രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി രാഷ്ട്രപതി
New delhi, 10 ജൂണ്‍ (H.S.) ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. മോദിയുടെ ഭരണ കാലയളവില്‍, രാജ്യം സാമൂഹിക പരിവര്‍ത്തന
president draupadi murmu


New delhi, 10 ജൂണ്‍ (H.S.)

ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. മോദിയുടെ ഭരണ കാലയളവില്‍, രാജ്യം സാമൂഹിക പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചുവെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.

'രാഷ്ട്രം ആദ്യം എന്ന മനോഭാവത്തോടെ നിങ്ങള്‍ രാജ്യത്തെ നയിച്ചു. പാരമ്പര്യത്തേയും വികസനത്തേയും കൂട്ടി യോജിപ്പിച്ചു. ഇപ്പോള്‍ ആഗോള സമൂഹത്തില്‍ ഇന്ത്യ സുപ്രധാന സ്ഥാനം നേടിയിരിക്കുന്നു' രാഷ്ട്രപതി കത്തില്‍ പറയുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയുടെ ജനസേവന യാത്ര ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷതകളില്‍ ഒന്നാണെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.

'നിങ്ങള്‍ അധികാരത്തില്‍ ചെലവഴിച്ച വര്‍ഷങ്ങള്‍ ചരിത്രം രേഖപ്പെടുത്തും. ആ വര്‍ഷങ്ങള്‍ തങ്ങളുടെ ജീവിതത്തെ എങ്ങനെ സ്പര്‍ശിച്ചുവെന്നും അവസരങ്ങള്‍ നല്‍കിയെന്നും ഭാവിയെ ശക്തിപ്പെടുത്തി എന്നും ജനങ്ങള്‍ ഓര്‍ക്കും. പൊതുസേവനത്തിന്റെ യഥാര്‍ത്ഥ അളവ് ആത്യന്തികമായി മാറിയ ജീവിതങ്ങളിലും സാക്ഷാത്കരിക്കപ്പെട്ട പ്രതീക്ഷകളിലുമാണ് കുടികൊള്ളുന്നത്. സേവനം, ദേശീയ വികസനം എന്നിവയുടെ ആദര്‍ശങ്ങളോടുള്ള നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത ഇന്ത്യയുടെ അഭിലാഷങ്ങളെ പൂര്‍ത്തീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്' ദ്രൗപതി മുര്‍മു പറഞ്ഞു.

'നമ്മുടെ സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളോടുള്ള നിങ്ങളുടെ അനുകമ്പയും അന്ത്യോദയ എന്ന ആദര്‍ശത്തോടുള്ള നിങ്ങളുടെ പ്രതിബദ്ധതയും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. ഇത് കേവലം ഒരു നയപരമായ ഇടപെടലിന് ഉപരി ഇന്ത്യയിലെ ഏറ്റവും ദുര്‍ബലരായ ചില പൗരന്മാരോടുള്ള ആഴമേറിയ സംവേദനക്ഷമതയെയാണ് പ്രതിഫലിപ്പിക്കുന്നത്' കത്തില്‍ പറയുന്നു.

ദരിദ്രരുടെ ക്ഷേമം, ആരോഗ്യ സംരക്ഷണം, കര്‍ഷക ശാക്തീകരണം, മധ്യവര്‍ഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കല്‍ എന്നീ മേഖലയില്‍ കാതലായ മാറ്റങ്ങളുണ്ടായതായും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടും പ്രവര്‍ത്തനങ്ങളും ദശലക്ഷക്കണക്കിന് ജീവിതങ്ങളെ മാറ്റിമറിച്ചുവെന്നും കത്തില്‍ ദ്രൗപതി മുര്‍മു പറഞ്ഞു.

വളരെക്കാലമായി മുഖ്യധാര മേഖലയില്‍ നിന്നും വിട്ട് നില്‍ക്കുന്ന പ്രദേശങ്ങള്‍ക്ക് മോദിയുടെ നേതൃത്വത്തില്‍ പ്രത്യേക ശ്രദ്ധയും പരിചരണവും ലഭിച്ചിട്ടുണ്ടെന്നും വികസനത്തില്‍ വളരെ പിന്നിലായിരുന്ന ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ പുരോഗതിയുണ്ടാതായും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News