Enter your Email Address to subscribe to our newsletters

Kochi, 01 ജൂണ്‍ (H.S.)
കൊച്ചി : സിഎംആര്‍എല്‍-എക്സാ ലോജിക് മാസപ്പടിക്കേസില്‍ ഇ ഡി അന്വേഷണത്തിന് അടിയന്തര സ്റ്റേ ഇല്ല. തല്‍സ്ഥിതി തുടരണമെന്നും അപ്പീലില്‍ വെള്ളിയാഴ്ച വിധിവരുന്നത് വരെ തുടര്‍നടപടികള്‍ പാടില്ലെന്നുമാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് വാദം കേള്‍ക്കണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. നിരപരാധിത്വം തെളിയിക്കാന്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു.കേസ് അന്വേഷിക്കാന്‍ ഇ ഡിക്ക് അധികാരമില്ലെന്ന വാദം സിഎംആര്‍എല്‍ ആവര്‍ത്തിച്ചു.വാദം ഇന്ന് തന്നെ പൂര്‍ത്തിയാക്കാമെന്ന് കോടതി നിലപാടെടുത്തു.
ഇ ഡിയുടെ അധികാര പരിധിയുമായി ബന്ധപ്പെട്ട ചില വാദമുഖങ്ങളാണ് സിഎംആര്‍എല്‍ ഉന്നയിച്ചത്. തെളിവുകളില്ലാതെ ഇ ഡി മുന്നോട്ടുപോകുന്നുവെന്നായിരുന്നു മുമ്പ് സിഎംആര്‍എല്‍ വാദിച്ചിരുന്നത്. വീണാ ടിയ്ക്ക് എതിരെ ഉള്‍പ്പെടെ ശക്തമായ തെളിവുണ്ടെന്നാണ് ഇപ്പോള്‍ ഇ ഡി കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സിഎംആര്‍എലും എക്‌സാലോജികും തമ്മിലുള്ള സാമ്പത്തിക ഇടപാടില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ഉള്‍പ്പെടെയാണ് ഇ ഡി കോടതിയില്‍ അറിയിച്ചിരിക്കുന്നത്.
ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട് ഉള്‍പ്പെടെയുള്ള 12 ഇടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയത്. എന്നാല്‍ നീതി നിഷേധം നടന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സിഎംആര്‍എല്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
---------------
Hindusthan Samachar / Sreejith S