400 അടി ഭീമൻ ഫ്ലക്സുമായി മലപ്പുറത്തിൻ്റെ കാൽപ്പന്ത് ആരാധകർ
Malappuram , 10 ജൂണ് (H.S.) ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഫുട്ബോൾ ആവേശത്തിൻ്റെ ആസ്ഥാനമായ മലപ്പുറത്ത് നിന്ന് വീണ്ടുമൊരു റെക്കോർഡ് കാഴ്ച. കളിഭ്രാന്തിനും ലോകകപ്പ് ആഘോഷങ്ങൾക്കും പേരുകേട്ട ജില്ലയിൽ ഇത്തവണ ബ്രസീൽ ആരാധ
FIFA world cup Football fans


Malappuram , 10 ജൂണ് (H.S.)

ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഫുട്ബോൾ ആവേശത്തിൻ്റെ ആസ്ഥാനമായ മലപ്പുറത്ത് നിന്ന് വീണ്ടുമൊരു റെക്കോർഡ് കാഴ്ച. കളിഭ്രാന്തിനും ലോകകപ്പ് ആഘോഷങ്ങൾക്കും പേരുകേട്ട ജില്ലയിൽ ഇത്തവണ ബ്രസീൽ ആരാധകരാണ് ഇന്ത്യയിൽ തന്നെ ഇന്നേവരെ സ്ഥാപിച്ചിട്ടില്ലാത്ത വമ്പൻ ഒരുക്കങ്ങളുമായി ഒന്നാമതെത്തിയിരിക്കുന്നത്. മലപ്പുറം വഴിക്കടവ് മുണ്ടയിലെ ബ്രസീൽ ആരാധക കൂട്ടായ്മയായ 'മുണ്ട ജാസ് ക്ലബിൻ്റെ' നേതൃത്വത്തിൽ സ്ഥാപിച്ച 400 അടി നീളവും 12 അടി ഉയരവുമുള്ള ഭീമൻ ഫ്ലക്സ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലും കായികപ്രേമികൾക്കിടയിലും തരംഗമായി മാറിക്കഴിഞ്ഞു.

അന്തർസംസ്ഥാന പാതയായ കെ എൻ ജി റോഡിൻ്റെ മുണ്ട ഭാഗത്താണ് ദൂരക്കാഴ്ചയിൽ പോലും ആരുടെയും കണ്ണ് മഞ്ഞളിക്കുന്ന രീതിയിൽ ഈ കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ഫുട്ബോൾ ആരാധക ഫ്ലക്സാണിതെന്നാണ് ക്ലബ് അംഗങ്ങൾ അവകാശപ്പെടുന്നത്.

നെയ്മറും കൂട്ടരും മാത്രമല്ല; ഫ്ലക്സിൽ ഇന്ത്യൻ ഫുട്ബോളിനും ഇടം!

ലോകകപ്പ് ആവേശം കോരിനിറച്ച് ബ്രസീലിൻ്റെ സൂപ്പർ താരം നെയ്മർ അടക്കമുള്ള പ്രമുഖ കളിക്കാരുടെയും അവരുടെ പരിശീലകൻ്റെയും കൂറ്റൻ ചിത്രങ്ങളാണ് ഫ്ലക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തവണത്തെ ബ്രസീൽ സ്കോഡിലുള്ള മുഴുവൻ താരങ്ങളുടെയും ചിത്രങ്ങൾ ഇതിലുണ്ട്. എന്നാൽ ബ്രസീൽ താരങ്ങൾക്കൊപ്പം ഇന്ത്യൻ ഫുട്ബോളിനോടുള്ള തങ്ങളുടെ വലിയ ആഗ്രഹവും ആദരവും മുൻനിർത്തി ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ ചിത്രവും ആരാധകർ ഈ ഭീമൻ ഫ്ലക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

മഞ്ഞയും പച്ചയും അണിഞ്ഞ ഫ്ലക്സ് പാതയോരത്ത് ഉയർന്നതോടെ പ്രദേശത്തെ പുതിയ ആകർഷണ കേന്ദ്രമായി ഇത് മാറി. ലോകകപ്പ് അടുത്തെത്തിയതോടെ നിരവധി ആളുകളാണ് ഈ ഭീമൻ ഫ്ലക്സ് നേരിട്ട് കാണാനും ഇതിന് മുന്നിൽ നിന്ന് ചിത്രങ്ങളും സെൽഫികളും പകർത്താനുമായി മുണ്ടയിലേക്ക് ഒഴുകിയെത്തുന്നത്.

നാല് ദിവസത്തെ ഒരുക്കം; അർദ്ധരാത്രിയിലെ വിയർപ്പൊഴുക്കൽ

ഏകദേശം രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ബ്രസീൽ ആരാധകർ ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കിയത്. മുണ്ട ജാസ് ക്ലബിലെ അംഗങ്ങളും പ്രദേശത്തെ മറ്റ് ബ്രസീൽ പ്രേമികളും ചേർന്ന് സ്വന്തം കൈയിൽ നിന്നാണ് ഇതിനാവശ്യമായ തുക കണ്ടെത്തിയത്. ഈ ഭീമൻ ഫ്ലക്സ് ഡിസൈൻ ചെയ്ത് തയ്യാറാക്കാൻ മുഴുവനായി നാല് ദിവസത്തെ സമയമാണ് വേണ്ടി വന്നത്.

തുടർന്ന് കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെ ആരംഭിച്ച ഫ്ലക്സ് സ്ഥാപിക്കൽ പ്രവർത്തനങ്ങൾ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് പൂർത്തിയായത്. കഠിനമായ തണുപ്പിനെ അവഗണിച്ച് അറുപതിലധികം ക്ലബ് അംഗങ്ങൾ ഏഴ് മുതൽ എട്ട് മണിക്കൂറുകളോളം വിയർപ്പൊഴുക്കിയാണ് അതിസാഹസികമായി ഈ ഭീമൻ ബോർഡ് കെട്ടിയുയർത്തിയത്.

'ഈ റെക്കോർഡിൻ്റെ അഭിമാനത്തിലാണ് നാട്' : സംഘാടകർ പറയുന്നു

നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ അല്ല, ഇന്ത്യയിൽ തന്നെ ഇന്നേവരെ സ്ഥാപിക്കാത്ത തരത്തിലുള്ള ഫ്ലക്സ് ആണ് ഞങ്ങൾ ഇവിടെ നിലമ്പൂർ മുണ്ടയിൽ സ്ഥാപിച്ചിരിക്കുന്നത്. വളരെ സന്തോഷത്തോടെയാണ് ഈ വേൾഡ് കപ്പിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നത്. ഇക്കുറിയും വളരെ പ്രതീക്ഷയോടെയാണ് ഞങ്ങൾ. ബ്രസീൽ എന്ന ടീം തന്ന പ്രചോദനവും ഊർജവും വളരെ വലുതാണ്. ഈ പ്രാവശ്യം ഞങ്ങൾ കപ്പടിക്കും എന്ന ആവേശത്തോടെ തന്നെയാണ് ഇന്ത്യയിൽ ഇന്നേവരെ വെക്കാത്ത 400 അടി ഫ്ലക്സ് വെച്ചത്. ഇതുവരെ ഈ റെക്കോർഡിനെ മറികടക്കാൻ മറ്റൊരു ഫ്ലക്സും വന്നിട്ടില്ല. അതിൻ്റെ ഒരു അഭിമാനത്തിലാണ് നാടും ഫാൻസുകാരും എല്ലാവരും. സംഘാടകൻ ഫൈസലിൻ്റെ വാക്കുകളാണ്

ഫുട്ബോളിൻ്റെ മക്ക എന്നറിയപ്പെട്ട മലപ്പുറം ഞങ്ങൾ തൂക്കി

2026-ൽ ആറാമത്തെ കപ്പ് എന്തായാലും നമ്മുക്ക് തന്നെയാണ്. ഈ സ്ക്വാഡിലുള്ള എല്ലാവരുടെയും ചിത്രം ഞങ്ങൾ ഫ്ലക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ ഇന്ത്യൻ ഫുട്ബോളിൻ്റ പടവും ഉൾപ്പെടുത്തിയിട്ടുണ്ട്, അത് നമ്മുടെ ഒരു വലിയ ആഗ്രഹമാണ്. നാല് ദിവസമാണ് ഇതിന് മുഴുവനായും വേണ്ടി വന്ന സമയം. ഫ്ലക്സ് സ്ഥാപിക്കാൻ മാത്രം ഒരു 7, 8 മണിക്കൂർ എടുത്തു. കഠിനപ്രയത്നത്തിലൂടെയാണ് ഇങ്ങനെ ഒരു ഫ്ലക്സ് സ്ഥാപിക്കാൻ കഴിഞ്ഞത് എന്ന് സംഘാടകൻ നവാസ് പറഞ്ഞു.

അതിർത്തികൾ മായ്ക്കുന്ന ഫുട്ബോൾ ആവേശം

ഫുട്ബോളിനോടുള്ള മലപ്പുറത്തിൻ്റെ അടങ്ങാത്ത പ്രണയത്തിന് അടിവരയിടുന്നതാണ് മുണ്ടയിലെ ഈ കാഴ്ച. ലോകകപ്പ് സീസൺ എത്തിക്കഴിഞ്ഞാൽ മലപ്പുറത്തെ ഗ്രാമങ്ങളിൽ വിവിധ രാജ്യങ്ങളുടെ ആരാധകർ തമ്മിലുള്ള ആരോഗ്യകരമായ മത്സരവും ആഘോഷങ്ങളും പതിവാണ്. ബ്രസീൽ, അർജൻ്റീന, പോർച്ചുഗൽ തുടങ്ങിയ വമ്പൻ ടീമുകളുടെ കൂറ്റൻ കട്ടൗട്ടുകളും ഫ്ലക്സുകളും കൊണ്ട് നാട്ടിൻപുറങ്ങൾ നിറയുന്നത് കേരളത്തിൻ്റെ തന്നെ ഉത്സവക്കാഴ്ചയാണ്.കഴിഞ്ഞ ലോകകപ്പിൽ നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ കിരീടം ഇത്തവണ കാനറിപ്പട തിരിച്ചുപിടിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ആരാധകർ. മൈതാനത്ത് കളി തുടങ്ങുന്നതിന് മുൻപേ തന്നെ മലപ്പുറത്തെ മലയോര മേഖലകളിൽ ലോകകപ്പ് പന്തുരുണ്ടു കഴിഞ്ഞുവെന്നതിൻ്റെ നേർസാക്ഷ്യമാണ് മുണ്ടയിലെ ഈ കാനറി വസന്തം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News