Enter your Email Address to subscribe to our newsletters

Wayanad , 10 ജൂണ് (H.S.)
ജില്ലയിൽ ഷിഗെല്ല രോഗബാധ ആശങ്ക ഉയർത്തുന്നതിനിടെ അഞ്ച് കുട്ടികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ച കുട്ടികളുടെ എണ്ണം എട്ടായി. രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും നിയന്ത്രണങ്ങൾ ശക്തമാക്കി. സുൽത്താൻ ബത്തേരി കോളിയാടി മേഖലയിലാണ് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജൂൺ ഏഴിന് പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്.
അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, പതിനൊന്ന് വയസ്സുള്ള അഞ്ച് പെൺകുട്ടികൾക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. എന്നാൽ രോഗബാധ സ്ഥിരീകരിച്ച എല്ലാ കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗവ്യാപന സാഹചര്യം നേരിട്ട് വിലയിരുത്തുന്നതിനായി ആരോഗ്യവകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡീഷണൽ ഡയറക്ടർ ഡോ. കെ.പി. റീത്തയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല വിദഗ്ദസംഘം കോളിയാടിയും സമീപ പ്രദേശങ്ങളും സന്ദർശിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും രോഗവ്യാപനം തടയാനുമുള്ള നിർദേശങ്ങളും സംഘം നൽകി. കുടിവെള്ള സ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിനായി പ്രത്യേക ക്ലോറിനേഷൻ ഡ്രൈവ് തുടരുകയാണ്. ആരോഗ്യവകുപ്പിൻ്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങളും വ്യാപകമായി നടക്കുന്നുണ്ട്.
ഷിഗെല്ല രോഗബാധ നെന്മേനി പഞ്ചായത്തിൽ ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നെന്മേനി പഞ്ചായത്തിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ആൾക്കൂട്ടങ്ങൾക്ക് ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു.
വ്യക്തിശുചിത്വവും ഭക്ഷണ-കുടിവെള്ള സുരക്ഷയും കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു. വയറിളക്കം, ഛർദ്ദി, പനി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും അധികൃതർ നിർദേശിച്ചു. രോഗവ്യാപനം നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഷിഗെല്ല എന്ന അപകടക്കാരി
ദഹന വ്യവസ്ഥിതിയെ കീഴടക്കുന്ന ഒരു തരം ബാക്ടീ രിയകളുടെ കൂട്ടമാണ് ഷിഗെല്ല. ഇവ വൻകുടലിനെ ബാധിക്കുന്നതും വളരെ വേഗത്തിൽ പടരുന്നതുമായ ഒരു പകർച്ചവ്യാധിയാണ്. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പ്രധാനമായും പകരുന്നത്. ശരിയായ സമയത്ത് പ്രതിരോധവും ചികിത്സയും ലഭിച്ചില്ലെങ്കിൽ ഇത് മരണം വരെ സംഭവിക്കാവുന്ന ഗുരുതരമായ അവസ്ഥയായി മാറാം.
അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്കാണ് ഷിഗെല്ല ബാക്ടീരിയ ഏറ്റവും വേഗത്തിൽ പടരാൻ സാധ്യത. അംഗണവാടികൾ സ്കൂളുകൾ ശിശു സംരക്ഷണകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നും രോഗം വേഗത്തിൽ പടരാൻ സാധ്യതയുണ്ട്. യാത്ര വേളകളിൽ സുരക്ഷിതമായി ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്നവർക്ക് അണുബാധയ്ക്ക് സാധ്യത കുറവായിരിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR