നിലമ്പൂർ നോർത്ത് ഫോറസ്റ്റ് ഡിവിഷനിൽ രക്ഷാപ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ.
Malappuram , 10 ജൂണ് (H.S.) നിലമ്പൂർ നോർത്ത് ഫോറസ്റ്റ് ഡിവിഷനിൽ രക്ഷാപ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ. കാലാവധി കഴിഞ്ഞ വാഹനങ്ങൾ കട്ടപ്പുറത്തായതോടെയാണ് നിലമ്പൂർ നോർത്ത് ഫോറസ്റ്റ് ഡിവിഷനിൽ രക്ഷാപ്രവർത്തനങ്ങൾ പ്രതിസന്ധിയിലായിരിക്കുന്നത്. നിലമ്പൂർ മേഖലയിൽ
Nilambur forest division


Malappuram , 10 ജൂണ് (H.S.)

നിലമ്പൂർ നോർത്ത് ഫോറസ്റ്റ് ഡിവിഷനിൽ രക്ഷാപ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ. കാലാവധി കഴിഞ്ഞ വാഹനങ്ങൾ കട്ടപ്പുറത്തായതോടെയാണ് നിലമ്പൂർ നോർത്ത് ഫോറസ്റ്റ് ഡിവിഷനിൽ രക്ഷാപ്രവർത്തനങ്ങൾ പ്രതിസന്ധിയിലായിരിക്കുന്നത്.

നിലമ്പൂർ മേഖലയിൽ ശക്തമായിക്കൊണ്ടിരിക്കുന്ന വർഷകാലവും വർധിച്ചുവരുന്ന വന്യമൃഗ ശല്യവും മുന്നിൽക്കണ്ട് വനംവകുപ്പ് ജാഗ്രത ശക്തമാക്കുമ്പോൾ വാഹന ക്ഷാമം അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നു. നിലമ്പൂർ നോർത്ത് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള നിരവധി വാഹനങ്ങൾ കാലാവധി പൂർത്തിയായതോടെ കട്ടപ്പുറത്തായിരിക്കുകയാണ്. ഇതോടെ വിശാലമായ വനമേഖലയുടെ സംരക്ഷണവും അടിയന്തര ഇടപെടലുകളും പ്രതിസന്ധിയിലായതായും നാട്ടുകാർ ആരോപിക്കുന്നു.

നിലമ്പൂർ വഴിക്കടവ് എടവണ്ണ ഉൾപ്പെടെയുള്ള വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ വന്യമൃഗ ശല്യവും മഴക്കാല ദുരന്ത സാധ്യതകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ആവശ്യത്തിന് സർവീസ് യോഗ്യമായ വാഹനങ്ങൾ ഇല്ലാത്തത് വലിയ ആശങ്കയാണ് ഉയർത്തുന്നത്. അടിയന്തര സാഹചര്യങ്ങളിൽ വനപാലകർക്ക് സമയ ബന്ധിതമായി സ്ഥലത്തെത്താൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതായി നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെസി ഷാഹുൽ ഹമീദ് പറഞ്ഞു.

ഡിവിഷനിൽ വാഹനങ്ങളില്ല (ETV Bharat)

നിലമ്പൂർ നോർത്ത് ഡിവിഷൻ്റെ കീഴിൽ ആകെ പതിനഞ്ച് വാഹനങ്ങളാണുള്ളത്. എന്നാൽ ഇതിൽ ഏഴ് വാഹനങ്ങൾ പതിനഞ്ച് വർഷത്തെ നിയമാനുസൃത കാലാവധി പൂർത്തിയാക്കിയതിനാൽ നിലവിൽ ഉപയോഗിക്കാൻ കഴിയുന്നില്ല. ഈ വാഹനങ്ങൾ കട്ടപ്പുറത്തായതോടെ ബാക്കിയുള്ള ചുരുക്കം ചില വാഹനങ്ങൾ ഉപയോഗിച്ചാണ് മുഴുവൻ ഡിവിഷൻ്റെയും പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.

വനസംരക്ഷണ പ്രവർത്തനങ്ങൾക്കും പെട്രോളിങിനും വന്യമൃഗ നിരീക്ഷണത്തിനും അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും ഒരുപോലെ വാഹനങ്ങൾ ആവശ്യമാണ്. എന്നാൽ നിലവിലെ വാഹന ക്ഷാമം ദൈനംദിന പ്രവർത്തനങ്ങളെ പോലും പ്രതികൂലമായി ബാധിക്കുന്നതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

മഴക്കാലത്ത് നിലമ്പൂർ മേഖലയിലെ ചുരം റോഡുകളിൽ മരങ്ങൾ കടപുഴകി വീഴുന്നതും മണ്ണിടിച്ചിൽ ഭീഷണിയും പതിവാണ്. ഇത്തരം സാഹചര്യങ്ങളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും റോഡ് തടസങ്ങൾ നീക്കാനും വനംവകുപ്പ് സംഘങ്ങൾ വേഗത്തിൽ എത്തേണ്ടതുണ്ട്. മേഖലയിൽ നിരന്തരമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കാട്ടാന ശല്യവും മറ്റ് വന്യമൃഗ ആക്രമണങ്ങളും നേരിടുന്നതിനും മതിയായ വാഹന സൗകര്യം അനിവാര്യമാണ്.

അടിയന്തര സാഹചര്യങ്ങളിൽ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട റാപ്പിഡ് റെസ്പോൺസ് ടീമിൻ്റെ പ്രവർത്തനങ്ങളെയും വാഹനക്ഷാമം ബാധിക്കുന്നുണ്ട്. ആവശ്യമായ വാഹനങ്ങൾ ഇല്ലാത്തത് പ്രതികരണ വേഗത കുറയ്ക്കുകയും ജനങ്ങളുടെ സുരക്ഷയെ ബാധിക്കുകയും ചെയ്യുമെന്ന ആശങ്ക ശക്തമാണ്.

വനത്തിനുള്ളിലോ വനാതിർത്തി പ്രദേശങ്ങളിലോ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോഴും വന്യമൃഗ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വനംവകുപ്പിന് മതിയായ അടിസ്ഥാന സൗകര്യങ്ങൾ അനിവാര്യമാണ്. നിലവിലെ സാഹചര്യത്തിൽ പുതിയ വാഹനങ്ങൾ അനുവദിക്കാതെ മുന്നോട്ടുപോകുന്നത് അപകട സാധ്യത വർധിപ്പിക്കുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക.

വർഷാകാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് പകരം പുതിയ സുരക്ഷാ വാഹനങ്ങൾ അനുവദിക്കണമെന്ന് നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ സി ഷാഹുൽ ഹമീദ് ആവശ്യപ്പെട്ടു. മലയോര മേഖലയിലെ ജനങ്ങളുടെ സുരക്ഷയും വനംവകുപ്പിൻ്റെ കാര്യക്ഷമമായ പ്രവർത്തനവും ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉയർന്ന അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News