'ഞങ്ങൾക്ക് സിബിഐ പേടിയില്ല, പ്രതികരണം വളച്ചൊടിച്ചു'; വ്യാഖ്യാനപടുക്കൾക്ക് നല്ല നമസ്കാരമെന്ന് കെ.കെ. രാഗേഷ്
Kannur, 01 ജൂണ് (H.S.) കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് വിടുന്നതുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രതികരണം ചിലർ ബോധപൂർവ്വം വളച്ചൊടിച്ചുവെന്ന വിമർശനവുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഫേസ്ബുക്
'ഞങ്ങൾക്ക് സിബിഐ പേടിയില്ല, പ്രതികരണം വളച്ചൊടിച്ചു'; വ്യാഖ്യാനപടുക്കൾക്ക് നല്ല നമസ്കാരമെന്ന് കെ.കെ. രാഗേഷ്


Kannur, 01 ജൂണ് (H.S.)

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് വിടുന്നതുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രതികരണം ചിലർ ബോധപൂർവ്വം വളച്ചൊടിച്ചുവെന്ന വിമർശനവുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ എതിരാളികൾക്കും മാധ്യമങ്ങൾക്കുമെതിരെ കടുത്ത ഭാഷയിൽ രംഗത്തെത്തിയത്. 'പറഞ്ഞകാര്യം വളച്ചൊടിച്ചും അതിനുമേൽ വ്യാഖ്യാനങ്ങൾ ചമച്ചും ചിലർ സായൂജ്യമടയുന്നുണ്ട്' എന്നും ‘വ്യാഖ്യാന പടുക്കൾക്ക് നല്ല നമസ്കാരം’ എന്നും കെ.കെ. രാഗേഷ് തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ പരിഹസിച്ചു.

കേസ് സി.ബി.ഐക്ക് കൈമാറാനുള്ള പുതിയ യു.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെ സി.പി.എമ്മിന് പരിഭ്രാന്തിയാണെന്ന തരത്തിൽ ഉയർന്ന പ്രചാരണങ്ങളെ അദ്ദേഹം ശക്തമായി തള്ളിപ്പറഞ്ഞു. ഞങ്ങൾക്ക് എന്തോ സി.ബി.ഐ പേടി ബാധിച്ചു എന്നാണ് ചിലരുടെ വ്യാഖ്യാനം. എന്നാൽ വ്യാഖ്യാനപടുക്കളോട് പറയാനുള്ളത് ഒറ്റക്കാര്യം മാത്രമാണ്, സി.പി.ഐ.എമ്മിന് ഇതിൽ ഒട്ടും ഭയക്കേണ്ടതായ ഒരു കാര്യവുമില്ലെന്ന് കെ.കെ. രാഗേഷ് വ്യക്തമാക്കി. നവീൻ ബാബുവിന്റെ മരണത്തിൽ നീതി നടപ്പാകണമെന്നാണ് പാർട്ടിയുടെയും നിലപാട്.

മാധ്യമങ്ങളെ കണ്ടപ്പോൾ താൻ വ്യക്തമാക്കിയത് സംസ്ഥാന സർക്കാർ എടുത്ത നയപരമായ തീരുമാനത്തെക്കുറിച്ചും അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചുമാണ്. നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും സി.ബി.ഐ അന്വേഷണമെന്ന ആവശ്യം വിശദമായി പരിശോധിച്ച് നിരസിച്ചതാണ്. ഹൈക്കോടതി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളുന്ന ഘട്ടത്തിൽ, കുടുംബത്തിന്റെ അഭ്യർത്ഥനയും അവരുടെ ആശങ്കകളും കൂടി പരിഗണിച്ചുകൊണ്ട് കൃത്യമായ അന്വേഷണം നടത്താൻ നിർദ്ദേശിച്ചിരുന്നു. കോടതികൾ തള്ളിയ ഒരു വിഷയം പുതിയ സർക്കാർ രാഷ്ട്രീയ ലക്ഷ്യത്തോടെ വീണ്ടും പൊടിതട്ടിയെടുക്കുകയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യുന്ന തന്റെ കാബിനറ്റിലെ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേക്കാൾ കൂടുതൽ മുഖ്യമന്ത്രിക്ക് വിശ്വാസം കേന്ദ്രത്തിലെ നരേന്ദ്ര മോദിയോടും അമിത് ഷായോടുമാണെന്ന് കെ.കെ. രാഗേഷ് കുറിപ്പിൽ പരിഹസിച്ചു. സ്വന്തം സംസ്ഥാനത്തെ അന്വേഷണ ഏജൻസികളേക്കാൾ കൂടുതൽ കേന്ദ്ര ഏജൻസികളായ ഇ.ഡിയിലും സി.ബി.ഐയിലും പ്രതിപക്ഷ നേതാക്കൾക്കും പുതിയ സർക്കാരിനും വല്ലാത്ത പ്രേമമുണ്ടാകുന്നത് എന്ത് കൊണ്ടാണെന്ന് കേരളീയ സമൂഹം ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എമ്മിനെ സി.ബി.ഐയെ കാട്ടി ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടതില്ലെന്നും, ഇത്തരം വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നവർ സ്വൽപം മാറിനിന്ന് കരയുന്നതാണ് നല്ലതെന്നും രാഗേഷ് തുറന്നടിച്ചു. കനത്ത രാഷ്ട്രീയ വിവാദമായി മാറിയ നവീൻ ബാബു കേസിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ കണ്ണൂരിൽ സി.പി.എമ്മും യു.ഡി.എഫും തമ്മിലുള്ള വാക്പോര് കൂടുതൽ ശക്തമാകുന്നതിന്റെ തെളിവാണ് ജില്ലാ സെക്രട്ടറിയുടെ പുതിയ പ്രതികരണം.

---------------

Hindusthan Samachar / Roshith K


Latest News