Enter your Email Address to subscribe to our newsletters

Palakkad , 10 ജൂണ് (H.S.)
നടൻ സലീം കുമാറിൻ്റെ മരണവും അതുമായി ബന്ധപ്പെട്ട് ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവയുടെ പെരുമാറ്റവും വലിയ രീതിയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന വേളയിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി നടനും പാലക്കാട് എംഎൽഎയുമായ രമേശ് പിഷാരടി. മൊബൈൽ മാധ്യമങ്ങൾ സ്വയം നിയന്ത്രണവിധേയമാകുകയോ, അതല്ലെങ്കിൽ അവർക്ക് മേൽ കർശനമായ സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവരികയോ വേണമെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.
പൊതുപരിപാടികൾ ചിത്രീകരിക്കുന്നതും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതും മാധ്യമങ്ങളുടെ അവകാശവും ഉത്തരവാദിത്തവുമാണ്. എന്നാൽ അതൊന്നും ഒരു കാരണവശാലും അതിരുകടക്കരുതെന്ന് രമേശ് പിഷാരടി പറഞ്ഞു. വ്യക്തികളുടെ സ്വകാര്യതയെ ഒട്ടും മാനിക്കാതെ അവരുടെ ഏറ്റവും വലിയ ദുഃഖ നിമിഷങ്ങളിലേക്ക് ക്യാമറകളുമായി കടന്നുകയറുകയും, ആ ദൃശ്യങ്ങൾ കേവലം കച്ചവട താത്പര്യങ്ങൾക്കായി മാത്രം ഉപയോഗിക്കുകയും ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യത ഭരണഘടനാവകാശം
സ്വകാര്യത എന്നത് ഏതൊരു പൗരൻ്റെയും ഭരണഘടനാവകാശമാണ്. ആ സ്വകാര്യതയിലേക്കുള്ള എല്ലാ അതിർവരമ്പുകളും ലംഘിക്കുന്ന ഭീകരമായ കാഴ്ചയാണ് സലീം ചേട്ടൻ്റെ വീട്ടിൽ കാണാൻ കഴിഞ്ഞതെന്നും, മറ്റൊരാളുടെ അവകാശങ്ങളെ ഹനിക്കാൻ ആർക്കും അധികാരമില്ലെന്നും പിഷാരടി വ്യക്തമാക്കി. മുൻപ് അന്തരിച്ച പ്രമുഖ കലാകാരന്മാരായ സുബി സുരേഷ്, നവാസ് എന്നിവരുടെ മരണാനന്തര ചടങ്ങുകളിലും ഇത്തരം മോശം സംഭവങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സലീം കുമാറിൻ്റെ വീട്ടിൽ കണ്ടത് അതിലും ഭീകരമായ കാഴ്ചയാണെന്നും അദ്ദേഹം സങ്കടത്തോടെ പറഞ്ഞു.
അവിടെ പ്രത്യേകിച്ച് ഒരു മതപരമായ ചടങ്ങും ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായത് ഔദ്യോഗികമായ പൊലീസ് ആദരം മാത്രമായിരുന്നു. എന്നിട്ടുപോലും അവിടുത്തെ അവസ്ഥ ഇതായിരുന്നുവെന്നും, മാധ്യമ പ്രവർത്തകർ കുറച്ചുകൂടി സംയമനം പാലിക്കേണ്ടതായിരുന്നുവെന്നും പിഷാരടി വിമർശിച്ചു.
ചടങ്ങിനിടെ സലീം കുമാറിൻ്റെ മകൻ ചന്തു മാധ്യമങ്ങളോട് വൈകാരികമായി പ്രതികരിച്ച സംഭവവും പിഷാരടി പ്രത്യേകം പരാമർശിച്ചു. തുടർച്ചയായി സ്വകാര്യത ലംഘിക്കുന്ന തരത്തിലുള്ള ചിത്രീകരണങ്ങളും അനാവശ്യ ചോദ്യങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് ചന്തുവിന് അങ്ങനെ പ്രതികരിക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു. അത്തരമൊരു പ്രതികരണത്തെ ഒരിക്കലും അസ്വാഭാവികമായി കാണാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി വി.ഡി സതീശനും ചന്തുവും പല കുറി ആവശ്യപ്പെട്ടിട്ടും ഓൺലൈൻ മാധ്യമങ്ങൾ സാമാന്യ മര്യാദ പാലിക്കാൻ തയ്യാറായില്ല. ഇതെല്ലാം അവിടുത്തെ അനിഷ്ട സംഭവങ്ങൾക്ക് കാരണമായെന്നും പിഷാരടി പറഞ്ഞു.
മരണാനന്തര ചടങ്ങിൻ്റെ ദിവസം മര്യാദയുടെ എല്ലാ അതിരുകളും ലംഘിക്കുന്ന കാഴ്ചകളാണ് കണ്ടതെന്ന് പിഷാരടി ആവർത്തിച്ച് വിമർശിച്ചു. ചടങ്ങിൻ്റെ ഗൗരവം കണക്കിലെടുത്ത് നിയന്ത്രണം പാലിക്കണമെന്ന് പലതവണ അഭ്യർഥനകൾ ഉയർന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും ചില ഓൺലൈൻ മാധ്യമങ്ങൾ മര്യാദ പാലിക്കാൻ തയ്യാറായില്ലെന്നാണ് പ്രധാന ആരോപണം. ഇതുമൂലം ചടങ്ങ് നടക്കുന്ന സ്ഥലത്ത് അനാവശ്യ തിരക്കും ബഹളവും രൂപപ്പെട്ടതായും, ഇത് കുടുംബാംഗങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാർത്താ ശേഖരണവും പൊതുതാത്പര്യവും മാധ്യമങ്ങൾക്ക് പ്രധാനമാണെങ്കിലും, മനുഷ്യരുടെ സ്വകാര്യതയും വികാരങ്ങളും അതേ പ്രാധാന്യത്തോടെ തന്നെ പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് പിഷാരടി അഭിപ്രായപ്പെട്ടു. മാധ്യമസ്വാതന്ത്ര്യം എപ്പോഴും വലിയ ഉത്തരവാദിത്തത്തോടെയായിരിക്കണമെന്നും, ദുഃഖകരമായ സാഹചര്യങ്ങളിൽ മാധ്യമങ്ങൾ അടിസ്ഥാനപരമായ ധാർമിക മൂല്യങ്ങൾ പാലിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യൂവർഷിപ്പ് കൂട്ടാൻ വേണ്ടി മാത്രം ഇത്തരം സന്ദർഭങ്ങളെ ഉപയോഗിക്കുന്നത് മാധ്യമ ധർമത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR