Enter your Email Address to subscribe to our newsletters

Kochi, 10 ജൂണ്‍ (H.S.)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് കോടതി കസ്റ്റഡിയില്‍ ഇരിക്കെ നിയമവിരുദ്ധമായി പരിശോധിച്ചതില്‍ അന്വേഷണം വേണമെന്ന അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതിയിലെ രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കേസ് കേള്‍ക്കുന്നതില്‍ നിന്നും ഇന്ന് പിന്മാറിയത്.
ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ജില്ലാ കോടതി ജഡ്ജിയായിരിക്കെ ഇതേ കോടതിയുടെ കസ്റ്റഡിയിലിരിക്കെയും മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം പിന്മാറിയത്.
മെമ്മറി കാര്‍ഡ് പരിശോധനയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റിയന്‍ ഈ കേസ് പരിഗണിക്കുന്നതില്‍ നിന്നും പിന്മാറിയിരുന്നു. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റിയന്‍ ജുഡീഷ്യല്‍ രജിസ്ട്രാര്‍ ആയിരിക്കെയാണ് മെമ്മറി കാര്‍ഡ് വിഷയത്തില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പിന്മാറ്റം. ഇതോടെ അതിജീവിതയുടെ ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും.
മുന്‍ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സൈബര്‍ വിദഗ്ധനടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പുനരന്വേഷണം നടത്തണം എന്നിവയാണ് നടിയുടെ ആവശ്യങ്ങള്‍. 2018 ജനുവരി ഒന്‍പതിന് രാത്രിയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ്, 2018 ഡിസംബര്‍ 13ന് ജില്ലാ കോടതിയിലെ ബഞ്ച് ക്ലര്‍ക്ക് മഹേഷ്, 2021 ജൂലൈ 19ന് വിചാരണ കോടതി ശിരസ്താദര്‍ താജുദീന്‍ എന്നിവര്‍ കേസിലെ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി തുറന്നു പരിശോധിച്ചെന്നായിരുന്നു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പക്ഷപാതപരമായതുകൊണ്ട് റദ്ദാക്കണമെന്നാണ് അതിജീവിതയുടെ നിലപാട്.
---------------
Hindusthan Samachar / Sreejith S