രാജ്യസഭയിലേക്കുള്ള നാമനിര്ദേശ പത്രിക തള്ളിയത് ജനാധിപത്യ വിരുദ്ധം; തിരഞ്ഞെടുപ്പ് കമ്മിഷനെ വിമര്ശിച്ച് കോണ്ഗ്രസ്
New delhi, 10 ജൂണ്‍ (H.S.) രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതില്‍ വിമര്‍ശനം. മീനാക്ഷി നാടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയ റിട്ടേണിങ് ഓഫിസറുടെ ഉത്തരവ് ''ജനാധിപത്യത്തിന്റെ അട്ടിമറി''യാണെന്ന
congress


New delhi, 10 ജൂണ്‍ (H.S.)

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതില്‍ വിമര്‍ശനം. മീനാക്ഷി നാടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയ റിട്ടേണിങ് ഓഫിസറുടെ ഉത്തരവ് 'ജനാധിപത്യത്തിന്റെ അട്ടിമറി'യാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍, ജയറാം രമേശ്, അഭിഷേക് സിങ്വി, വിവേക് ടാങ്ക, രണ്‍ദീപ് സുര്‍ജേവാല, ദീപാ ദാസ്മുന്‍ഷി തുടങ്ങിയ മുതിര്‍ന്ന നേതാക്കളടങ്ങിയ സംഘം തിരഞ്ഞെടുപ്പ് കമ്മിഷനെ നേരില്‍ കണ്ടു. മീനാക്ഷി നാടരാജനും സംഘത്തോടൊപ്പമുണ്ടായിരുന്നു. ''ഇത് ജനാധിപത്യത്തിന്റെ അട്ടിമറിയാണ്. ഭരണഘടനാ സ്ഥാപനങ്ങളില്‍ ഞങ്ങള്‍ക്ക് ഇപ്പോഴും പൂര്‍ണ വിശ്വാസമുണ്ട്. അതുകൊണ്ടാണ് ഈ പോരാട്ടം നടത്തുന്നത്'' - കമ്മിഷനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മീനാക്ഷി നാടരാജന്‍ മാധ്യമങ്ങളോടു പറഞ്ഞു.

റിട്ടേണിങ് ഓഫിസറുടെ തീരുമാനം 'ദുഷ്‌പ്രേരിതവും തികച്ചും പക്ഷപാതപരവുമാണ്' എന്നാണ് കോണ്‍ഗ്രസിന്റെ നിയമ സെല്‍ മേധാവി കൂടിയായ അഭിഷേക് സിങ്വി വിമര്‍ശിച്ചത്. ജനപ്രാതിനിധ്യ നിയമത്തിലെ 33എ വകുപ്പ് പ്രകാരം രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ള ശിക്ഷ ലഭിക്കാവുന്ന കേസുകള്‍ മാത്രമാണ് വെളിപ്പെടുത്തേണ്ടതെന്നും ഈ കേസില്‍ മീനാക്ഷി നടരാജനെതിരെ അത്തരം സാഹചര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ''കുറ്റപത്രം റജിസ്റ്റര്‍ ചെയ്യുന്നത് ഒരു ജുഡീഷ്യല്‍ പ്രക്രിയയാണ്. എന്നാല്‍ മീനാക്ഷി നടരാജനെതിരെ അത്തരമൊരു പ്രക്രിയ പോലും നടന്നിട്ടില്ല. ഒരു സ്വകാര്യ പരാതിയില്‍ കോടതി നോട്ടിസ് മാത്രമേ ഇറക്കിയിട്ടുള്ളൂ. അപ്പോള്‍ വെളിപ്പെടുത്തേണ്ട 'ക്രിമിനല്‍ കേസ്' എവിടെ എന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. ഇന്ത്യന്‍ നിയമവ്യവസ്ഥയും ഒരു ഹൈക്കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്'' - അദ്ദേഹം പറഞ്ഞു.

നടപടി ജനാധിപത്യ തിരഞ്ഞെടുപ്പിലെ തുല്യതയുള്ള കളിക്കളത്തെ തകര്‍ക്കുന്നുവെന്നും ഭരണഘടനയുടെ അടിസ്ഥാനഘടനയെ തന്നെ ബാധിക്കുന്ന ഗുരുതര ലംഘനമാണെന്നും കോണ്‍ഗ്രസ് കമ്മിഷനെ അറിയിച്ചു. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം കൂടിയായ ബുധനാഴ്ച തന്നെയാണ് കോണ്‍ഗ്രസ് പരാതിയുമായി എത്തിയത്. ''സമയം ഇപ്പോഴും ഉണ്ട്. പൂര്‍ണമായും നിയമവിരുദ്ധവും തികച്ചും ഏകപക്ഷീയവുമായ ഈ ഉത്തരവ് ഉടന്‍ റദ്ദാക്കണം'' - സിങ്വി ആവശ്യപ്പെട്ടു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News