Enter your Email Address to subscribe to our newsletters

Thiruvananthapuram , 10 ജൂണ് (H.S.)
ക്രിമിനൽ കേസിൽ പ്രതിയായ ബിജെപി കൗൺസിലർ ആർ സുഗതനെ അതീവ നാടകീയ രംഗങ്ങൾക്കൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ (KAAPA) നിയമപ്രകാരം കരുതൽ തടങ്കലിലാക്കാനുള്ള ജില്ല കലക്ടറുടെ ഉത്തരവിനെത്തുടർന്ന് വാഴോട്ടുകോണം വാർഡ് കൗൺസിലറായ സുഗതനെ വട്ടിയൂർക്കാവിലെ വീട്ടിൽനിന്ന് ഇന്നലെ രാത്രിയോടെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
കാപ്പ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ ആയതിനാലാണ് പ്രതിയെ കോടതിയിൽ ഹാജരാക്കാതെ നേരിട്ട് ജയിലിലേക്ക് മാറ്റിയത്. സുഗതനെ പിടികൂടാൻ വട്ടിയൂർക്കാവ് പൊലീസ് എത്തിയപ്പോൾ ബിജെപി പ്രവർത്തകർ തടയാൻ ശ്രമിച്ചത് വലിയ സംഘർഷത്തിന് കാരണമായി. സുഗതൻ്റെ അനുയായികൾ പൊലീസിനെ വളയുകയും ആക്രമിക്കാൻ മുതിരുകയും ചെയ്തതോടെ സ്വരക്ഷാർഥം വട്ടിയൂർക്കാവ് എസ്എച്ച്ഒ ആകാശത്തേക്ക് വെടിവച്ചു. തൻ്റെ സർവീസ് റിവോൾവർ ഉപയോഗിച്ചാണ് അദ്ദേഹം വെടിവച്ചത്.
ബലപ്രയോഗത്തിലൂടെയാണ് സുഗതനെ പൊലീസ് വീട്ടിൽനിന്ന് മാറ്റിയത്. സംഘർഷത്തിൽ വട്ടിയൂർക്കാവ് എസ്എച്ച്ഒ വിബിൻ, എസ്ഐ അഭിജിത് എന്നിവർക്ക് പരിക്കേറ്റു. സിഐ വിബിൻ്റെ തോളെല്ലിനും എസ്ഐ അഭിജിത്തിൻ്റെ കൈമുട്ടിനുമാണ് പരിക്ക്. ഇരുവരെയും പേരൂർക്കട താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിഐ വിബിനെ സ്കാനിങ്ങിന് വിധേയനാക്കിയിട്ടുണ്ട്.
പൊലീസിനെ ആക്രമിച്ച സംഭവത്തിൽ സുഗതനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ മർദിച്ചതിനുമാണ് പുതിയ നടപടി. പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ സുഗതൻ ഏറെ നാളായി പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു.
രണ്ട് മാസം മുൻപ് വട്ടിയൂർക്കാവ് വെള്ളൈക്കടവ് ക്ഷേത്രോത്സവത്തിനിടെ സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ സുഗതൻ ഒന്നാം പ്രതിയാണ്. ഈ കേസിൽ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഇയാൾ ഒളിവിലായത്. സുഗതനെ ഏഴാം തീയതിക്കകം അറസ്റ്റ് ചെയ്യണമെന്ന് കോടതി നിർദേശമുണ്ടായിരുന്നു. ഒളിവിലിരുന്ന ഇയാൾ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെത്തുടർന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്.
പൊലീസിനെതിരെ ബിജെപി
അതേസമയം കൗൺസിലർ ആർ സുഗതനെ അറസ്റ്റ് ചെയ്യാൻ അർധരാത്രി വീട്ടിലെത്തിയ പൊലീസ് കൊച്ചുകുട്ടിക്കെതിരെ തോക്കുചൂണ്ടിയെന്നും മുൻ സിപിഎം എംഎൽഎയുടെ സമ്മർദത്തിലാണ് നടപടിയെന്നും തിരുവനന്തപുരം നഗരസഭ മേയർ വി.വി രാജേഷ് ആരോപിച്ചു. അവധിയിലായിരുന്ന വട്ടിയൂർക്കാവ് സിഐ വിബിൻ തിരിച്ചെത്തിയാണ് ഈ അനിഷ്ട സംഭവങ്ങൾ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്തായിരുന്നു ഈ തരത്തിൽ വീടുവളഞ്ഞ് അറസ്റ്റ് നടത്തേണ്ട ആവശ്യമെന്നും കാപ്പ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുമ്പോൾ അതിൻ്റെ രേഖകൾ പുറത്തുവിട്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
വട്ടിയൂർക്കാവ് പൊലീസ് നിരന്തരം അവിടത്തെ ബിജെപി പ്രവർത്തകർക്കെതിരെ ഇത്തരത്തിൽ നടപടി എടുക്കുകയാണെന്നും വെള്ളൈക്കടവ് അമ്പലത്തിലെ ഒരു മൈക്ക് ഉപയോഗം സംബന്ധിച്ച തർക്കത്തിലുള്ള കേസാണ് ഇതിന് കാരണമായി പറയുന്നതെന്നും വി.വി രാജേഷ് വ്യക്തമാക്കി. തൻ്റെ പേരിലും കേസുകളുണ്ടെന്നും എന്നുവച്ച് ഇങ്ങനെയാണോ ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
ഈ കേസിൽ സുഗതൻ ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും അത് തള്ളി. പത്ത് ദിവസത്തിനുള്ളിൽ പൊലീസിൽ ഹാജരാകാനാണ് കോടതി പറഞ്ഞത്. അതിനിടെ സുഗതന് ചിക്കൻപോക്സിൻ്റെ ലക്ഷണങ്ങൾ കണ്ട് രണ്ട് ദിവസത്തേക്ക് അവധി ചോദിച്ച് നൽകിയ ഹർജിയിൽ ഹൈക്കോടതി തീരുമാനം പറയാൻ നിശ്ചയിച്ചിരിക്കെയാണ് രാത്രിയിലെ നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വട്ടിയൂർക്കാവ് സിഐ ക്രിമിനൽ മാനസികാവസ്ഥയുള്ളയാളാണെന്നും ഇയാൾക്കെതിരെ വിവിധ പരാതികൾ ഉണ്ടെന്നും വി.വി രാജേഷ് ആരോപിച്ചു. കാര്യങ്ങൾ ഡിജിപിക്ക് ബോധ്യപ്പെട്ടതിനെത്തുടർന്ന് അന്വേഷണം നടത്തി റിപ്പോർട്ട് പ്രകാരം സിഐയോട് നിർബന്ധിതമായി അവധിയിൽ പോകാൻ പറഞ്ഞിരിക്കുകയായിരുന്നു. അവധിയിലായിരുന്ന ഉദ്യോഗസ്ഥനെ തിരികെ സർവീസിൽ പ്രവേശിപ്പിക്കാൻ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിൽ ചെന്ന് സംസാരിച്ച് വേണ്ട ഒത്താശയും സമ്മർദവും ചെലുത്തിയത് ഇടതുപക്ഷത്തുള്ള മുൻ എംഎൽഎയാണെന്നും അദ്ദേഹം ആരോപിച്ചു.
കുടുംബത്തിൻ്റെ ആരോപണംപൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുഗതൻ്റെ ഭാര്യ അശ്വതിയും രംഗത്തെത്തി. വനിത പൊലീസ് പോലുമില്ലാതെയാണ് സംഘം വീട്ടിൽ അതിക്രമിച്ചു കയറിയതെന്നും തന്നെയും തൻ്റെ എട്ടും പതിനാലും വയസ്സുള്ള മക്കളെയും പൊലീസ് മർദിച്ചതായും അശ്വതി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്നെ അസഭ്യം പറയുകയും മുതുകിൽ ചവിട്ടുകയും ചെയ്തതായും അവർ ആരോപിച്ചു. അറസ്റ്റിനിടെ പൊലീസ് തൻ്റെ താലിമാല വലിച്ചുപൊട്ടിച്ചതായും അത് ഇതുവരെ തിരികെ നൽകിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.
സുഗതൻ ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലായിരുന്നുവെന്നും ഇയാൾ ഒളിവിലായിരുന്നില്ലെന്നും കുടുംബം അവകാശപ്പെട്ടു. എന്നാൽ കുടുംബത്തിൻ്റെ ആരോപണങ്ങൾ പൊലീസ് പൂർണമായും നിഷേധിച്ചു. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന സുഗതൻ്റെ കൗൺസിലർ സ്ഥാനാർഥിത്വം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കൻ്റോൺമെൻ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും ക്രമസമാധാന പ്രശ്ന സാധ്യത കണക്കിലെടുത്താണ് സുരക്ഷാ മുൻകരുതലോടെ ജയിലിലേക്ക് അയച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR