അതിർത്തി കാത്ത പട്ടാളക്കാരന് സ്വന്തം വീട് കാക്കാൻ ഓഫീസുകൾ കയറിയിറങ്ങേണ്ട ഗതികേട്,
Kozhikode , 10 ജൂണ് (H.S.) ഏറെക്കാലം രാജ്യത്തിന് കാവലാളായി സൈന്യത്തിൽ സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച പട്ടാളക്കാരൻ സ്വന്തം വീടിൻ്റെ സംരക്ഷണത്തിനായി കയറിയിറങ്ങാത്ത ഓഫീസുകളില്ല. ഇരിങ്ങൂർ സ്വദേശി ഇളവനപീടിക സഹദേവൻ്റെ മനസിൽ എപ്പോഴും ആധിയാണ്. ഓഫീസുകളിൽ കയറ
COLLAPSED WELL POSES THREAT


Kozhikode , 10 ജൂണ് (H.S.)

ഏറെക്കാലം രാജ്യത്തിന് കാവലാളായി സൈന്യത്തിൽ സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച പട്ടാളക്കാരൻ സ്വന്തം വീടിൻ്റെ സംരക്ഷണത്തിനായി കയറിയിറങ്ങാത്ത ഓഫീസുകളില്ല. ഇരിങ്ങൂർ സ്വദേശി ഇളവനപീടിക സഹദേവൻ്റെ മനസിൽ എപ്പോഴും ആധിയാണ്. ഓഫീസുകളിൽ കയറിയിറങ്ങി ഉത്തരവുകൾ പലതും നേടിയിട്ടും അത് നടപ്പിലാക്കേണ്ടവർ തിരിഞ്ഞു നോക്കാത്തതാണ് സഹദേവൻ നേരിടുന്ന പ്രധാന വെല്ലുവിളി.

നേരത്തെ ഇടിഞ്ഞു താഴ്ന്ന എംജി നഗർ കുടിവെള്ള പദ്ധതിയുടെ കിണറിൻ്റെ ബാക്കി ഭാഗങ്ങളും ഓരോ ദിവസവും ഇടിഞ്ഞു താഴ്ന്നുകൊണ്ടിരിക്കുകയാണ്. തൊട്ടടുത്തുതന്നെയുള്ള സഹദേവൻ്റെ വീടിന് ഭീഷണിയാകുന്ന വിധത്തിലാണ് ഇപ്പോൾ കിണർ ഇടിഞ്ഞു താഴുന്നത്. വീടിൻ്റെ മുറ്റത്തിൻ്റെ ഒരു ഭാഗവും സഹദേവൻ്റെ പറമ്പിൻ്റെ ഭാഗവും കിണറിലേക്ക് താഴ്ന്നുപോയി. കഴിഞ്ഞ നവംബർ 23നാണ് ആദ്യമായി കിണർ ഇടിഞ്ഞു താഴുന്നത്.

അന്നുതന്നെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലും ജില്ലാ കളക്ടര്, ജിയോളജി, ഭൂഗർഭ ജല അതോറിറ്റി എന്നിവർക്കെല്ലാം പരാതി നൽകിയിരുന്നു. അവരുടെ പരിശോധന പൂർത്തിയാക്കിയ ശേഷം അപകട ഭീഷണി ഉയർത്തുന്ന കിണർ മണ്ണിട്ട് അടിയന്തരമായി നികത്താൻ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടര് ഉത്തരവിറക്കുകയും ചെയ്തു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവ് കൈമാറി ഏഴുമാസം പൂർത്തിയായിട്ടും ഇതുവരെ കിണർ നികത്തുന്ന നടപടി സ്വീകരിച്ചിട്ടില്ല.

1983, 84 കാലഘട്ടത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായ സമയത്ത് എഴുപതോളം കുടുംബങ്ങൾക്ക് വെള്ളമെത്തിക്കാൻ സഹദേവൻ്റെ ഭാര്യ പിതാവ് സൗജന്യമായി നൽകിയ സ്ഥലത്താണ് കിണർ കുഴിച്ചത്. ഇങ്ങനെ നൽകിയ കിണറാണ് ഇപ്പോൾ സഹദേവനും കുടുംബത്തിനും ഭീഷണി ആയത്. ഇടിഞ്ഞു താഴ്ന്ന കിണറിനോട് ചേർന്ന് നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന പൊതു റോഡും സ്ഥിതി ചെയ്യുന്നുണ്ട്. ഈ റോഡിൻ്റെ അരികു വരെ ഇപ്പോൾ ഇടിഞ്ഞ് താഴ്ന്ന് കഴിഞ്ഞു. ഇതുവഴി സഞ്ചരിക്കുന്നവർക്കും വലിയ അപകട ഭീഷണിയുണ്ട്.

വീണ്ടും കാലവർഷം എത്തിയതോടെ ഓരോ ദിവസവും കിണറിൻ്റെ അരികുകൾ ഇടിഞ്ഞുതാഴാൻ തുടങ്ങിയതോടെ ഇനി ആരോട് പരാതി പറയണം എന്ന ചോദ്യം ഉയർത്തുകയാണ് സഹദേവൻ. നേരത്തെ കുടിവെള്ളം ആവശ്യമായിരുന്ന കുടുംബങ്ങൾക്ക് ഒക്കെ മറ്റ് പദ്ധതികളിലൂടെ ഇപ്പോൾ കുടിവെള്ളം ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇടിഞ്ഞു താഴ്ന്ന കിണറിൻ്റെ ആവശ്യവും വരുന്നില്ലെന്നും കിണർ നികത്തിയില്ലെങ്കിൽ വലിയ ദുരിതമുണ്ടാകുമെന്നും സഹദേവൻ പറയുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലുംഎല്ലാ പരിശോധനകളും പൂർത്തിയാക്കിയ അധികൃതർ സഹദേവൻ്റെ വീടിന് തന്നെ ഭീഷണിയായ കിണർ നികത്താൻ യാതൊരു താൽപര്യവും പ്രകടിപ്പിക്കുന്നില്ല. അതേസമയം കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കൾ എതിർത്തതിനാൽ ആണ് കലക്ടറുടെ ഉത്തരവ് നടപ്പിലാക്കാൻ കഴിയാത്തതെന്നാണ് ഒളവണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ മറുപടി. ഏതായാലും എത്രയും പെട്ടെന്ന് ഇടിഞ്ഞു താഴ്ന്ന കിണർ നികത്തിയില്ലെങ്കിൽ വിമുക്തഭടനായ സഹദേവനും കുടുംബത്തിനും ഇത് വലിയ ഭീഷണി ഉയർത്തും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News