അത് മൂന്നായി. 2021-ല്‍ 77 ആയി ഉയര്‍ന്നു.

2026-ലെ തിരഞ്ഞെടുപ്പ് നയിച്ച സുവേന്ദു തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയെ അവരുടെ കോട്ടയായ ഭവാനിപുരില്‍ പരാജയപ്പെടുത്തിയാണ് അധികാരത്തിലേക്കെത്തിയത്. നിയമസഭയിലെ 294 സീറ്റുകളില്‍ 207 എണ്ണവും പിടിച്ചെടുത്താണ് ബിജെപി ഭരണം നേടിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിക്ക് പിന്നാലെ വോട്ടെടുപ്പില്‍ അട്ടിമറി ആരോപിച്ച് മമത ബാനര്‍ജി രാജിവെക്കാന്‍ വിസമ്മതിച്ചെങ്കിലും ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടതോടെയാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് വഴിയൊരുങ്ങിയത്.

---------------

Hindusthan Samachar / Sreejith S


Latest News