Enter your Email Address to subscribe to our newsletters

Ernakulam , 10 ജൂണ് (H.S.)
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ വീണ്ടും ഹൈക്കോടതിയുടെ മുന്നറിയിപ്പ്. പ്രോസിക്യൂഷൻ അനുമതി തേടിക്കൊണ്ടുള്ള സിബിഐയുടെ അപേക്ഷ പുനഃപരിശോധിക്കണമെന്ന ഉത്തരവ് പാലിക്കണമെന്നാണ് നിർദേശം. കോടതി ഉത്തരവ് പാലിക്കണമെന്ന് വ്യവസായ വകുപ്പ് സെക്രട്ടറിയോട് ഹൈക്കോടതി സിംഗിൾ ബെഞ്ച് കർശന നിർദേശം നൽകി.
പ്രോസിക്യൂഷൻ അനുമതി വീണ്ടും പരിഗണിക്കണമെന്ന ഉത്തരവിന് ഡിവിഷൻ ബെഞ്ചിൽ സ്റ്റേ ഇല്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. നേരിട്ട് ഹാജരാകുന്നതിൽ മാത്രമാണ് ഇളവ് അനുവദിച്ചത്. അതിനാൽ ജൂൺ 19 നകം കോടതി ഉത്തരവ് പാലിച്ച് നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ നിർദേശം നൽകി. തനിക്കെതിരായ കോടതിയലക്ഷ്യ നടപടിയ്ക്കെതിരായി വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശങ്ങൾ.
കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസിൽ ഐ എൻ ടി യു സി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാൻ മൂന്നാം തവണയും അനുമതി നിഷേധിച്ചതോടെയാണ് മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടി സിംഗിൾ ബഞ്ച് സ്വീകരിച്ചത്. 2006-2015 കാലയളവിൽ വിദേശത്തുനിന്ന് അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ 500 കോടി രൂപയുടെ അഴിമതി നടന്നുവെന്നതാണ് കശുവണ്ടി അഴിമതിക്കേസ്. മുൻ ചെയർമാൻ ആർ ചന്ദ്രശേഖരൻ, മുൻ എം ഡി കെ എ രതീഷ് എന്നിവരുൾപ്പെടെയുള്ളവരെ വിചാരണ ചെയ്യാൻ സർക്കാർ 3 തവണ അനുമതി നിഷേധിച്ചിരുന്നു.
ചട്ടങ്ങള് ലംഘിച്ചുള്ള ഇറക്കുമതി
സ്റ്റോര് പര്ച്ചേസ് മാനുവല് ഉള്പ്പെടെയുള്ള സര്ക്കാര് മാനദണ്ഡങ്ങള് പാലിക്കാതെ ടാന്സാനിയ ഉള്പ്പെടെയുള്ള വിദേശ രാജ്യങ്ങളില് നിന്ന് ഗുണനിലവാരമില്ലാത്ത കശുവണ്ടി ഇറക്കുമതി ചെയ്തു. അന്താരാഷ്ട്ര വിപണിയിലെ അന്നത്തെ നിരക്കിനേക്കാള് ഉയര്ന്ന വിലയ്ക്ക് കശുവണ്ടി വാങ്ങിയത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി.
ടെന്ഡര് അട്ടിമറി
ടെന്ഡര് നടപടികളില് സുതാര്യത കുറവാണെന്നും സ്വകാര്യ ഏജന്സികളുമായി ഗൂഢാലോചന നടത്തി വഴിവിട്ട ലാഭം അവര്ക്ക് ഉറപ്പാക്കിയെന്നും സിബിഐ കണ്ടെത്തി. സിബിഐ കുറ്റപത്രം സമര്പ്പിച്ചെങ്കിലും പ്രതികളെ വിചാരണ ചെയ്യാന് സര്ക്കാര് മൂന്ന് തവണ അനുമതി നിഷേധിക്കുകയായിരുന്നു. പ്രതികള് അഴിമതി നടത്തിയതിന് വ്യക്തമായ തെളിവുകളില്ലെന്നും മുന് സര്ക്കാര് ഉത്തരവുകള് യുക്തിസഹമായി നടപ്പാക്കുക മാത്രമാണ് പ്രതികൾ ചെയ്തതെന്നുമായിരുന്നു വ്യവസായ വകുപ്പിൻ്റെ നിലപാട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR