Enter your Email Address to subscribe to our newsletters

Ernakulam , 10 ജൂണ് (H.S.)
നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിൽ നിന്നും ഹൈക്കോടതിയിലെ രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസര് എടപ്പഗത്താണ് കേസ് കേൾക്കുന്നതിൽ നിന്നും പിന്മാറിയത്. മെമ്മറി കാര്ഡ് പരിശോധനയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് പിന്മാറ്റം.
ജസ്റ്റിസ് കൗസര് എടപ്പഗത്ത് ജില്ലാ കോടതി ജഡ്ജിയായിരിക്കെ, പ്രസ്തുത കോടതിയുടെ കസ്റ്റഡിയിലിരിക്കെയും മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യൂ മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തും പിന്മാറിയത്. ഇതോടെ അതിജീവിതയുടെ ഹര്ജി മറ്റൊരു ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് ജോബിന് സെബാസ്റ്റിയന് കഴിഞ്ഞ ദിവസം ഈ കേസ് പരിഗണിക്കുന്നതിൽ നിന്നും പിന്മാറിയിരുന്നു. നേരത്തെ ജസ്റ്റിസ് ജോബിന് സെബാസ്റ്റിയന് ജുഡീഷ്യല് രജിസ്ട്രാര് ആയിരിക്കെയാണ് മെമ്മറി കാർഡ് വിഷയത്തിൽ പരാതി നൽകിയത്. ഇതേ തുടർന്നായിരുന്നു അദ്ദേഹത്തിൻ്റെ പിന്മാറ്റം.
നടിയെ ആക്രമിച്ച കേസിലെ ഏറ്റവും നിർണായക തെളിവായ മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേസ് അട്ടിമറിച്ചതിലും അന്വേഷണം വേണമെന്നും അതിജീവിത ആവശ്യപ്പെട്ടു. മുൻ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സൈബർ വിദഗ്ധനടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പുനരന്വേഷണം നടത്തണം എന്നിങ്ങനെയാണ് ഹർജിയിലെ മറ്റ് പ്രധാന ആവശ്യങ്ങൾ. 2017ൽ നടന്ന സംഭവത്തിന് ശേഷം നീതി തേടിയുള്ള അതിജീവിതയുടെ പോരാട്ടത്തിലെ സുപ്രധാനമായൊരു നിയമനടപടിയാണിത്.
2018 ജനുവരി ഒൻപതിന് രാത്രിയിൽ അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, 2018 ഡിസംബർ 13ന് ജില്ലാ കോടതിയിലെ ബഞ്ച് ക്ലർക്ക് മഹേഷ്, 2021 ജൂലൈ 19ന് വിചാരണ കോടതി ശിരസ്താദർ താജുദീൻ എന്നിവർ കേസിലെ മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്നു പരിശോധിച്ചെന്നായിരുന്നു പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ റിപ്പോർട്ട്. ഹൈക്കോടതി നിർദേശ പ്രകാരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസായിരുന്നു വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, ഈ റിപ്പോർട്ട് പക്ഷപാതപരമായതുകൊണ്ട് റദ്ദാക്കണമെന്നാണ് അതിജീവിതയുടെ ശക്തമായ ആവശ്യം.
മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി പരിശോധിക്കപ്പെട്ടുവെന്ന ഫോറൻസിക് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യൂ മൂന്ന് തവണ മാറിയതായാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. നീതിപൂർവമായ വിചാരണ ഉറപ്പാക്കാൻ ഈ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന ഉറച്ച നിലപാടിലാണ് അതിജീവിത. തെളിവുകൾ നശിപ്പിക്കാനോ കൃത്രിമം കാണിക്കാനോ ശ്രമമുണ്ടായോ എന്നതിൽ ആഴത്തിലുള്ള പരിശോധന വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ നിർണായക ഡിജിറ്റൽ തെളിവിൻ്റെ ഹാഷ് വാല്യൂ മാറിയത് കേസിൻ്റെ വിചാരണയെ ബാധിക്കുമെന്ന ആശങ്കയും നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR