Enter your Email Address to subscribe to our newsletters

Thiruvananthapuram, 01 ജൂണ്‍ (H.S.)
തലമുറകളെ തന്നെ ഇല്ലാതാക്കുന്ന ലഹരി മാഫിയയുടെ വേരറുക്കാനായി കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ട ‘ഓപ്പറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ട്’ൻ്റെ സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര മന്തി രമേശ് ചെന്നിത്തല അദ്ധ്യക്ഷനായ ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ( ജൂൺ രണ്ട്) വൈകിട്ട് മൂന്നിന് തിരുവനന്തപുരത്ത് കോട്ടൺ ഹിൽ സ്കൂളിൽ നിർവ്വഹിക്കും.
ആഭ്യന്തരമന്ത്രിയായി ചുമതല ഏറ്റെടുത്ത ആദ്യ മണിക്കൂറുകളിൽ തന്നെ മന്ത്രി രമേശ് ചെന്നിത്തല പോലീസ് ആസ്ഥാനത്തുവച്ച് ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ചിരുന്നു.ഓപ്പറേഷൻ തൂഫാനിലൂടെ ലഹരിമാഫിയകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ വലിയൊരു ജനകീയ പ്രതിരോധം തീര്‍ക്കുക എന്നിവയാണ് കേരള പോലീസ് ലക്ഷ്യമിടുന്നത്. ഇതിനായി സർക്കാരിൻ്റെ വിവിധ വകുപ്പുകളുടെ ഏകോപനം ആഭ്യന്തരവകുപ്പ് നിർവഹിക്കും.
സിന്തറ്റിക് ഡ്രഗ്‌സിന്റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാൻ ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ലഹരി മാഫിയകൾക്ക് നിയമത്തിന്റെ കർക്കശമായ മുന്നറിയിപ്പ് നൽകുന്നതിനോടൊപ്പം, സാധാരണക്കാർക്ക് പൂർണ്ണ സുരക്ഷിതത്വബോധം ഉറപ്പാക്കാനും ഈ ദൗത്യം ലക്ഷ്യമിടുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാൻ ആധുനിക അന്വേഷണ രീതികളും ദക്ഷിണേന്ത്യയിലെ വിവിധ ആഭ്യന്തര വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കും. ലഹരി മരുന്ന് വ്യാപനം വേരോടെ അറുക്കാനും, അവയുടെ ഉപയോഗത്തെക്കുറിച്ച് അതിവേഗം വിവരം ലഭ്യമാക്കാനും വേണ്ടി ഒരു ഡിജിറ്റൽ എനേബിൾഡ് സിസ്റ്റം സ്ഥാപിക്കും.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതമായി കൈമാറാൻ ആപ്പുകളും വാട്സാപ്പ് ചാറ്റ്‌ബോട്ടുകളും അടങ്ങുന്ന വിപുലമായ ഡിജിറ്റൽ സർവൈലൻസ് സംവിധാനം സജ്ജമാക്കും. ക്യാമ്പസുകളിലെയും റസിഡൻഷ്യൽ മേഖലകളിലേയും മലിനജല പരിശോധന വഴി ഹോട്ട്‌സ്പോട്ടുകൾ കണ്ടെത്തി ഡ്രോണുകളുടെ സഹായത്തോടെ സ്മാർട്ട് പട്രോളിംഗ് നടത്താനും പദ്ധതിയുണ്ട്. കൂടാതെ, സ്കൂൾ തലത്തിൽ പ്രത്യേക കരിക്കുലം നടപ്പിലാക്കിയും, ലഹരി മാഫിയയിൽ നിന്ന് സ്വത്തുക്കൾ കണ്ടുകെട്ടിയും ലഹരിക്കെതിരായ പോരാട്ടത്തെ ഒരു ജനകീയ മുന്നേറ്റമാക്കി മാറ്റാനാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്.
കുട്ടികളെ ലഹരിക്ക് ഇരയാക്കുന്ന സംഘങ്ങളെ വേരോടെ പിഴുതെറിയാൻ ആവശ്യമായ നടപടികൾ കേരള പോലീസ് ഓപ്പറേഷൻ തൂഫാനിലൂടെ സ്വീകരിക്കും. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, വിൽക്കുന്നവർ, ഉറവിടങ്ങൾ, പ്രചാരകർ എല്ലാം കർശന നിരീക്ഷണത്തിലാക്കും. അന്തർസംസ്ഥാന ലഹരി മാഫിയക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായി ഏകോപിതമായി പ്രവർത്തിക്കും. കെമിക്കൽ, സിന്തറ്റിക് നാർക്കോട്ടിക്‌സ്, ഹൈബ്രിഡ് ഗഞ്ച എന്നിവയുടെ ഒഴുക്ക് തടയാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. സ്കൂൾ പരിസരങ്ങളിലെ പുകയില വിൽപനയ്ക്കും ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ഡി.ജെ. പാർട്ടികൾ, കായലുകളിലെയും കടലിലെയും പാർട്ടികളിലെയും ലഹരി ഉപയോഗത്തിനും വിൽപനയ്ക്കുമെതിരെ കർശന നടപടി സ്വീകരിക്കും.
ചടങ്ങിൽ ആരോഗ്യമന്ത്രി കെ. മുരളീധരന്‍, വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്‍, എക്‌സൈസ് മന്ത്രി എം. ലിജു, ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ, ശശി തരൂർ എം.പി , സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
---------------
Hindusthan Samachar / Sreejith S