Enter your Email Address to subscribe to our newsletters

Kozhikode , 10 ജൂണ് (H.S.)
കരിപ്പൂർ വിമാനത്താവളം വഴി നടന്ന സ്വർണക്കള്ളക്കടത്ത് കേസുകളിലെ പൊലീസ് നടപടികളിൽ വൻ അട്ടിമറിയും നിയമലംഘനവും നടന്നതായി കസ്റ്റംസ് കണ്ടെത്തി. വിമാനത്താവള പരിധിയിൽ വച്ച് പൊലീസ് പിടികൂടിയ സ്വർണക്കടത്ത് കേസുകളിലെ നടപടിക്രമങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയ കരിപ്പൂർ പൊലീസ് സ്റ്റേഷൻ്റെ ചുമതലയിലുണ്ടായിരുന്ന എസിപി ഉൾപ്പെടെയുള്ള മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കോഴിക്കോട്ടെ കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം കാരണം കാണിക്കൽ നോട്ടിസ് അയച്ചു.
കസ്റ്റംസ് ചരിത്രത്തിൽ സമീപകാലത്തൊന്നും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇത്തരമൊരു കടുത്ത നടപടി ഉണ്ടായിട്ടില്ലാത്തതിനാൽ ഈ നീക്കം ആഭ്യന്തര വകുപ്പിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കോഴിക്കോട് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം ജോയിൻ്റ് കമ്മിഷണർ ശശികാന്ത് ശർമയാണ് ഉദ്യോഗസ്ഥർക്ക് ഔദ്യോഗികമായി നോട്ടിസ് അയച്ചത്. നിലവിൽ തൃശൂർ നർകോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണറായ പി ഷിബു, മതിലകം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ് രജീഷ്, നിലവിൽ ശമ്പളമില്ലാത്ത അവധിയിൽ വിദേശത്ത് കഴിയുന്ന ഇൻസ്പെക്ടർ ടി എസ് ബിനു എന്നിവർക്കാണ് നോട്ടിസ് ലഭിച്ചിരിക്കുന്നത്.
പൊലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ
കരിപ്പൂർ പൊലീസ് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗത്തിന് കൈമാറിയ ഏഴ് പ്രധാന കേസുകളുമായി ബന്ധപ്പെട്ടാണ് കസ്റ്റംസിൻ്റെ നടപടി. നിയമപ്രകാരം വിമാനത്താവള പരിധിയിലും അതിനോട് ചേർന്ന പ്രദേശങ്ങളിലും സ്വർണം പിടികൂടാൻ കസ്റ്റംസിന് മാത്രമാണ് പൂർണ അധികാരമുള്ളത്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ നിയമം കാറ്റിൽപ്പറത്തി പ്രവർത്തിച്ചതായി കസ്റ്റംസ് ആരോപിക്കുന്നു.
സ്വർണം പിടികൂടിയ വിവരം കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിച്ചില്ല എന്നതാണ് പ്രധാന വീഴ്ച. കള്ളക്കടത്ത് കേസുകളിൽ സംശയമുള്ളയാളെ എക്സ്റേ പരിശോധനയ്ക്ക് വിധേയമാക്കാൻ മജിസ്ട്രേറ്റിനോ അസിസ്റ്റൻ്റ് കമ്മിഷണർക്കോ അതിന് മുകളിലുള്ള ഉദ്യോഗസ്ഥർക്കോ മാത്രമേ അധികാരമുള്ളൂ. എന്നാൽ മജിസ്ട്രേറ്റിൻ്റെ യാതൊരു അനുമതിയും കൂടാതെ പ്രതികളെ പൊലീസ് എക്സ്റേയ്ക്ക് വിധേയമാക്കി.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമോ മജിസ്ട്രേറ്റിൻ്റെ അനുമതിയോ ഇല്ലാതെ സ്വയം മഹസർ തയാറാക്കുകയും ശരീരത്തിനുള്ളിൽനിന്ന് പുറത്തെടുത്ത സ്വർണം സ്വയം ഉരുക്കുകയും ചെയ്തു. ദേഹപരിശോധന നടത്തുന്നതിനും സീഷർ മഹസർ തയാറാക്കുന്നതിനും സൂപ്രണ്ടിന് മുകളിലുള്ള കസ്റ്റംസ് ഉദ്യോഗസ്ഥനോ മജിസ്ട്രേറ്റിനോ മാത്രമാണ് നിയമപരമായ അധികാരമുള്ളത്.
ഒളിച്ചുവയ്ക്കലും കൃത്രിമത്വവും
കരിപ്പൂർ പൊലീസ് പുറത്തുനിന്ന് പിടികൂടുന്ന സ്വർണക്കടത്ത് കേസുകളിൽ ഭൂരിഭാഗവും കസ്റ്റംസിന് കൈമാറാതെ ഒളിച്ചുവയ്ക്കുകയോ മഹസറുകളിൽ കൃത്രിമം കാണിക്കുകയോ ചെയ്യുന്നുണ്ടെന്ന നിരവധി പരാതികളും ആരോപണങ്ങളും മുൻപും ഉയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റംസ് ഓഫിസിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.
ഇൻസ്പെക്ടർ ടി എസ് ബിനുവിന് നാല് കേസുകളിലും, എസ് രജീഷിന് രണ്ട് കേസുകളിലും, എസിപി പി ഷിബുവിന് ഒരു കേസിലുമാണ് ഇപ്പോൾ നോട്ടിസ് ലഭിച്ചിരിക്കുന്നത്. എന്നാൽ കാപ്സ്യൂളുകളിൽ സ്വർണം ഉണ്ടെന്ന് ഉറപ്പുവരുത്തിയാൽ മാത്രമേ കേസ് കസ്റ്റംസിന് കൈമാറാൻ കോടതികൾ തയാറാകൂ എന്നും, അതുകൊണ്ടാണ് സ്വർണം പുറത്തെടുത്ത് ഉരുക്കിയതെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റംസിന് നൽകിയ മൊഴി.
30 ദിവസത്തിനകം മറുപടി നൽകണംകേസിലെ പ്രതികൾക്കും നിലവിൽ കസ്റ്റംസ് കാരണം കാണിക്കൽ നോട്ടിസ് അയച്ചിട്ടുണ്ട്. തങ്ങൾക്ക് ലഭിച്ച നോട്ടിസിന്മേൽ ജ്വല്ലറി നിയമങ്ങളും കസ്റ്റംസ് നിയമങ്ങളും ലംഘിച്ചതിന് എന്തുകൊണ്ട് പിഴ ചുമത്താതിരിക്കണം എന്നതിന് 30 ദിവസത്തിനകം പൊലീസ് ഉദ്യോഗസ്ഥർ കൃത്യമായ വിശദീകരണം നൽകേണ്ടതുണ്ട്. ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ കസ്റ്റംസ് നിയമപ്രകാരം ഇവർക്കുമേൽ വൻതുക പിഴ ചുമത്താൻ കസ്റ്റംസ് പ്രിവൻ്റീവ് ഉദ്യോഗസ്ഥർക്ക് പൂർണ അധികാരമുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR