ലോകകപ്പ് ആവേശത്തിൽ അമ്പലക്കണ്ടി ഗ്രാമം
Kozhikode , 10 ജൂണ് (H.S.) കനത്ത മഴയെയും വെള്ളക്കെട്ടിനെയും വകവയ്ക്കാതെ, പച്ചപ്പരവതാനി വിരിച്ച അമ്പലക്കണ്ടി വയലിൽ കാൽപ്പന്തുകളിയിലെ വിശ്വസ്തരായ രാജാക്കന്മാർ തലയുയർത്തി നിൽക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും നെയ്മർക്കും പിന്നാലെ 30 അടി ഉയരമുള്
FIFA WORLD CUP 2026


Kozhikode , 10 ജൂണ് (H.S.)

കനത്ത മഴയെയും വെള്ളക്കെട്ടിനെയും വകവയ്ക്കാതെ, പച്ചപ്പരവതാനി വിരിച്ച അമ്പലക്കണ്ടി വയലിൽ കാൽപ്പന്തുകളിയിലെ വിശ്വസ്തരായ രാജാക്കന്മാർ തലയുയർത്തി നിൽക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും നെയ്മർക്കും പിന്നാലെ 30 അടി ഉയരമുള്ള ലിയോണൽ മെസ്സിയുടെ കട്ടൗട്ട് കൂടി അർജൻ്റീന ആരാധകർ സ്ഥാപിച്ചതോടെ ഓമശ്ശേരിക്കടുത്തുള്ള ഈ പ്രദേശം അക്ഷരാർഥത്തിൽ ഉത്സവലഹരിയിലായി. പല നാടുകളിൽ നിന്നുള്ള ഫുട്ബോൾ പ്രേമികളാണ് ഈ താരവിസ്മയം നേരിൽ കാണാനായി ഇവിടേക്ക് ഒഴുകിയെത്തുന്നത്.

ലോകകപ്പ് ഫുട്ബോൾ ആവേശമാക്കാൻ ആരാധകർ ഒരു ദേശീയ പതാക വീശിയതോടെയാണ് കാര്യങ്ങൾ വാശിയിലേക്ക് വഴിമാറിയത്. അങ്ങനെ 26 അടി ഉയരത്തിൽ ആദ്യം പോർച്ചുഗലിൻ്റെ റൊണാൾഡോ തലപൊക്കി. ഇത് സ്ഥാപിക്കുമ്പോൾ തന്നെ വെല്ലുവിളികളുമായി എത്തിയ ബ്രസീൽ ആരാധകർ തൊട്ടടുത്ത ദിവസം 35 അടിയിൽ നെയ്മറെ ഉയർത്തി. ഏറ്റവും ഒടുവിൽ അർജൻ്റീന ഫാൻസും തലപൊക്കിയതോടെ ഇടമുറിയാത്ത ഫുട്ബോൾ ആവേശമാണ് ഇവിടെ അലയടിക്കുന്നത്. ഈ ആവേശം പലവിധത്തിൽ ഫൈനൽ വരെ ഉണ്ടാകുമെന്ന് ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം പങ്കുവയ്ക്കുന്നു.

കായിക ഗ്രാമത്തിൻ്റെ ആവേശം

റോഡിൽനിന്ന് നോക്കിയാൽ തലയെടുപ്പോടെ നിൽക്കുന്ന താരങ്ങളെ കാണാം. ഫുട്ബോൾ റീലിലൂടെ വൈറലായ ഇബ്രാഹിം അമ്പലക്കണ്ടിയുടെ ബന്ധുവിൻ്റേതാണ് ഈ വയൽ. ഒട്ടേറെ വർഷങ്ങളായി കായിക മേഖലയിൽ സജീവമായ ഇബ്രാഹിം അമ്പലക്കണ്ടി റിവഞ്ചേഴ്സ് ക്ലബ്ബിൻ്റെ പ്രസിഡൻ്റും കടുത്ത അർജൻ്റീന ആരാധകനുമാണ്. വോളിബോളും സെവൻസും അടക്കം ഒട്ടേറെ മത്സരങ്ങളുടെ നടത്തിപ്പുകാരൻ കൂടിയാണ് ഇദ്ദേഹം.

മെസ്സി, റൊണാൾഡോ, നെയ്മർ എന്നിവരുടെ പടുകൂറ്റൻ കട്ടൗട്ട് ഉയർന്നതിലൂടെ 2022ൽ പുള്ളാവൂർ ആയിരുന്നു ആരാധകശ്രദ്ധ പിടിച്ചുപറ്റിയതെങ്കിൽ ഇത്തവണ അമ്പലക്കണ്ടി വയലാണ് താരം. ഫുട്ബോൾ കളിക്കാരെക്കൊണ്ട് സമ്പന്നമായ ഓമശ്ശേരി അമ്പലക്കണ്ടി പ്രദേശത്ത് പ്രായഭേദമന്യേ നിരവധി പേർ ഇപ്പോഴും പന്തുതട്ടുന്നുണ്ട്. നിരവധി ഫുട്ബോൾ ടൂർണമെൻ്റുകൾ ഇവിടെ നടക്കാറുണ്ട്. ലോകകപ്പ് ഫുട്ബോളും ഈ നാട്ടിൽ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. ഓരോ ടീമുകളുടെയും ആരാധകർ തമ്മിലുള്ള വലിയ വാശിയും മത്സരങ്ങളും ഇവിടെ സജീവമാണ്.

കേരളത്തിലെ, പ്രത്യേകിച്ചും മലബാറിലെ ഫുട്ബോൾ ആരാധകരുടെ കടുത്ത ആവേശം ഫിഫയുടെയും അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ്റെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. മുൻപ് ഇന്ത്യൻ പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി ഹെലികോപ്ടറിൽ വന്നിറങ്ങിയതിലൂടെ പ്രശസ്തമായ അമ്പലക്കണ്ടി വയൽ, നിലവിൽ ഫുട്ബോൾ താരങ്ങളുടെ തലയെടുപ്പ് കൊണ്ടാണ് വൈറലാകുന്നത്. ഖത്തറിൻ്റെ മലയാളി താരം തെഹ്സിൻ മുഹമ്മദിൻ്റെ കട്ടൗട്ട് കൂടി ഉയർത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും നിലവിൽ പുരോഗമിക്കുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News