Enter your Email Address to subscribe to our newsletters

Kasaragod , 10 ജൂണ് (H.S.)
നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് പള്ളിക്കര സ്വദേശിനിയായ വിദ്യാർഥിനി ഐജ മഹേഷ് ആത്മഹത്യ ചെയ്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായതിനെത്തുടർന്ന് പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ലാത്തി വീശി.
പ്രവർത്തകർക്ക് നേരെ രണ്ടു തവണ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. ബാരിക്കേട് മറിച്ചിടാനും പ്രവർത്തകർ ശ്രമിച്ചു. കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച് സംഘടിപ്പിച്ചിരുന്നത്. കാസർകോട്
പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദാണ് ഉദ്ഘാടനം ചെയ്തത്.
എസ്എഫ്ഐ ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ പി വൈഷ്ണവ് സ്വാഗതം പറഞ്ഞ പരിപാടിയിൽ എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് അദിനാൻ ചട്ടഞ്ചാൽ അധ്യക്ഷത വഹിച്ചു. എസ്എഫ്ഐ ജില്ലാ ജോയിൻ്റ് സെക്രട്ടറി എം അനുരാജ്, ജില്ലാ വൈസ് പ്രസിഡൻ്റ് കവിത കൃഷ്ണൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു.
പെൺകുട്ടിയുടെ ആത്മഹത്യ
ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. തുടർന്ന് പാലായിലെ സ്വകാര്യ നീറ്റ് കോച്ചിങ് സെൻ്ററിൽ വെച്ചായിരുന്നു ജൂൺ 2 ന് വിദ്യാർഥിനി ആത്മഹത്യ ചെയ്തത്. പരീക്ഷയ്ക്കായുള്ള തുടർപരിശീലനത്തിന് പോയ കാസർകോട് സ്വദേശിനിയായ വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൂച്ചക്കാട് മുക്കൂട് കിഴക്കേക്കര പൊക്കണംമൂലയിൽ കാദംബരി ഹൗസിൽ മഹേഷ്-രാധിക ദമ്പതികളുടെ മകളായിരുന്നു ഐജ ആർ മഹേഷ്.
ജൂൺ 2 ന് പാല ചേർപ്പുങ്കലിലെ ഹോസ്റ്റലിൽ ഉച്ചയ്ക്ക് 12.45 ഓടെ സഹപാഠികളാണ് ഗുരുതരാവസ്ഥയില് പെണ്കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയെ ഉടൻതന്നെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചേർപ്പുങ്കലിലെ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ വെൻ്റിലേറ്ററിൽ ചികിത്സയിലിരിക്കെ ജൂൺ 3 ന് ഉച്ചയ്ക്ക് 12.36 ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു എന്ന് കിടങ്ങൂർ പൊലീസ് പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഫലം റദ്ദാക്കിയ നീറ്റ് പരീക്ഷ വീണ്ടും നടക്കാനിരിക്കെ പരീക്ഷാ തയ്യാറെടുപ്പിനായാണ് വിദ്യാർഥിനി 2026 മേയ് 26 ന് പാലായിലെ സ്വകാര്യ പരിശീലന കേന്ദ്രത്തിൽ എത്തിയത്. കഠിനമായ പഠനക്രമവും പരിശീലനവും മൂലം മാനസിക സമ്മർദത്തിലായിരുന്ന കുട്ടി പഠനം തുടരുന്നതിലെ ബുദ്ധിമുട്ടുകൾ രക്ഷിതാക്കളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നതായാണ് ബന്ധുക്കൾ പറഞ്ഞത്. വിവരം അറിഞ്ഞ് രക്ഷിതാക്കളും ആശുപത്രിയിലെത്തിയിരുന്നു. പിതാവ് മഹേഷ് കുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR