Enter your Email Address to subscribe to our newsletters

Thiruvananthapuram , 10 ജൂണ് (H.S.)
കലാകാരന്മാര്ക്ക് നേരെയുള്ള സൈബര് ആക്രമണങ്ങള് കേരളത്തിന് അപമാനം: മുഖ്യമന്ത്രി വി ഡി സതീശന്.
കലാകാരന്മാര്ക്ക് നേരെയുള്ള സൈബര് ആക്രമണങ്ങള് കേരളത്തിന് അപമാനമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. നടന് സലീം കുമാര് രോഗബാധിതനായി വെന്റിലേറ്ററില് കഴിഞ്ഞ സമയത്ത് അദ്ദേഹത്തിനെതിരെ സമൂഹമാധ്യമങ്ങളില് നടന്ന സൈബര് ആക്രമണങ്ങള് മനുഷ്യത്വരഹിതമാണ്. രാഷ്ട്രീയത്തിന്റെ പേരില് കലാകാരന്മാരെ ഇത്തരത്തില് ആക്രമിക്കുന്നത് കേരളത്തിന് യോജിച്ചതല്ല. വര്ത്താസമ്മേളനത്തില് മാധ്യമ പ്രവര്ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രശസ്ത വ്യക്തികള് മരിക്കുമ്പോള് വീടുകളില് ഉണ്ടാകുന്ന അനിയന്ത്രിതമായ തിരക്കു കാരണം കുടുംബാംഗങ്ങള്ക്ക് മരണാനന്തര കര്മ്മങ്ങള് ചെയ്യാനോ, പോലീസിന് ഔദ്യോഗിക ബഹുമതി നല്കാനോ കഴിയാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. ഇതൊന്നും നമ്മുടെ നാടിന്റെ സംസ്കാര രീതിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴയിലെ ഗണ്മാന് കേസില് പ്രതികള്ക്ക് മുന്കൂര് ജാമ്യം ലഭിച്ച സംഭവം സര്ക്കാര് ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോടതിയുടെ ദൈനംദിന നടപടിക്രമങ്ങളിലോ വിധികളിലോ സര്ക്കാരിന് നേരിട്ട് അഭിപ്രായം പറയാനാകില്ല. എന്നാല് പ്രതികള്ക്ക് മുന്കൂര് ജാമ്യം ലഭിക്കാന് ഇടയായ സാഹചര്യങ്ങള് വിലയിരുത്തുമെന്നും സര്ക്കാരിന് മുന്നിലുള്ള മറ്റ് നിയമപരമായ സാധ്യതകള് പരിശോധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
മെട്രോമാന് ഇ. ശ്രീധരന് സമര്പ്പിച്ച പുതിയ റെയില്വേ പദ്ധതിക്ക് സര്ക്കാര് ഇതുവരെ അനുമതി നല്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ സാമ്പത്തിക, പാരിസ്ഥിതിക, സാങ്കേതിക വശങ്ങള് പഠിക്കാന് വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മുന്കാല സില്വര് ലൈന് പദ്ധതിയെപ്പോലെ ഇത് കേരളത്തിന്റെ പരിസ്ഥിതിക്ക് ദോഷകരമാണോയെന്ന് സമിതി വിശദമായി പരിശോധിക്കുമെന്നും മൂന്നാഴ്ചയ്ക്കകം സമിതി റിപ്പോര്ട്ട് സമര്പ്പിച്ച ശേഷമേ സര്ക്കാര് അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കരാറില് മുന് സര്ക്കാര് മന്ത്രിസഭയെ പോലും അറിയിക്കാതെയാണ് ഒപ്പുവെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്ക്കാര് തലത്തില് ഒപ്പുവെച്ച കരാറിലെ നിയമപരമായ ബാധ്യതകള് നിലവിലെ സര്ക്കാര് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
വഖഫ് ഭൂമി വിഷയത്തില് സമരസമിതിയുള്പ്പെടെ വിവിധ വിഭാഗങ്ങളുമായി ചര്ച്ചകള് പുരോഗമിക്കുകയാണെന്നും പഠനങ്ങള്ക്ക് ശേഷമേ തീരുമാനമുണ്ടാകൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്വകലാശാല നിയമനങ്ങളില് ഗവര്ണറുടെ ഇടപെടലുകള് പരിശോധിച്ച് ആവശ്യമായ നിയമനടപടികള് സ്വീകരിക്കും.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം വെറും പത്ത് ദിവസം കൊണ്ടാണ് തയ്യാറാക്കിയത്, അതിനായി എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടില്ല. എന്നാല് ഭാവിയില് കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തില് ഭരണനിര്വഹണം ശക്തിപ്പെടുത്തുന്നതിനായി സര്ക്കാര് എ.ഐ. സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും ഇതിനായുള്ള പഠനങ്ങള് ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെക്രട്ടേറിയറ്റില് മാധ്യമങ്ങള്ക്ക് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങള് 2018-ല് മുന് സര്ക്കാര് കൊണ്ടുവന്നതാണെന്നും ആ ഉത്തരവ് പിന്വലിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ.ഡി. കേസുകളില് നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നതാണ് നിലപാടെന്നും മുഖ്യമന്ത്രി അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR