Enter your Email Address to subscribe to our newsletters

Thiruvanathapuram, 09 മെയ് (H.S.)
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി നടത്തുന്ന പരസ്യ പ്രതിഷേധങ്ങളെയും പ്രകടനങ്ങളെയും അവസാനിപ്പിക്കണമെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. ഇത്തരം പ്രകടനങ്ങള്‍ യഥാര്‍ഥ പൊതുജനവികാരമല്ലെന്നും വൈകാരികത പ്രകടിപ്പിക്കുന്ന പ്രവര്‍ത്തകര്‍ പക്വത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ബാഹ്യസമ്മര്‍ദങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് പറഞ്ഞ അദ്ദേഹം, പ്രകടനങ്ങള്‍ക്കിടയിലേക്ക് മറ്റുള്ളവര്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിയുടെ തലയിലാകുമെന്നും മുന്നറിയിപ്പ് നല്‍കി.
പാര്‍ട്ടിയോടും നേതാക്കളോടുമുള്ള സ്‌നേഹം വൈകാരികമായി പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ല, എങ്കിലും അതില്‍ മിതത്വം വേണം. തന്റെ മണ്ഡലത്തിലുള്ള പ്രവര്‍ത്തകരോട് പരസ്യമായ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നില്‍ക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടിയെയും എ.കെ. ആന്റണിയെയും പോലുള്ള മുതിര്‍ന്ന നേതാക്കളെ മുഖ്യമന്ത്രിമാരായി തെരഞ്ഞെടുത്ത പാര്‍ട്ടിയുടെ പാരമ്പര്യത്തിലും നടപടിക്രമങ്ങളിലും പ്രവര്‍ത്തകര്‍ വിശ്വാസമര്‍പ്പിക്കുകയാണ് വേണ്ടത്.
സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങള്‍ പൊതുജനവികാരമായി കാണാന്‍ കഴിയില്ലെന്നും ഇത്തരം സാഹചര്യങ്ങള്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും മുന്നണിയും ഉടന്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S