Enter your Email Address to subscribe to our newsletters

Kerala, 01 ജൂണ് (H.S.)
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അഷ്കറിന്റെ ക്രൂരതകൾക്ക് ഇരയായ ആദ്യ ഭാര്യ ആമിനയെ മന്ത്രി ബിന്ദു കൃഷ്ണ സന്ദർശിച്ചു . തിരുവനന്തപുരം മെഡിക്കൽ കോളേജിലെ റീഹാബിലിറ്റേഷൻ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന ആമിനയെ നേരിൽ കണ്ട് സംസാരിച്ച മന്ത്രി, അവർക്ക് എല്ലാവിധ പിന്തുണയും ഉറപ്പുനൽകി. ആമിനയുടെ കുടുംബം ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും, നിരവധി തവണ പരാതി നൽകിയിട്ടും നടപടിയെടുക്കാതിരുന്ന നെടുമങ്ങാട് പൊലീസിനെതിരെ ആഭ്യന്തര മന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്നും മന്ത്രി വ്യക്തമാക്കി .
നെടുമങ്ങാട് ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അഷ്കർ അറസ്റ്റിലായതിന് പിന്നാലെയാണ് ആദ്യ ഭാര്യയായ ആമിനയ്ക്ക് നേരിടേണ്ടി വന്ന ക്രൂരമായ പീഡനങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത് .
തല ഭിത്തിയിലിടിപ്പിച്ചു; ചികിത്സയ്ക്ക് ചെലവായത് ലക്ഷങ്ങൾ
അഷ്കറിന്റെ രണ്ടാമത്തെ ഭാര്യയായ അഖിലയുടെ ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി അഷ്കർ പിടിയിലാകുന്നത് . പ്രതിയുടെ അറസ്റ്റിന് പിന്നാലെയാണ് ആദ്യ ഭാര്യയായ ആമിനയ്ക്കും കുടുംബത്തിനും നേരിടേണ്ടി വന്ന ക്രൂരമായ പീഡനങ്ങളുടെ വിവരങ്ങൾ പുറത്തുവരുന്നത്. സ്വത്തുക്കൾ തട്ടിയെടുക്കുന്നതിനായി അഷ്കറും അയാളുടെ ഉമ്മയും സഹോദരിയും ചേർന്ന് ആമിനയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു .
അഷ്കർ ആമിനയുടെ തല ഭിത്തിയിൽ ശക്തമായി ഇടിപ്പിച്ചതിനെ തുടർന്നാണ് അവർക്ക് ഗുരുതരമായ ശാരീരിക-ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതെന്ന് കുടുംബം മന്ത്രിയെ അറിയിച്ചു . നിലവിൽ ഗുരുതരാവസ്ഥയിലുള്ള ആമിനയുടെ ചികിത്സയ്ക്കായി ഇതുവരെ 15 ലക്ഷത്തിലധികം രൂപയാണ് കുടുംബത്തിന് ചെലവായത് . ചികിത്സാ ചെലവുകളുടെ കാര്യത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി
ആമിനയുടെ സഹോദരന്റെ മരണത്തിലും ദുരൂഹത
ആമിനയ്ക്ക് ഇരുപത് വയസ്സ് മാത്രമാണ് പ്രായം . ആമിനയുടെ മരണപ്പെട്ട അനിയന്റെ (സഹോദരൻ) മരണത്തിലും കുടുംബം ഇപ്പോൾ കടുത്ത സംശയം പ്രകടിപ്പിക്കുന്നുണ്ട് . മുൻപ് ഈ കുട്ടിയെ സ്കൂളിൽ ചെന്ന് അഷ്കർ ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം വെളിപ്പെടുത്തി . ആമിനയുടെ സഹോദരൻ മുങ്ങിമരിച്ച സംഭവത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഈ വിഷയങ്ങളെല്ലാം ഉൾപ്പെടുത്തി കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു .
പൊലീസിനെതിരെ കടുത്ത നടപടിക്ക് ശുപാർശ
അഷ്കർ ആമിനയെ നിരന്തരം ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പലതവണ പരാതി നൽകിയിട്ടും പൊലീസ് യാതൊരുവിധ നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് കുടുംബം മന്ത്രിയോട് പരാതിപ്പെട്ടു ഈ വീഴ്ച അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര മന്ത്രിക്ക് അടിയന്തരമായി റിപ്പോർട്ട് നൽകുമെന്നും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി .
കുഞ്ഞിന്റെ കൊലപാതകത്തോടെ പുറത്തുവന്ന അഷ്കറിന്റെ ക്രൂരതകൾ ജനങ്ങൾക്കിടയിൽ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും ഇരയായ ആമിനയ്ക്ക് നീതി ലഭ്യമാക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
---------------
Hindusthan Samachar / Roshith K