ചേരാനെല്ലൂരിലെ ഹോട്ടലിൽ നടന്ന ലഹരിമരുന്ന് വേട്ടയ്ക്ക് പിന്നാലെ കേസിലെ സാക്ഷിയുടെ ദൃശ്യങ്ങൾ എക്സൈസ് സംഘം മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സംഭവത്തിൽ ചേരാനെല്ലൂർ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
Ernakulam , 10 ജൂണ് (H.S.) ചേരാനെല്ലൂരിലെ ഹോട്ടലിൽ നടന്ന ലഹരിമരുന്ന് വേട്ടയ്ക്ക് പിന്നാലെ കേസിലെ സാക്ഷിയുടെ ദൃശ്യങ്ങൾ എക്സൈസ് സംഘം മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സംഭവത്തിൽ ചേരാനെല്ലൂർ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഇരയായ യുവതി കൊച്ചി
EXCISE INVESTIGATION IN FOOTAGE


Ernakulam , 10 ജൂണ് (H.S.)

ചേരാനെല്ലൂരിലെ ഹോട്ടലിൽ നടന്ന ലഹരിമരുന്ന് വേട്ടയ്ക്ക് പിന്നാലെ കേസിലെ സാക്ഷിയുടെ ദൃശ്യങ്ങൾ എക്സൈസ് സംഘം മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സംഭവത്തിൽ ചേരാനെല്ലൂർ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഇരയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. ചേരാനെല്ലൂരിലെ പ്രമുഖ സ്വകാര്യ ഹോട്ടലിലെ മാനേജരായി ജോലി ചെയ്യുന്ന യുവതിയാണ് എക്സൈസിൻ്റെ ഗുരുതര വീഴ്ചയയ്ക്കെതിരെ നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്.

ജൂൺ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേരാനെല്ലൂരിലെ സ്വകാര്യ ഹോട്ടലിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ 110.73 ഗ്രാം എംഡിഎംഎ യുമായി ഒരു യുവതി ഉൾപ്പെടെ മൂന്ന് പേരെ പിടികൂടിയിരുന്നു. വലിയ വാർത്താപ്രാധാന്യം നേടിയ ഈ റെയ്ഡിന് ശേഷം എക്സൈസ് വകുപ്പ് ഔദ്യോഗികമായി മാധ്യമങ്ങൾക്ക് നൽകിയ പരിശോധനാ ദൃശ്യങ്ങളിലാണ് നിയമപ്രകാരം സംരക്ഷണം ലഭിക്കേണ്ട സാക്ഷിയായ യുവതിയുടെ മുഖവും ദൃശ്യങ്ങളും ഉൾപ്പെട്ടത്.

ലഹരിമരുന്ന് കേസുകളിൽ സാക്ഷികളാകുന്നവരുടെ വിവരങ്ങളും ദൃശ്യങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കണമെന്ന കർശന നിയമം നിലനിൽക്കെയാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഈ വീഴ്ചയുണ്ടായത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വാർത്താ ചാനലുകളിലും പ്രചരിച്ചതോടെ യുവതി കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

സാക്ഷിയുടെ ദൃശ്യങ്ങൾ പ്രചരിച്ച സംഭവത്തിൽ എക്സൈസിന് ശ്രദ്ധക്കുറവുണ്ടായതായ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. ലഹരി കേസിലെ സാക്ഷിയായ യുവതിയുടെ ദൃശ്യങ്ങൾ എക്സൈസ് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്ന് കമ്മീഷണർ സ്ഥിരീകരിച്ചു. വാർത്താ റിപ്പോർട്ടുകൾക്കായി ദൃശ്യങ്ങൾ കൈമാറിയപ്പോൾ എക്സൈസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായ ശ്രദ്ധക്കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

എന്നാൽ, ദൃശ്യങ്ങൾ മനപ്പൂർവ്വം വ്യക്തിഹത്യ ലക്ഷ്യമിട്ട് പുറത്തുവിട്ടതാണെന്ന് കരുതുന്നില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. സംഭവത്തിലെ യഥാർത്ഥ വസ്തുതകൾ കൃത്യമായി പരിശോധിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും, നിലവിൽ കടുത്ത മാനസിക വിഷമം അനുഭവിക്കുന്ന യുവതിക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. പൊതുജന മധ്യത്തിൽ അപമാനിതയാകേണ്ടി വന്ന യുവതിയുടെ പരാതിയിൽ ചേരാനെല്ലൂർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

വരും ദിവസങ്ങളിൽ ദൃശ്യങ്ങൾ പകർത്തിയ എക്സൈസ് ഉദ്യോഗസ്ഥരുടെയും അത് മാധ്യമങ്ങൾക്ക് കൈമാറിയവരുടെയും മൊഴിയെടുക്കുമെന്നാണ് സൂചന. ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടത്തിൽ സാക്ഷികളാകുന്നവർക്ക് സംരക്ഷണം നൽകേണ്ട നിയമപാലകർ തന്നെ അവരുടെ സുരക്ഷ അപകടത്തിലാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News