എംപി സഞ്ജീവ് അറോറയുടെ സ്ഥാപനങ്ങളില് ഇഡി പരിശോധന; 100 കോടിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി
New delhi, 09 മെയ് (H.S.) കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി പഞ്ചാബിലെ മുതിര്‍ന്ന എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജീവ് അറോറയുടെ വസതിയില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. ഛണ്ഡിഗഡിലെ സെക്ട
sanjay arrora


New delhi, 09 മെയ് (H.S.)

കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി പഞ്ചാബിലെ മുതിര്‍ന്ന എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജീവ് അറോറയുടെ വസതിയില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. ഛണ്ഡിഗഡിലെ സെക്ടര്‍ രണ്ടിലുള്ള വീട്ടിലാണ് ഇഡി പരിശോധന നടത്തുന്നത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ പൂര്‍ണ സുരക്ഷയിലാണ് പരിശോധന. ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് സഞ്ജീവ് അറോറയുടെ സ്ഥാപനങ്ങളിലും വസതിയിലും ഇഡി റെയ്ഡ് നടക്കുന്നത്.

ഇന്ന് രാവിലെ പതിനഞ്ചോളം വാഹനങ്ങളിലായാണ് ഇഡി ഉദ്യോഗസ്ഥര്‍ സഞ്ജീവ് അറോറയുടെ വസതിയില്‍ എത്തിയത്. വീടിന്റെ നിയന്ത്രണം പൂര്‍ണ്ണമായും സിആര്‍പിഎഫ് ഏറ്റെടുത്തു. ആരെയും വീടിനുള്ളിലേക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ അനുവദിക്കുന്നില്ല. ഛണ്ഡിഗഡ്, ഗുരുഗ്രാം, ഡല്‍ഹി എന്നിവിടങ്ങളിലായി അഞ്ച് ഇടങ്ങളിലാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്. ഡല്‍ഹി എന്‍സിആറിലുള്ള സഞ്ജീവ് അറോറയുടെ ഔദ്യോഗിക വസതിയിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഹാംപ്ടണ്‍ സ്‌കൈ റിയല്‍റ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിലും പരിശോധന നടക്കുന്നുണ്ട്.

സഞ്ജീവ് അറോറ തന്റെ കമ്പനി വഴി നൂറു കോടിയിലധികം രൂപയുടെ മൊബൈല്‍ ഫോണുകള്‍ വ്യാജ ജിഎസ്ടി ബില്ലുകള്‍ വഴി വാങ്ങി എന്നാണ് പ്രധാന ആരോപണം. ഡല്‍ഹിയിലില്ലാത്ത വ്യാജ കമ്പനികളുടെ പേരില്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റും എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റും ഉണ്ടാക്കി. ഡ്യൂട്ടി ഡ്രോബാക്കില്‍ ജിഎസ്ടി റീഫണ്ട് നേടുന്നതിനായി നിരവധി വ്യാജ ജിഎസ്ടി പര്‍ച്ചേസ് ബില്ലുകള്‍ ഉണ്ടാക്കിയതിലൂടെ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം വരുത്തിവച്ചു. ഈ പണം ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് കള്ളപ്പണമായി എത്തിച്ചു എന്നതാണ് കേസ്. ഇതിലൂടെ അദ്ദേഹം വ്യക്തിപരമായി വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നും ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

സഞ്ജീവ് അറോറയുടെ വീട്ടില്‍ നടക്കുന്ന റെയ്ഡിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ രംഗത്തെത്തി. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ബിജെപിയുടെ നിയന്ത്രണത്തിലുള്ള ഇഡി അറോറയുടെ വീട്ടില്‍ പരിശോധന നടത്തുന്നത്. ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ്. എന്നിട്ടും അവര്‍ക്ക് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

പഞ്ചാബ് ഗുരുക്കന്മാരുടെ മണ്ണാണെന്നും ഔറംഗസേബിന് പോലും ഇവിടത്തെ ജനങ്ങളെ അടിയറവ് പറയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഭഗവന്ത് മാന്‍ പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ തലകുനിക്കാത്ത ഭഗത് സിങ്ങിന്റെ നാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങില്ല. ഇഡിയും ബിജെപിയും തമ്മിലുള്ള ഈ അവിശുദ്ധ കൂട്ടുകെട്ട് പഞ്ചാബ് അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സമാനമായ പ്രതികരണവുമായി പഞ്ചാബ് കാബിനറ്റ് മന്ത്രി അമന്‍ അറോറയും രംഗത്തെത്തി. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ് ഇഡി റെയ്ഡിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

---------------

Hindusthan Samachar / Sreejith S


Latest News