Enter your Email Address to subscribe to our newsletters

New delhi, 09 മെയ് (H.S.)
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി (സി.ഡി.എസ്) ലഫ്റ്റനന്റ് ജനറല്‍ എന്‍.എസ്. രാജ സുബ്രഹ്‌മണിയെയും പുതിയ നാവികസേനാ മേധാവിയായി വൈസ് അഡ്മിറല് കൃഷ്ണ സ്വാമിനാഥനെയും കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു.
നിലവിലെ സി.ഡി.എസ് ജനറല്‍ അനില്‍ ചൗഹാന്‍ മെയ് 30-ന് ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്ന ഒഴിവിലേക്കാണ് രാജ സുബ്രഹ്‌മണി നിയമിതനാകുന്നത്. നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് കുമാര്‍ ത്രിപാഠി മെയ് 31-ന് വിരമിക്കുന്നതിനെ തുടര്‍ന്നാണ് കൃഷ്ണ സ്വാമിനാഥന്‍ നാവികസേനയുടെ തലപ്പത്തേക്ക് എത്തുന്നത്. ഇരുവരും മേയ് അവസാനത്തോടെ ചുമതലയേല്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലഫ്റ്റനന്റ് ജനറല്‍ എന്‍.എസ്. രാജ സുബ്രഹ്‌മണി സി.ഡി.എസ് പദവിക്ക് പുറമെ സൈനികകാര്യ വകുപ്പിന്റെ (Department of Military Affairs) സെക്രട്ടറിയായും സേവനമനുഷ്ഠിക്കും. 1985-ല്‍ ഗര്‍വാള്‍ റൈഫിള്‍സിലൂടെ സൈനിക സേവനം ആരംഭിച്ച അദ്ദേഹത്തിന് 37 വര്‍ഷത്തിലധികം നീണ്ട പ്രവര്‍ത്തന പരിചയമുണ്ട്.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പഠനത്തിന് ശേഷം കരസേനയില്‍ കമ്മീഷന്‍ ചെയ്യപ്പെട്ട അദ്ദേഹം കരസേനാ ഉപമേധാവിയായും നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ മിലിട്ടറി അഡൈ്വസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സേവനമികവിനായി പരമവിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍ ഉള്‍പ്പെടെയുള്ള ബഹുമതികള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
പുതിയ നാവികസേനാ മേധാവിയായി നിയമിതനായ വൈസ് അഡ്മിറല് കൃഷ്ണ സ്വാമിനാഥന്‍ നിലവില്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഫ്‌ലാഗ് ഓഫീസര്‍ കമാന്‍ഡിങ്-ഇന്‍-ചീഫ് ആയി പ്രവര്‍ത്തിക്കുകയാണ്. 1987-ല്‍ ഇന്ത്യന്‍ നാവികസേനയില്‍ കമ്മീഷന്‍ ചെയ്ത അദ്ദേഹം ഐ.എന്‍.എസ് വിക്രമാദിത്യ ഉള്‍പ്പെടെയുള്ള പ്രമുഖ യുദ്ധക്കപ്പലുകളുടെ കമാന്‍ഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഏകദേശം നാല് പതിറ്റാണ്ടോളം നീണ്ട ഔദ്യോഗിക ജീവിതത്തില്‍ നാവികസേനയുടെ വിവിധ തന്ത്രപ്രധാന പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. അതിവിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S