Enter your Email Address to subscribe to our newsletters

Kolkota, 01 ജൂണ് (H.S.)
കൊൽക്കത്ത: കലാലയങ്ങളെയും സർവ്വകലാശാലകളെയും രാഷ്ട്രീയ അതിപ്രസരത്തിൽ നിന്നും പൂർണ്ണമായി മുക്തമാക്കണമെന്ന് ആഹ്വാനം ചെയ്ത് ഗവർണർ രാജേന്ദ്ര അർലേക്കർ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം കലർത്തുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെയും രാജ്യത്തിന്റെ ഭാവി തലമുറയെയും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ക്യാംപസുകളിൽ രാഷ്ട്രീയം പാടില്ലെന്നും, വിദ്യാർത്ഥികളുടെയും സ്ഥാപനങ്ങളുടെയും ഭാവി തകരാതിരിക്കാൻ രാഷ്ട്രീയം ക്യാംപസിന് പുറത്തുനിർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവൽക്കരിക്കുന്നത് നമ്മുടെ മൊത്തത്തിലുള്ള വ്യവസ്ഥിതിയെ തന്നെ തകർത്തു കളയും. ക്യാംപസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ ആശയസംഹിതകളും (Ideology) രാഷ്ട്രീയ താല്പര്യങ്ങളും ഉണ്ടാകാം. അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. എന്നാൽ അത്തരം രാഷ്ട്രീയ നിലപാടുകളും കൂട്ടായ്മകളും കലാലയങ്ങളുടെ മതിൽക്കെട്ടുകൾക്ക് പുറത്തുനിർത്താൻ അവർ തയ്യാറാകണം. സർവ്വകലാശാലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അതിരുകൾക്ക് പുറത്ത് മാത്രമേ രാഷ്ട്രീയ പ്രവർത്തനങ്ങൾ പാടുള്ളൂവെന്ന് ഗവർണർ കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നത് അറിവ് പകർന്നുനൽകുന്ന ഏറ്റവും വിശുദ്ധവും പവിത്രവുമായ ഇടങ്ങളാണ്. അങ്ങനെയുള്ള പുണ്യസ്ഥലങ്ങളിൽ അതിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. ക്യാംപസുകളിൽ പഠനാന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായാൽ കുട്ടികൾക്ക് നല്ലൊരു ഭാവി കെട്ടിപ്പടുക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ കലാലയ രാഷ്ട്രീയത്തോട് വിടപറഞ്ഞ്, പഠനത്തിനും അറിവ് സമ്പാദനത്തിനും പ്രാധാന്യം നൽകുന്ന ഒരു സംസ്കാരം ക്യാംപസുകളിൽ വളർത്തിയെടുക്കാൻ വിദ്യാർത്ഥികളും അധികൃതരും ഒരുപോലെ ശ്രദ്ധിക്കണമെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ ഓർമ്മിപ്പിച്ചു.
---------------
Hindusthan Samachar / Roshith K