Enter your Email Address to subscribe to our newsletters

Kerala, 01 ജൂണ് (H.S.)
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനുള്ളിലെ (ടി.എം.സി) ആഭ്യന്തര തർക്കങ്ങളും അതൃപ്തിയും പരസ്യമാകുന്നു. പാർട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനർജി വിളിച്ചുചേർത്ത നിർണായക യോഗം ബഹിഷ്കരിച്ചതിന് പിന്നാലെ, പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കെതിരെ കടുത്ത വിമർശനവുമായി ടി.എം.സി എം.എൽ.എ സന്ദീപൻ സാഹ രംഗത്തെത്തി. എം.എൽ.എമാരുടെ വ്യാജ ഒപ്പിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഡയമണ്ട് ഹാർബറിൽ നിന്നുള്ള എം.പിയായ അഭിഷേക് ബാനർജി തന്റെ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് എന്റാലി മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ സന്ദീപൻ സാഹ ആരോപിച്ചത്.
കഴിഞ്ഞ ദിവസം മമത ബാനർജിയുടെ കാളിഘട്ടിലെ വസതിയിൽ വിളിച്ചുചേർത്ത പാർട്ടി നിയമസഭാ കക്ഷിയോഗം ഭൂരിഭാഗം എം.എൽ.എമാരും ബഹിഷ്കരിച്ചിരുന്നു. ആകെ 80 എം.എ.ൽഎമാരുള്ളതിൽ വെറും 20 പേർ മാത്രമാണ് യോഗത്തിനെത്തിയത്. ഇതേതുടർന്ന് ഔദ്യോഗിക യോഗം റദ്ദാക്കാൻ പാർട്ടി നേതൃത്വം നിർബന്ധിതരാവുകയായിരുന്നു. കൃത്യമായ പ്രോട്ടോക്കോളും നിയമങ്ങളും പാലിക്കാതെയാണ് യോഗം വിളിച്ചതെന്നും, അതുകൊണ്ടുതന്നെ അതിൽ പങ്കെടുക്കുന്നതിൽ അർത്ഥമില്ലെന്ന് തോന്നിയതിനാലാണ് താൻ വിട്ടുനിന്നതെന്നും സന്ദീപൻ സാഹ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് വ്യക്തമാക്കി.
നിയമസഭയിലെ പാർട്ടി നേതാവ്, ഉപനേതാവ്, ചീഫ് വിപ്പ് എന്നിവരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം നിയമസഭാ സെക്രട്ടേറിയറ്റിന് സമർപ്പിച്ച കത്തിലെ ഒപ്പുകളെച്ചൊല്ലിയാണ് ഇപ്പോൾ തൃണമൂലിൽ വൻ വിവാദം പുകയുന്നത്. ശോഭൻദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവാക്കാൻ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നൽകിയ കത്തിൽ 70 ഓളം എം.എൽ.എമാരുടെ ഒപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിൽ പലതും വ്യാജ ഒപ്പുകളാണെന്നാണ് ആരോപണം. യോഗത്തിൽ നേരിട്ട് പങ്കെടുക്കാത്തവരുടെ ഒപ്പുകൾ വരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയത് വലിയ വീഴ്ചയാണെന്നും, ലിസ്റ്റിൽ ജനറൽ സെക്രട്ടറി എന്ന നിലയിൽ ഒപ്പുവെച്ച അഭിഷേക് ബാനർജിക്ക് ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും സന്ദീപൻ സാഹ തുറന്നടിച്ചു.
വ്യാജ ഒപ്പ് വിവാദവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സി.ഐ.ഡി കഴിഞ്ഞ ദിവസം അഭിഷേക് ബാനർജിക്ക് നോട്ടീസ് അയച്ചിരുന്നു. ഭവാനി ഭവനിലെ സി.ഐ.ഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം നോട്ടീസിന് മറുപടി നൽകുമെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നുമാണ് അഭിഷേക് ബാനർജി ഇതിനോട് പ്രതികരിച്ചത്.
അതേസമയം, ഭൂരിഭാഗം എം.എ.ൽഎമാരും യോഗത്തിനെത്താതിരുന്നതിന് കാരണം സോനാർപൂരിൽ വെച്ച് അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ അതിക്രമമാണെന്നാണ് ഔദ്യോഗികമായി ടി.എം.സി നേതൃത്വം നൽകുന്ന വിശദീകരണം. എന്നാൽ പാർട്ടിക്കുള്ളിലെ ഭിന്നതയും വിമതസ്വരങ്ങളും എത്രത്തോളം ശക്തമാണെന്ന് അടിവരയിടുന്നതാണ് സന്ദീപൻ സാഹയുടെ പുതിയ പ്രസ്താവനകൾ. വരും ദിവസങ്ങളിൽ ബംഗാൾ രാഷ്ട്രീയത്തിൽ ഇത് വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്.
---------------
Hindusthan Samachar / Roshith K