Enter your Email Address to subscribe to our newsletters

Kolkkatha, 01 ജൂണ്‍ (H.S.)
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പിളരുമോയെന്ന ആശങ്കയില്‍ നേതൃത്വം. മമത ബാനര്‍ജി വിളിച്ച യോഗത്തില്‍ എംഎല്‍എമാര്‍ പങ്കെടുത്തില്ല. പുതുതായി തിരഞ്ഞെടുക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാംഗങ്ങളില്‍ ഭൂരിപക്ഷം പേരും എത്താതെ വന്നതോടെ കഴിഞ്ഞ ദിവസം മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന യോഗം റദ്ദാക്കി. 80 എംഎല്‍എമാരില്‍ 20 പേര്‍ മാത്രമാണ് മമതയുടെ വീട്ടില്‍ ഞായറാഴ്ച വൈകിട്ട് വിളിച്ചു ചേര്‍ത്ത യോഗത്തിന് എത്തിയത്. എംപിമാരായ അഭിഷേക് ബാനര്‍ജിയും കല്യാണ്‍ ബാനര്‍ജിയും ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിക്കാന്‍ മണ്ഡലങ്ങളില്‍ തുടരുന്നതിനാലാണ് മറ്റുള്ളവര്‍ എത്താത്തതെന്ന് പാര്‍ട്ടി വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. എന്നാല്‍ 60 പേര്‍ വിട്ടുനിന്നത് പാര്‍ട്ടിയില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
ബിജെപി ബംഗാളില്‍ ഭരണത്തിലെത്തിയതോടെ തൃണമൂല്‍ നേതാക്കള്‍ ആക്രമിക്കപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ അക്രമം അന്വേഷിക്കാനെത്തിയ ശ്രീറാംപുര്‍ എംപി കല്യാണ്‍ ബാനര്‍ജിക്ക് ആക്രമണത്തില്‍ തലയ്ക്കാണു പരുക്കേറ്റത്. ഹൂഗ്ലി ജില്ലയിലെ പൊലീസ് സ്റ്റേഷനു മുന്നില്‍ വച്ച് പതിഞ്ചോളം ബിജെപി പ്രവര്‍ത്തകര്‍ തന്നെ ആക്രമിച്ചതായി കല്യാണ്‍ പറഞ്ഞു. കഴിഞ്ഞദിവസം സോണാര്‍പുര്‍ മേഖലയില്‍ വച്ച് തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി എംപിയെയും ആള്‍ക്കൂട്ടം ആക്രമിച്ചിരുന്നു. തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമത്തെപ്പറ്റി പരാതി നല്‍കാന്‍ ചാന്ദിതാല പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് കല്യാണ്‍ ബാനര്‍ജിക്കെതിരെ കയ്യേറ്റമുണ്ടായത്.
---------------
Hindusthan Samachar / Sreejith S