വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു
Wayanad , 10 ജൂണ് (H.S.) കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കാട്ടിക്കുളം പുളിമൂട്കുന്ന് മിച്ചഭൂമി സ്വദേശിയായ രാജു(65) വാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. വയനാട് കാട്ടിക്കുളം പുളിമൂട്കുന്ന് പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇന്ന് രാ
Wild elephant


Wayanad , 10 ജൂണ് (H.S.)

കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കാട്ടിക്കുളം പുളിമൂട്കുന്ന് മിച്ചഭൂമി സ്വദേശിയായ രാജു(65) വാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. വയനാട് കാട്ടിക്കുളം പുളിമൂട്കുന്ന് പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ വനംവകുപ്പും നാട്ടുകാരും ചേർന്ന് തുരത്തുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. വീടിന് സമീപത്ത് ജോലി ചെയ്യുകയായിരുന്ന രാജുവിനെ കാട്ടാന തട്ടിയതായാണ് പ്രദേശവാസികൾ പറയുന്നത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജുവിന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു.

പിന്നാലെ രാജുവിനെ വനംവകുപ്പിൻ്റെ വാഹനത്തിൽ വയനാട് മെഡിക്കൽ കോളജിലേക്ക് എത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കാട്ടാന ആക്രമണ വാർത്ത പരന്നതോടെ വലിയ ജനക്കൂട്ടമാണ് പ്രദേശത്ത് എത്തിയത്. സമീപകാലത്തായി കാട്ടിക്കുളം മേഖലയിലും പരിസര പ്രദേശങ്ങളിലുമായി വന്യമൃഗ ശല്യം വർധിച്ചുവരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ജനവാസ കേന്ദ്രങ്ങളിലേക്ക് പതിവായി കാട്ടാനകൾ ഇറങ്ങുന്നതായും ഇവർ പറയുന്നു. സിപിഎമ്മിന്റെ നേതൃത്വത്തില് എംഎല്എ ഉഷ വിജയനു നേരേ പ്രതിഷേധമുണ്ടായി. മെഡിക്കല് കോളജ് പരിസരത്തും പ്രതിഷേധം അരങ്ങഏറി

ജനവാസ മേഖലയിലേക്കാണ് ആന ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. രാവിലെയാണ് ആക്രമണം നടന്നത്. ഈ സമയത്ത് വഴിയിലൂടെ നിരവധി പേരാണ് സ്കൂളിലേക്കും ജോലിക്കും പോകുന്നത്. എല്ലാവരുടെയും സുരക്ഷ ഉറപ്പ് വ രുത്തണം. രാത്രിയും നൈറ്റ് പെട്രോളിങ് ആവശ്യമാണ്. എത്രയും വേഗം കാട്ടാനയെ തിരിച്ച് കാട്ടിലേക്ക് അയക്കണമെന്നും പ്രദേശവാസി ജിതിൻ പറഞ്ഞു.

നിരന്തരമായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ പ്രദേശവാസികൾക്കിടയിൽ വലിയ ഭീതിക്കും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. കാട്ടാന ശല്യം ശാശ്വതമായി പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും മനുഷ്യജീവൻ സംരക്ഷിക്കണമെന്നും പ്രദേശവാസികൾ പറഞ്ഞു.

സംഭവസ്ഥലത്ത് വനംവകുപ്പും പൊലീസും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കാട്ടാനയെ വനത്തിനുള്ളിലേക്ക് തുരത്താനുള്ള നടപടികളും തുടരുകയാണ്. വീണ്ടും ഒരു ജീവൻ നഷ്ടമായതോടെ വന്യമൃഗ ശല്യത്തിനെതിരായ പ്രതിഷേധം ശക്തമാകുകയാണ്. ജനവാസ മേഖലയിലേക്ക് വന്യജീവികൾ എത്തുന്നത് തടയാൻ ഫലപ്രദമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തുടർച്ചയായുള്ള ഇത്തരം സംഭവങ്ങൾ മലയോര കർഷകരെയും സാധാരണക്കാരെയും കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഭൂരിഭാഗം കർഷകർക്കും വന്യമൃഗശല്യം താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. രാത്രി കാലങ്ങളിൽ പുറത്തിറങ്ങാനോ യാത്ര ചെയ്യാനോ കഴിയാത്ത വിധം പ്രദേശവാസികൾക്ക് സ്വന്തം നാട്ടിൽ അപ്രഖ്യാപിത കർഫ്യൂ അനുഭവിക്കേണ്ടി വരുന്നു. ഇതിന് മുമ്പും വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News