Enter your Email Address to subscribe to our newsletters

Thiruvanathapuram, 10 ജൂണ്‍ (H.S.)
ലോകകപ്പിന്റെ ആവേശം വിലക്കിഴിവായി അവതരിപ്പിച്ച് സപ്ലൈകോ. പ്രത്യേക ഓഫര്‍ പദ്ധതിയായ 'സപ്ലൈകോ സോക്കര്‍ ഇലവന്‍' അവതരിപ്പിക്കുന്നു. ജൂണ്‍ 15 മുതല്‍ ആരംഭിക്കുന്ന ഈ ഓഫറില്‍ വലിയ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെടുത്തിയാണ് വിലക്കിഴിവുകള്‍ നല്‍കുക. .
ഓരോ മത്സരത്തിലും ഒരു ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനം വിലക്കിഴിവാകും നല്‍കുക.
ശബരി ഉല്‍പ്പന്നത്തിനാണ് ആനുകൂല്യം. ഒരു മത്സരത്തില്‍ ബ്രസീല്‍ മൂന്ന് ഗോള്‍ നേടിയാല്‍ ശബരി മഞ്ഞള്‍പ്പൊടിക്ക് അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മൂന്ന് ശതമാനം വിലക്കിഴിവ് ലഭിക്കും. ഷൂട്ടൗട്ടില്‍ നേടുന്ന ഗോളുകള്‍ ഇതിനായി പരിഗണിക്കില്ല. ഓരോ ടീമിന്റെയും വിലക്കിഴിവ് നിരക്ക് ആ ടീമിന്റെ അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മാത്രമായിരിക്കും പ്രാബല്യത്തില്‍ ഉണ്ടാകുക. തുടര്‍ന്ന് പുതിയ മത്സരത്തിലെ ഗോള്‍നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ വിലക്കിഴിവ് പുതുക്കി നിശ്ചയിക്കും. ഒരു ടീം ലോകകപ്പില്‍ നിന്ന് പുറത്താകുന്ന ഘട്ടത്തില്‍ അതുമായി ബന്ധപ്പെട്ട ഓഫറും അവസാനിക്കും.
ബ്രസീല്‍, ജര്‍മ്മനി, നെതര്‍ലാന്‍ഡ്, സ്‌പെയിന്‍, ബെല്‍ജിയം, ഫ്രാന്‍സ്, അര്‍ജന്റീന, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, ക്രൊയേഷ്യ, മൊറോക്കോ എന്നീ ടീമുകളാണ് 'സപ്ലൈകോ ഇലവന്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബ്രസീല്‍ - മഞ്ഞള്‍പ്പൊടി, ജര്‍മ്മനി - അപ്പംപൊടി, നെതര്‍ലാന്‍ഡ് - സാമ്പാര്‍പ്പൊടി, സ്‌പെയിന്‍ - പുട്ടുപൊടി, അര്‍ജന്റീന - പായസം മിക്‌സ്, ബെല്‍ജിയം - സൂപ്പര്‍ ഫൈന്‍ ഡസ്റ്റ് ടീ, പോര്‍ച്ചുഗല്‍ - മുളകുപൊടി, ക്രൊയേഷ്യ - വെളിച്ചെണ്ണ, ഇംഗ്ലണ്ട് - ഉപ്പ്, മൊറോക്കോ - ഹോട്ടല്‍ ബ്ലെന്‍ഡ് ടീ, ഫ്രാന്‍സ് - ഗോള്‍ഡ് ടീ എന്നിങ്ങനെയാണ് വിലക്കിഴിവ് നിശ്ചയിച്ചിരിക്കുന്ന ഉത്പ്പന്നങ്ങള്‍ ഈ 11 ടീമുകളില്‍ ഏതെങ്കിലും ഒരു ടീം ലോകകപ്പ നേടുകയാണെങ്കില്‍ ആ ടീമുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ഉത്പ്പന്നം ഉപഭോക്താക്കള്‍ക്ക് അധിക വിലക്കുറവില്‍ നല്‍കുകയും ചെയ്യും.
---------------
Hindusthan Samachar / Sreejith S