Enter your Email Address to subscribe to our newsletters

Ernakulam , 10 ജൂണ് (H.S.)
ലോകകപ്പ് ഫുട്ബോൾ ആവേശം ഇനി അടുക്കളയിലേക്കും സപ്ലൈകോ വ്യാപിപ്പിക്കുന്നു. ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഉപഭോക്താക്കൾക്കും ഫുട്ബോൾ പ്രേമികൾക്കുമായി സപ്ലൈകോ തികച്ചും വ്യത്യസ്തമായ ഒരു പ്രത്യേക ഓഫർ പദ്ധതിയാണ് പ്രഖ്യാപിച്ചത്. ‘സപ്ലൈകോ സോക്കർ ഇലവൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി വരും ദിവസങ്ങളിൽ പൊതുവിപണിയിൽ വലിയ ചലനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂൺ 15 മുതൽ ഈ ഓഫറുകൾ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ലഭ്യമായിത്തുടങ്ങും.
ലോകകപ്പിൽ മത്സരിക്കുന്ന പ്രമുഖരായ 11 ടീമുകളെ സപ്ലൈകോയുടെ ഏറ്റവും ജനപ്രിയമായ 11 'ശബരി' ബ്രാൻഡ് ഉത്പ്പന്നങ്ങളുമായി ബന്ധിപ്പിച്ചാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം എന്നത്, കളിക്കളത്തിൽ ടീമുകൾ നേടുന്ന ഓരോ ഗോളും ഉപഭോക്താക്കൾക്ക് ലാഭമായി മാറും എന്നതാണ്. ലോകകപ്പിലെ ഓരോ മത്സരത്തിലും ഒരു പ്രത്യേക ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനമായിരിക്കും ആ ടീമുമായി ബന്ധിപ്പിച്ചിരിക്കുന്ന ശബരി ഉത്പ്പന്നത്തിന് ലഭിക്കുന്ന പ്രത്യേക വിലക്കിഴിവ്.
ലോകകപ്പിലെ ഒരു മത്സരത്തിൽ ബ്രസീൽ എതിരാളികൾക്കെതിരെ 3 ഗോളുകൾ അടിച്ചാൽ, ബ്രസീലുമായി ബന്ധിപ്പിച്ചിരിക്കുന്ന 'ശബരി മഞ്ഞൾപ്പൊടി'ക്ക് തൊട്ടടുത്ത മത്സരം ആരംഭിക്കുന്നത് വരെ 3 ശതമാനം അധിക വിലക്കിഴിവ് ഉണ്ടായിരിക്കു. എന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ നേടുന്ന ഗോളുകൾ ഈ ഓഫറിനായി പരിഗണിക്കുകയില്ലെന്ന് സപ്ലൈകോ വ്യക്തമാക്കിയിട്ടുണ്ട്.
ടീമുകളും അവയുമായി ബന്ധിപ്പിച്ച ശബരി ഉൽപ്പന്നങ്ങളും
ബ്രസീൽ – ശബരി മഞ്ഞൾപ്പൊടിഅർജന്റീന– ശബരി പായസം മിക്സ്പോർച്ചുഗൽ – ശബരി മുളകുപൊടിജർമ്മനി – ശബരി അപ്പംപൊടിസ്പെയിൻ – ശബരി പുട്ടുപൊടിനെതർലാൻഡ് – ശബരി സാമ്പാർപ്പൊടിഫ്രാൻസ്– ശബരി ഗോൾഡ് ടീബെൽജിയം – ശബരി സൂപ്പർ ഫൈൻ ഡസ്റ്റ് ടീമൊറോക്കോ – ശബരി ഹോട്ടൽ ബ്ലെൻഡ് ടീഇംഗ്ലണ്ട്– ശബരി ഉപ്പ്ക്രൊയേഷ്യ – ശബരി വെളിച്ചെണ്ണ
ഓഫറുകളുടെ നിബന്ധനകൾ
ഓരോ ടീമിൻ്റേയും ഗോൾ നേട്ടത്തിൻ്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിക്കുന്ന വിലക്കിഴിവ് നിരക്ക് ആ ടീമിൻ്റെ അടുത്ത മത്സരം ആരംഭിക്കുന്നത് വരെ മാത്രമായിരിക്കും പ്രാബല്യത്തിൽ ഉണ്ടാകുക. അടുത്ത മത്സരം കഴിയുമ്പോൾ പുതിയ മത്സരത്തിലെ ഗോൾ നിലയുടെ അടിസ്ഥാനത്തിൽ ഓഫർ നിരക്കുകൾ പുതുക്കി നിശ്ചയിക്കും. ഇനി ഏതെങ്കിലും ഒരു ടീം ലോകകപ്പ് ടൂർണമെൻ്റിൽ നിന്ന് പുറത്താകുകയാണെങ്കിൽ ആ ടീമുമായി ബന്ധിപ്പിച്ചിട്ടുള്ള ശബരി ഉത്പ്പന്നത്തിൻ്റെ പ്രത്യേക ഓഫറും അതോടെ അവസാനിക്കുന്നതായിരിക്കും.
മെഗാ ഓഫർ: ഈ പദ്ധതിയുടെ മറ്റൊരു പ്രധാന ആകർഷണം 11 ടീമുകളിൽ ഏതെങ്കിലും ഒരു ടീം ഇത്തവണ ലോകകപ്പ് കിരീടം ചൂടുകയാണെങ്കിൽ ആ ജേതാക്കളായ ടീമുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉത്പ്പന്നത്തിന് മെഗാ ഓഫറിൻ്റെ ഭാഗമായി പ്രത്യേക അധിക വിലക്കുറവ് നൽകുമെന്ന പ്രഖ്യാപനമാണ്. സപ്ലൈകോ വിൽപനശാലകളിൽ നിലവിൽ ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പൊതുവായ വിലക്കുറവുകൾക്ക് പുറമേയാണ് ഈ പ്രത്യേക ലോകകപ്പ് ബോണസ് ഡിസ്കൗണ്ട് ലഭിക്കുക എന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമാകും.
ലോകകപ്പിൻ്റെ ആവേശത്തെ സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി പ്രത്യേകിച്ച് അടുക്കള ബഡ്ജറ്റുമായി ബന്ധിപ്പിക്കുന്ന ഈ അപൂർവ്വ ഓഫർ പദ്ധതി ഫുട്ബോൾ ആരാധകർക്കും ഒപ്പം സപ്ലൈകോ ഉപഭോക്താക്കൾക്കും ഒരുപോലെ ആവേശകരവും ലാഭകരവുമായ അനുഭവമായിരിക്കുമെന്ന് സപ്ലൈകോ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ വി എം പറഞ്ഞു. ജൂൺ 15 മുതൽ കേരളത്തിലുടനീളമുള്ള സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ഈ സോക്കർ ഫെസ്റ്റിന് തുടക്കമാകും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR