Enter your Email Address to subscribe to our newsletters

Ernakulam , 10 ജൂണ് (H.S.)
ചലച്ചിത്ര താര സംഘടനയായ അമ്മയുടെ ഭാരവാഹികൾ തമ്മിലുണ്ടായ ഭിന്നതയുടെ അടിസ്ഥാനത്തിൽ ദിവസങ്ങൾക്ക് മുൻപാണ് അൻസിബ ഹസൻ നടൻ ടിനിടോമിനെതിരെയും ലക്ഷ്മിപ്രിയക്കെതിരെയും പൊലീസിൽ പരാതി നൽകിയത്. എന്നാൽ അൻസിബ ഹസൻ ഉന്നയിച്ച പരാതിയിൽ കഴമ്പില്ല എന്ന് പൊലീസ് റിപ്പോർട്ട് നൽകിയതോടെ മാനനഷ്ട കേസിന് ഒരുങ്ങുകയാണെന്ന് നടി ലക്ഷ്മിപ്രിയ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും രണ്ടു മിനിറ്റിൽ സംസാരിച്ചു തീർക്കാവുന്ന ഭിന്നതയെ ഇത്രയും വലിയ വിവാദമാക്കി മാറ്റിയത് അൻസിബ ഹസൻ ആണെന്നും ലക്ഷ്മി പ്രിയ ആരോപിച്ചു. പ്രതിച്ഛായ തകർക്കാനും സ്ത്രീത്വത്തെ അപമാനിക്കാനും ആണ് അൻസിബ ശ്രമിച്ചതെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു. അമ്മ സംഘടനയുടെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയാണ് സംഘടനാ ഭാരവാഹിത്വത്തിൽ വിള്ളൽ സൃഷ്ടിച്ചത്.
മതപരമായ സ്ഥാപനങ്ങൾ അമ്മ പോലൊരു സംഘടനയുടെ പരിപാടി സ്പോൺസർ ചെയ്യുന്നതിനെ അൻസിബ ഹസൻ എതിർത്തിരുന്നു. എന്നാൽ കൈനീട്ടം അടക്കമുള്ള സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വരുമാന മാർഗമായി നിയമവിരുദ്ധമല്ലാത്ത ഏതു രീതിയും സ്വീകരിക്കാമെന്ന് ലക്ഷ്മിപ്രിയ വാദിച്ചു. ഇതിനെ തുടർന്നുണ്ടായ വാക്പോരാണ് മാസങ്ങളായി നീണ്ടുനിന്ന വലിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.
അൻസിബയുടെ പ്രവൃത്തികൾക്ക് പിന്നിൽ കൃത്യമായ അജണ്ടയും വർഗീയ താൽപര്യങ്ങളും ഉണ്ടെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചു. അൻസിബ തനിക്കെതിരെ പരാതിയിൽ ഉന്നയിച്ച പല കാര്യങ്ങളും മനസുകൊണ്ട് പോലും അറിഞ്ഞിരുന്നില്ലെന്നും അധിക്ഷേപത്തിൽ തൻ്റെ മകളെ കൂടി ചേർത്തുപറഞ്ഞത് വിഷമിപ്പിച്ചു എന്നും ലക്ഷമിപ്രിയ വ്യക്തമാക്കി.
'എൻ്റെ ഭർത്താവിനെതിരെയും അർഥമില്ലാത്ത കാര്യങ്ങൾ അൻസിബ പറയുകയുണ്ടായി. സഞ്ജീവനി എന്ന പദ്ധതി അമ്മ സംഘടനയിലുള്ളവരുടെ ചികിത്സയ്ക്കും മറ്റു കാര്യങ്ങൾക്കും വേണ്ടിയുള്ള പദ്ധതിയാണ്. അതിൻ്റെ ചെലവിനായി നിയമപരമായ ഏത് ട്രസ്റ്റിൽ നിന്നും പണം സ്വീകരിക്കുന്നതിൽ തെറ്റില്ല' ലക്ഷ്മിപ്രിയ പറഞ്ഞു.
'ചില പ്രത്യേക ഉദ്ദേശ്യങ്ങൾ മുൻനിർത്തി അൻസിബ ഫണ്ട് സ്വീകരിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഈ പ്രശ്നങ്ങൾ എല്ലാം ഉണ്ടായത്. ജനുവരി 14 മുതലുള്ള എൻ്റെ ഫോണിലെ വോയിസ് ക്ലിപ്പുകൾ എല്ലാം എസ്പിക്ക് കൈമാറി. ഞങ്ങൾ കലാകാരന്മാർക്ക് ജാതിയില്ല, മതമില്ല. ഞങ്ങളുടെ സംഘടനയ്ക്ക് ആവശ്യമായ പണം എവിടെ നിന്ന് ലഭിച്ചാലും സ്വീകരിക്കും' ലക്ഷ്മിപ്രിയ പറഞ്ഞു. അൻസിബയുടെ പ്രവൃത്തികളിൽ ഗൂഢാലോചനയുണ്ടോയെന്ന് സംശയം ഉണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR