Enter your Email Address to subscribe to our newsletters

Kochi, 09 മെയ് (H.S.)
കൊച്ചി : വ്യാജരേഖകള്‍ ചമച്ച് അവയവക്കച്ചവടം നടത്തിയ സംഭവത്തില്‍ വിശദ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കാന്‍ എറണാകുളം റൂറല്‍ പൊലീസ്. അവയവ കച്ചവടത്തിന്റെ സൂത്രധാരനും കേസിലെ മുഖ്യപ്രതിയുമായ കാസര്‍കോട് സ്വദേശി മുഹമ്മദ് നജീബ് കല്ലട്ര നിലവില്‍ ഒളിവിലാണ്. കേരളത്തില്‍ നിന്ന് ഇയാള്‍ ഡല്‍ഹിയിലേക്ക് കടന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവിടെ നിന്ന് വിദേശത്തേക്ക് പോയോ എന്ന കാര്യവും അന്വേഷണത്തിലുണ്ട്. നിലവില്‍ പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നജീബിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചു. കേസിന് അന്തര്‍സംസ്ഥാന, രാജ്യാന്തര ബന്ധങ്ങളുണ്ടെന്നും പൊലീസ് സംശയിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നജീബിന്റെ ഭാര്യ റഷീദയെ ഇന്നലെ രാത്രി കരിമുകള്‍ പോത്തനാംപറമ്പിലെ ഫ്‌ലാറ്റില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കുറച്ചു കാലമായി അവയവ കച്ചവടവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുന്നുണ്ട് എന്നാണ് വിവരം. എറണാകുളം റൂറല്‍ മേഖല കേന്ദ്രീകരിച്ചാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടക്കുന്നതെന്നും പൊലീസിനു വിവരമുണ്ടായിരുന്നു. ഈ അന്വേഷണം ഒടുവില്‍ നജീബിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ 3 വര്‍ഷത്തോളമായി നജീബും സംഘവും പള്ളിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ ഉടമസ്ഥതയിലുള്ള കല്ലട്ര മെഡിക്കല്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ റജിസ്‌ട്രേഡ് ഓഫിസായി കാണിച്ചിരിക്കുന്നത് ആലുവ എടത്തലയില്‍ ആണെങ്കിലും അതൊരു ചെറിയ മുറി മാത്രമാണ്. മാത്രമല്ല, കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഇത് തുറന്നിട്ടുമില്ല. അവയവദാനം അടക്കം ആശുപത്രികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന ഇടനിലക്കാരുടെ റോളാണ് തങ്ങള്‍ എന്ന് ഇവരുടെ വെബ്‌സൈറ്റിലും പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ അവയവദാനത്തിനായി ചമച്ച വ്യാജരേഖകള്‍ പിടിച്ചെടുത്തിരുന്നു. ഡിടിപി, കംപ്യൂട്ടര്‍ സെന്റര്‍ നടത്തിയിരുന്ന 3 പേരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ വ്യാജരേഖാ ചമയ്ക്കലുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്നും ഈ രേഖകള്‍ ഉപയോഗിച്ച് നിയമവിരുദ്ധമായി എത്രത്തോളം അവയവമാറ്റ ശസ്ത്രക്രിയകള്‍ നടന്നുവെന്ന് കണ്ടെത്താന്‍ മെഡിക്കല്‍ തലത്തിലുള്ള പ്രത്യേക അന്വേഷണം ആവശ്യമാണെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്. കുന്നത്തുനാട്, തടിയമ്പാട്, അമ്പലമേട് പൊലീസ് സംയുക്തമായി നടത്തിയ അന്വേഷണമാണ് മെഡിക്കല്‍ ടൂറിസത്തിന്റെ മറവില്‍ നടന്ന വന്‍കിട അവയവക്കടത്ത് ശൃംഖലയെ പുറത്തുകൊണ്ടുവന്നത്. അയവയദാതാക്കള്‍ സ്വീകര്‍ത്താക്കളുടെ അടുത്ത ബന്ധുക്കളാണെന്ന് കാണിക്കാന്‍ വ്യാജ ആധാര്‍ കാര്‍ഡുകള്‍, തിരിച്ചറിയല്‍ രേഖകള്‍, ശുപാര്‍ശ കത്തുകള്‍, വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഇവര്‍ നിര്‍മിച്ചതായാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിനായി എംപിമാര്‍, എംഎല്‍എമാര്‍, ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, െപാലീസുകാര്‍ തുടങ്ങിയവരുടെയെല്ലാം ലെറ്റര്‍ഹെഡുകളും സീലുകളും ഒപ്പുമെല്ലാം വ്യാജമായി നിര്‍മിച്ചു. അവയവദാനം സ്വമേധയാ ഉള്ളതാണെന്നും പണമിടപാടുകള്‍ നടന്നിട്ടില്ലെന്നും സാക്ഷ്യപ്പെടുത്തി എസ്പി, ഡിവൈഎസ്പി റാങ്കിലുള്ളവര്‍ നല്‍കുന്ന, അവയവദാനത്തിന് നിര്‍ബന്ധമായ 'അള്‍ട്രൂയിസം സര്‍ട്ടിഫിക്കറ്റു'കളും ഇവര്‍ വ്യാജമായി ഉണ്ടാക്കിയിരുന്നു. ഈ വ്യാജരേഖ ചമയ്ക്കലിനാണ് പള്ളിക്കരയിലെ സണ്‍ കമ്യൂണിക്കേഷന്‍സ് ഉടമകളായ സണ്ണി വര്‍ഗീസ്, ഭാര്യ സിനി വര്‍ഗീസ്, സൈന്‍ എച്ച്ഡി ഡിജിറ്റല്‍ സ്റ്റുഡിയോ ജീവനക്കാരന്‍ സനോജ് കെ.പി എന്നിവരെ അറസ്റ്റ് െചയ്തത്. ആസിഫ് എന്നൊരാളും പ്രതിപ്പട്ടികയിലുണ്ട്. െകാല്ലത്തും രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S