ജോലി ആവശ്യത്തിനെന്ന പേരിൽ കേരളത്തിൽ എത്തിയ ബംഗ്ലാദേശ് സ്വദേശിനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്
Kasaragod , 10 ജൂണ് (H.S.) ജോലി ആവശ്യത്തിനെന്ന പേരിൽ കേരളത്തിൽ എത്തിയ ബംഗ്ലാദേശ് സ്വദേശിനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്
Arrested


Kasaragod , 10 ജൂണ് (H.S.)

ജോലി ആവശ്യത്തിനെന്ന പേരിൽ കേരളത്തിൽ എത്തിയ ബംഗ്ലാദേശ് സ്വദേശിനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇവരുടെ പക്കൽ ഇന്ത്യയുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖകളായ ആധാർ കാർഡും പാൻ കാർഡും ഉണ്ടായിരുന്നു. വിദേശ പൗരയായ ഇവർക്ക് ഇത് എങ്ങനെ ലഭിച്ചു, വ്യാജ രേഖകൾ ചമയ്ക്കാൻ ആരാണ് യുവതിക്ക് സഹായം ചെയ്തു നൽകിയത് തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ കേന്ദ്ര ഏജൻസികളും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

ബംഗ്ലാദേശ് ജശോർ ജില്ലയിലെ സതിപൂർ സ്വദേശിനിയായ സൽമ ഖാത്തൂൺ (30) എന്ന യുവതിക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചോദ്യം ചെയ്ത് വിശദമായ മൊഴിയെടുത്ത ശേഷം ഇവരുടെ അറസ്റ്റ് ഹോസ്ദുർഗ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച് താമസിച്ചതിന് എമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

ബംഗ്ലാദേശ് പൗരയെ തിരിച്ചറിഞ്ഞത് മൊബൈൽ ഫോൺ പരിശോധിച്ച്

ചൊവ്വാഴ്ച രാവിലെ 9.15ഓടെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പൊലീസ് ശക്തമായ പട്രോളിങ് നടത്തുകയായിരുന്നു. അതിനിടെയാണ് യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്. ചോദ്യം ചെയ്യുന്ന വേളയിൽ ആദ്യം വ്യക്തമായ വിവരങ്ങൾ നൽകാൻ ഇവർ തയാറായില്ല. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് തൻ്റെ പേര് സൽമ ഖാത്തൂൺ ആണെന്നും ബംഗ്ലാദേശ് സ്വദേശിനിയാണെന്നും ഇവർ സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്.

തുടർന്ന് യുവതിയുടെ മൊബൈൽ ഫോൺ പരിശോധിച്ച പൊലീസ് അതിലെ ഐഎംഒ (IMO) ആപ്ലിക്കേഷനിൽ ബംഗ്ലാദേശ് സർക്കാരിൻ്റെ ദേശീയ തിരിച്ചറിയൽ കാർഡിൻ്റെ വിവരങ്ങൾ കണ്ടെത്തി. ഇതിലൂടെ യുവതി ബംഗ്ലാദേശ് പൗരയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചതായി പൊലീസ് രേഖപ്പെടുത്തി. കൊൽക്കത്ത വഴിയാണ് യുവതി ഇന്ത്യയിൽ എത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം.

കാഞ്ഞങ്ങാട് സ്വദേശി വഴി യുവതിക്ക് സഹായം

യുവതി മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഭാഗത്ത് കുറച്ചുകാലമായി താമസിച്ച് വരികയാണെന്നും അവിടെ ഒരു ഹോട്ടലിലാണ് താമസമെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി ഇവർ ഇവിടെ ജോലി ചെയ്തു വരികയായിരുന്നു. കാഞ്ഞങ്ങാട് സ്വദേശിയായ ഒരാൾ കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലി നൽകാമെന്നും സഹായിക്കാമെന്നും പറഞ്ഞതുകൊണ്ടാണ് താൻ ഇവിടെ എത്തിയതെന്നു യുവതി വെളിപ്പെടുത്തി. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

എന്നാൽ അതിർത്തി കടന്ന് എങ്ങനെ എത്തിയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ യുവതിക്കായില്ലെന്നും, ഇന്ത്യയിൽ താമസിക്കുന്നതിനാവശ്യമായ വിസ, പാസ്പോർട്ട് ഉൾപ്പെടെയുള്ള യാതൊരു രേഖകളും തൻ്റെ കൈവശമില്ലെന്ന് അവർ സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കുന്നു. വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കി നൽകുന്ന വലിയൊരു സംഘം ഇതിന് പിന്നിലുണ്ടെന്നാണ് പൊലീസിൻ്റെ നിഗമനം. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News