Enter your Email Address to subscribe to our newsletters

Kannur , 10 ജൂണ് (H.S.)
അഞ്ചരക്കണ്ടി സ്വാശ്രയ ദന്തൽ കോളജ് വിദ്യാർഥി ആർ എൽ നിതിൻ രാജ് കോളജ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചിട്ട് രണ്ട് മാസം പിന്നിടുന്നു. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിന് പിന്നാലെ ഈ കേസും സിബിഐ അന്വേഷിക്കുമോ എന്നാണ് പൊതുസമൂഹം ഉറ്റുനോക്കുന്നത്. തിരുവനന്തപുരം ആര്യനാട് ഉഴമലയ്ക്കൽ പുതുക്കുളങ്ങര സ്വദേശിയായ രാജൻ, ലത ദമ്പതികളുടെ മകനായ നിതിൻ രാജ് ഏപ്രിൽ 10നാണ് മരിച്ചത്.
2026 ജനുവരി 14ന് ഇൻസ്റ്റ ആപ്പ് വഴി നിതിൻ 15,000 രൂപ കടമെടുത്തിരുന്നു. 36 ശതമാനമായിരുന്നു പലിശ. ഇതിൽ 1000 രൂപ തിരിച്ചടച്ചു. പിന്നീട് തിരിച്ചടവ് മുടങ്ങിയപ്പോൾ രാജൻ്റെയും അധ്യാപികയായ ലത ശശിധരൻ്റെയും ഫോണുകളിലേക്ക് നിരന്തരം കോളുകളും മെസേജുകളും വന്നു. പണം അടച്ചില്ലെങ്കിൽ നിരന്തരം ശല്യപ്പെടുത്തുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതോടെ അധ്യാപിക പ്രിൻസിപ്പലിന് പരാതി നൽകി. ഇത് സംബന്ധിച്ച് ചോദിക്കാൻ പ്രിൻസിപ്പൽ ഓഫിസിലേക്ക് വിളിപ്പിച്ചതിന് പിന്നാലെയാണ് കെട്ടിടത്തിൽനിന്ന് ചാടി നിതിൻ മരിച്ചത്.
ജാതി അധിക്ഷേപമെന്ന് കുടുംബംഎന്നാൽ കോളജ് അധ്യാപകനായിരുന്ന ഡോ. എം കെ റാമിൻ്റെ ജാതി അധിക്ഷേപമാണ് മരണകാരണമെന്നാണ് നിതിൻ രാജിൻ്റെ കുടുംബം തുടക്കം മുതലേ ആരോപിക്കുന്നത്. ലോൺ ആപ്പിൻ്റെ കാര്യം പറഞ്ഞ് സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അന്വേഷണം വഴിതിരിച്ചുവിടുകയാണെന്ന് അച്ഛൻ രാജൻ ആരോപിച്ചിരുന്നു. ക്രൈംബ്രാഞ്ച് സംഘം നിതിൻ രാജിൻ്റെ വീട്ടിലെത്തി മൊഴിയെടുത്തപ്പോഴും ജാതി അധിക്ഷേപം തന്നെയാണ് അച്ഛനും സഹോദരിമാരും ഉന്നയിച്ചത്.
പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് കുടുംബംസംസ്ഥാന ക്രൈംബ്രാഞ്ച് എസ്പി ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട ഒന്നാം പ്രതിയും കോളജ് അധ്യാപകനുമായിരുന്ന ഡോ. എം കെ റാം ഇതുവരെ അറസ്റ്റിലായിട്ടില്ല. റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഹൈക്കോടതി ഈ മാസം 12 വരെ അറസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടതിനാലാണ് അറസ്റ്റ് ചെയ്യാൻ കഴിയാത്തത് എന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ക്രൈംബ്രാഞ്ചിലെ രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അസ്വാഭാവിക മരണം ഡിവൈഎസ്പി സുധീർ കല്ലനും ലോൺ ആപ്പ് ഇടപാട് ഡിവൈഎസ്പി ജീവൻ ജോർജുമാണ് അന്വേഷിക്കുന്നത്.
സിറ്റി പൊലീസ് കമ്മിഷണർ പി നിതിൻ രാജിൻ്റെ നേതൃത്വത്തിലുണ്ടായിരുന്ന പ്രത്യേക അന്വേഷണസംഘത്തിൽനിന്ന് ഏപ്രിൽ 30നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസ് അന്വേഷണം അട്ടിമറിക്കാനാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത് എന്നാണ് അച്ഛൻ രാജൻ ആരോപിക്കുന്നത്. കേരള പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടതിനാൽ സിബിഐ പോലുള്ള അന്വേഷണ ഏജൻസിയെ കേസ് ഏൽപ്പിക്കണമെന്നായിരുന്നു രാജൻ്റെ ആവശ്യം. നിതിൻ രാജിൻ്റെ മരണത്തിൽ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലും വിവിധ സംഘടനകളും 28ന് ഹർത്താൽ ആചരിച്ചിരുന്നു.
നോയിഡയിലേക്ക് നീണ്ട് അന്വേഷണംനിതിൻ രാജിനെ മരണത്തിലേക്ക് നയിക്കാൻ കാരണക്കാരനെന്ന് പൊലീസ് സംശയിക്കുന്ന ഉത്തർപ്രദേശിലെ നോയിഡയിലുള്ള ഇൻസ്റ്റൻ്റ് പേ എന്ന ലോൺ ആപ്പ് സ്ഥാപനത്തിൽ സംഘം പരിശോധന നടത്തുകയാണ്. ചൊവ്വാഴ്ചയാണ് അന്വേഷണസംഘം നോയിഡയിൽ എത്തിയത്.
ലോൺ ആപ്പ് സ്ഥാപനത്തിലെ ടെലി മാർക്കറ്റിങ് ജീവനക്കാരനായ യുപി ഗാസിയാബാദ് സ്വദേശി ഋഷികേശ് തിവാരി, പ്രശാന്ത് ഖേവൽ, ഹരിയാന ഫരീദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരെ കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പേരും ജാമ്യത്തിൽ ഇറങ്ങിയെങ്കിലും ജില്ല വിട്ടുപോകരുതെന്ന് ജാമ്യവ്യവസ്ഥയിലുണ്ട്. എല്ലാ ആഴ്ചയും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം. ഇനി കോളജ് അധികൃതർ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവരുടെ മൊഴിയെടുക്കാനുണ്ടെന്ന് ഡിവൈഎസ്പി സുധീർ കല്ലൻ വ്യക്തമാക്കി.
ഒന്നാം പ്രതി ഡോ. എം കെ റാം ഇപ്പോഴും ഒളിവിൽനിതിൻ രാജിൻ്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് ഓറൽ പാത്തോളജി ആൻഡ് മൈക്രോബയോളജി വിഭാഗം മേധാവി ഡോ. എം കെ റാം, അധ്യാപിക സംഗീത നമ്പ്യാർ എന്നിവരെ കോളജിൽനിന്ന് പുറത്താക്കിയിരുന്നു. ഇതിൽ സംഗീത നമ്പ്യാർക്ക് തലശ്ശേരി സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. റാമിനെ തേടി പൊലീസും ക്രൈംബ്രാഞ്ചും ആന്ധ്രാപ്രദേശിലും കർണാടകയിലും വ്യാപക പരിശോധന നടത്തിവരികയാണ്. നിതിൻ രാജിൻ്റെ മരണത്തിൽ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിൻ്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ മേഖലയിൽ ശക്തമായ പ്രതിഷേധങ്ങളും ഹർത്താലും അരങ്ങേറിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR