‘അമ്മ ക്ഷീര കർഷകയായിരുന്നു; ഞാൻ പശുവിനെ കുളിപ്പിച്ചിട്ടുണ്ട്, പുല്ല് വെട്ടിയിട്ടുണ്ട്’; പാൽ വില വർധനവിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
Thiruvananthapuram, 01 ജൂണ് (H.S.) തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്ന നടപടിയെ താൻ ഒരു തരത്തിലും എതിർക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ലോക ക്ഷീര ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ
‘അമ്മ ക്ഷീര കർഷകയായിരുന്നു; ഞാൻ പശുവിനെ കുളിപ്പിച്ചിട്ടുണ്ട്, പുല്ല് വെട്ടിയിട്ടുണ്ട്’; പാൽ വില വർധനവിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ


Thiruvananthapuram, 01 ജൂണ് (H.S.)

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്ന നടപടിയെ താൻ ഒരു തരത്തിലും എതിർക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ലോക ക്ഷീര ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ്, തന്റെ കുടുംബ പശ്ചാത്തലവും ക്ഷീരമേഖലയോടുള്ള വ്യക്തിപരമായ ആഭിമുഖ്യവും മുഖ്യമന്ത്രി തുറന്നുപറഞ്ഞത്.

തന്റെ അമ്മ ഒരു ക്ഷീര കർഷകയായിരുന്നുവെന്നും അതുകൊണ്ടുതന്നെ പശുവിനെ കുളിപ്പിച്ചും പുല്ലുവെട്ടിയും തനിക്കും ഈ മേഖലയിൽ വലിയ പ്രായോഗിക പരിചയമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുൻപ് നിയമസഭയിൽ ക്ഷീര കർഷകരുടെ ശക്തനായ വക്താവായാണ് താൻ അറിയപ്പെട്ടിരുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾ വഴിയരികിലെ പുല്ലുചെത്തിക്കളയുന്നത് കാണുമ്പോൾ പുല്ല് പശുക്കൾക്കുള്ളതാണെന്ന ബോധ്യത്തിൽ തനിക്ക് ദേഷ്യം വരുമായിരുന്നുവെന്നും പഴയകാല ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

വില വർധനവിന്റെ പഴി എന്റെ തലയിൽ

പ്രതിപക്ഷത്തിരുന്നപ്പോഴും ഇപ്പോഴും പാലിന്റെ വില വർധിപ്പിക്കുന്നതിനെ തങ്ങൾ എതിർക്കാറില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ക്ഷീര കർഷകരുടെ കഠിനാധ്വാനവും അവർ അനുഭവിക്കുന്ന പ്രതിസന്ധികളും നേരിട്ടറിയാവുന്നതു കൊണ്ടാണ് ഈ നിലപാട്. എന്നാൽ ഇപ്പോൾ മിൽമ പാൽ വില കൂട്ടിയതിന്റെ പഴി മുഴുവൻ തന്റെ തലയിലാണ് വന്നിരിക്കുന്നത്. കർഷകർക്ക് അർഹമായ വില ലഭിക്കണമെന്ന കാര്യത്തിൽ സർക്കാരിന് യാതൊരു എതിർപ്പുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സത്യത്തിൽ ക്ഷീരവികസന വകുപ്പ് കൈകാര്യം ചെയ്യാൻ തനിക്ക് വ്യക്തിപരമായി വലിയ താല്പര്യമുണ്ടായിരുന്നുവെന്നും എന്നാൽ മന്ത്രി ബിന്ദു കൃഷ്ണയായതുകൊണ്ടാണ് ആ വകുപ്പ് സന്തോഷത്തോടെ വിട്ടുകൊടുത്തതെന്നും മുഖ്യമന്ത്രി വേദിയിൽ വെളിപ്പെടുത്തി.

പ്രധാന പ്രഖ്യാപനങ്ങളും ലക്ഷ്യങ്ങളും

സംസ്ഥാനത്തെ ക്ഷീരമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വ്യക്തമായ പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി പ്രധാന നിർദ്ദേശങ്ങൾ മുഖ്യമന്ത്രി മുന്നോട്ടുവെച്ചു:

-

ഉൽപ്പാദന ലക്ഷ്യം: സംസ്ഥാനത്ത് പ്രതിദിനം ഒരു കോടി ലീറ്റർ പാൽ ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റെ പുരോഗതി എല്ലാ മാസവും മുഖ്യമന്ത്രി എന്ന നിലയിൽ താൻ നേരിട്ട് വിലയിരുത്തും.

-

ഗുണനിലവാരം: പാലിന്റെ ഗുണനിലവാര കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും വരുത്തരുത്.

-

കാലിത്തീറ്റ വില നിയന്ത്രണം: പാലിന്റെ വില കൂട്ടുമ്പോൾ തന്നെ കാലിത്തീറ്റയുടെ വിലയും കമ്പനികൾ വർധിപ്പിക്കുകയാണ്. ഇത് കാരണം കർഷകർക്ക് വില വർധനവിന്റെ യഥാർത്ഥ പ്രയോജനം ലഭിക്കുന്നില്ല. ഈ സാഹചര്യത്തിന് മാറ്റം വരുത്താൻ കാലിത്തീറ്റയുടെ വിലക്കയറ്റത്തിൽ സർക്കാർ അടിയന്തരമായി ഇടപെടും.

-

തീറ്റപ്പുല്ല് കൃഷി: കർഷകരുടെ ചിലവ് കുറയ്ക്കുന്നതിനായി സംസ്ഥാനത്ത് തീറ്റപ്പുല്ല് കൃഷി വ്യാപകമാക്കും. വരും ദിവസങ്ങളിൽ ക്ഷീരവികസന വകുപ്പിന് പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

മന്ത്രിയുടെ ഒഴിഞ്ഞുമാറൽ: അതിനിടെ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ ചടങ്ങിൽ പങ്കെടുത്ത ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ തയ്യാറായില്ല. വിവാദങ്ങളിലേക്ക് കടക്കാതെ ഏവർക്കും ലോക ക്ഷീര ദിനാശംസകൾ നേർന്നുകൊണ്ട് മന്ത്രി ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.

---------------

Hindusthan Samachar / Roshith K


Latest News