പാലാ നഗരസഭയിൽ രാഷ്ട്രീയ നാടകങ്ങൾ പുതിയ തലത്തിലേക്ക്.
Kottayam , 10 ജൂണ് (H.S.) പാലാ നഗരസഭയിൽ രാഷ്ട്രീയ നാടകങ്ങൾ പുതിയ തലത്തിലേക്ക്. കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് തൻ്റെ വിലപിടിപ്പുള്ള വാച്ചും ചില ഔദ്യോഗിക ഫയലുകളും മോഷ്ടിച്ചെന്ന ഗുരുതര ആരോപണവുമായി നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം രംഗത്തെത്തിയത
ALLEGATIONS AGAINST BIJU MATHEWS


Kottayam , 10 ജൂണ് (H.S.)

പാലാ നഗരസഭയിൽ രാഷ്ട്രീയ നാടകങ്ങൾ പുതിയ തലത്തിലേക്ക്. കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് തൻ്റെ വിലപിടിപ്പുള്ള വാച്ചും ചില ഔദ്യോഗിക ഫയലുകളും മോഷ്ടിച്ചെന്ന ഗുരുതര ആരോപണവുമായി നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം രംഗത്തെത്തിയതോടെ നഗരസഭയിൽ രാഷ്ട്രീയ പോര് മുറുകുകയാണ്.

തൻ്റെ കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെ മാത്രം മുന്നോട്ടുപോകുന്ന യുഡിഎഫ് ഭരണത്തിന് ഈ പുതിയ വിവാദം കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിൻ്റെ ആദ്യ സൂചനയെന്നോണം ഈ മൂന്ന് സ്വതന്ത്ര കൗൺസിലർമാരും യുഡിഎഫിൻ്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തുപോയിക്കഴിഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച കൊട്ടാരമറ്റം ബസ് സ്റ്റാൻഡിനുള്ളിലെ ഓട്ടോ സ്റ്റാൻ്റുമായി ബന്ധപ്പെട്ട തർക്കമാണ് നിലവിലെ നാടകീയ സംഭവങ്ങൾക്ക് തുടക്കമിട്ടത്. തന്നെ ദിയയുടെ പിതാവായ ബിനു പുളിക്കകണ്ടം മർദ്ദിച്ചു എന്നാരോപിച്ച് ബിജു മാത്യൂസ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ബിജു മാത്യൂസിനൊപ്പം ചെയർപേഴ്സണിൻ്റെ ചേംബറിൽ പരിശോധനയ്ക്കെത്തിയ സമയത്താണ് വാച്ച് മോഷണം പോയതായി ദിയ ബിനു ആരോപിക്കുന്നത്.

ദിയ ബിനു ഓഫീസിലേക്ക് കയറി വന്നപ്പോൾ ബിജു മാത്യൂസ് ഓഫീസിന് സമീപം നിൽക്കുന്നുണ്ടായിരുന്നുവെന്നും തനിക്ക് നഷ്ടപ്പെട്ട ഫയൽ പോലെ തന്നെയുള്ള ഫയലുകൾ ബിജുവിൻ്റെ കൈയിൽ ഉണ്ടായിരുന്നുവെന്നും ബിജു തന്നെയാണ് വിലപിടിപ്പുള്ള വാച്ചും ഫയലും മോഷ്ടിച്ചതെന്ന് വിശ്യസിക്കുന്നുണ്ടെന്നും പാലാ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ ദിയ പറഞ്ഞു.

മന്ത്രി ഒപ്പിട്ട പേപ്പറുകൾ ഉൾപ്പെടെയുള്ളവ ഫയലിൽ ഉണ്ടായിരുന്നു. ഓഫീസ് ടൈം കഴിഞ്ഞ് അതിക്രമിച്ച് ഓഫീസിൽ കയറി വെള്ളമെടുക്കാനെന്ന് പറഞ്ഞ് ഒഎയെ പുറത്തേക്കയച്ച് ഫയൽ എടുക്കുയായിരുന്നു. മുന്സിപ്പാലിറ്റിയുടെ ഫയൽ കാണാതെ പോവുകയും ചെയർപേഴ്സണിനെ അറിയിക്കാതെ ഓഫീസ് റൂമിൽ കയറുകയും ചെയ്തുവെന്നാണ് പരാതിയെന്ന് ദിയ ബിനു മാധ്യമങ്ങളോട് പറഞ്ഞു.

കോണ്ഗ്രസ് പ്രതിസന്ധിയിലാകുമോ?

കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസും നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടവും തമ്മിലുള്ള ഈ തർക്കത്തിൽ പ്രതിസന്ധിയിലായത് ശരിക്കും യുഡിഎഫാണ്. കേരള കോൺഗ്രസ് എമ്മിൻ്റെ ഉറച്ച കോട്ടയായ പാലായിൽ വിഡി സതീശനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കൾ നേരിട്ട് ഇടപെട്ടാണ് സ്വതന്ത്രരെ കൂട്ടുപിടിച്ച് യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. മൂന്ന് സ്വതന്ത്ര കൗൺസിലർമാരായ പുളിക്കകണ്ടം കുടുംബത്തിലെ ബിനു പുളിക്കകണ്ടം, ദിയ ബിനു, ബിജു പുളിക്കകണ്ടം എന്നിവരുടെ പിന്തുണയോടെയാണ് പാലായിൽ യു.ഡി.എഫ് ഭരണം നടത്തുന്നത്.

അതുകൊണ്ടുതന്നെ നിലവിലെ പ്രതിസന്ധി പരിഹരിക്കാനായില്ലെങ്കിൽ അത് സംസ്ഥാന തലത്തിൽ തന്നെ യുഡിഎഫിന് വലിയ രാഷ്ട്രീയ ക്ഷീണമുണ്ടാകും. ഏതെങ്കിലും തരത്തിൽ ചർച്ചകളിലൂടെ ഈ തർക്കങ്ങൾ പരിഹരിക്കാനാണ് മുതിർന്ന നേതാക്കൾ ഇപ്പോൾ ശ്രമിക്കുന്നത്.

എന്നാൽ തർക്കം പരിഹരിക്കപ്പെടാത്ത പക്ഷം നഗരസഭയിലെ ഭരണം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. നിലവിലെ സാഹചര്യത്തിൽ വി ഡി സതീശനെയും രമേശ് ചെന്നിത്തലയെയും കണ്ട് തങ്ങളുടെ പരാതികൾ ബോധിപ്പിക്കാനാണ് പുളിക്കകണ്ടം കുടുംബത്തിൻ്റെ തീരുമാനം. ഭരണപരമായ സ്തംഭനാവസ്ഥ ഒഴിവാക്കാൻ ചർച്ചകൾ സഹായിക്കുമെന്ന് നേതാക്കൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കൗൺസിലർമാർ തമ്മിലുള്ള വ്യക്തിപരമായ തർക്കം ഇതിന് തടസമാകുന്നുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News