Enter your Email Address to subscribe to our newsletters

Ernakulam , 11 ജൂണ് (H.S.)
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT) അഖിലേന്ത്യാ തലത്തിൽ നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ (CAT 2026) ഫലങ്ങൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. കഴിഞ്ഞ മെയ് 9, 10, 11 തീയതികളിൽ രാജ്യത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് വിവിധ യുജി പിജി പ്രോഗ്രാമുകളിലേക്കായി നടത്തിയ പരീക്ഷയുടെ ഫലമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സർവ്വകലാശാലയുടെ വിവിധ അക്കാദമിക് കോഴ്സുകളിലായി ആകെ 48,074 അപേക്ഷകരാണ് ഇത്തവണ പ്രവേശന പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. പരീക്ഷാ ഫലം സർവകലാശാലയുടെ ഔദ്യോഗിക അഡ്മിഷൻ വെബ്സൈറ്റായ https://admissions.cusat.ac.in-ൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
ഫലപ്രഖ്യാപനത്തോടൊപ്പം വിവിധ കോഴ്സുകളിലേക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ തീയതികളും സർവകലാശാല അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് നിശ്ചിത തീയതികൾക്കുള്ളിൽ ഓപ്ഷനുകൾ രേഖപ്പെടുത്താവുന്നതാണ്. വിവിധ കോഴ്സുകളുടെ തീയതികൾ താഴെ നൽകുന്നു.
- ബി.ലെറ്റ് (B.Let) പ്രോഗ്രാമുകൾ: ഓപ്ഷൻ രജിസ്ട്രേഷൻ ജൂൺ 11-ന് ആരംഭിച്ചു. അപേക്ഷകർ ജൂൺ 16-നകം പ്രൊഫൈൽ വഴി ഓപ്ഷൻ രജിസ്റ്റർ ചെയ്യേണ്ടതാണ്.
- ബി.ടെക് (B.Tech) പ്രോഗ്രാമുകൾ: ഓപ്ഷൻ രജിസ്ട്രേഷൻ ജൂൺ 16-ന് ആരംഭിക്കും. വിദ്യാർത്ഥികൾക്ക് ജൂൺ 22 വരെ ഓപ്ഷനുകൾ സമർപ്പിക്കാൻ സമയമുണ്ട്.
- പിജി / ഇന്റഗ്രേറ്റഡ് ബിബിഎ / ബികോം എൽഎൽബി (Hons) / ബിഎസ്സി എൽഎൽബി (Hons) കമ്പ്യൂട്ടർ സയൻസ്: ഈ പ്രോഗ്രാമുകളിലേക്കുള്ള ഓപ്ഷൻ രജിസ്ട്രേഷനും റീ-അറേഞ്ച്മെൻ്റിനുമുള്ള അവസരം ജൂൺ 11 മുതൽ 14 വരെ ആയിരിക്കും.
- ഇന്റഗ്രേറ്റഡ് എം.എസ്സി / എംസിഎ പ്രോഗ്രാമുകൾ: ഈ കോഴ്സുകളിലേക്കുള്ള റിയൽ ടൈം കൗൺസിലിംഗ് ജൂൺ 19-ന് നടത്തുന്നതായിരിക്കും.
ബി.ടെക് വിഭാഗത്തിൽ തിളക്കമാർന്ന വിജയം; റാങ്ക് ജേതാക്കൾ ഇവർ
ബി.ടെക് പ്രവേശന പരീക്ഷയിൽ ആലപ്പുഴ നോർത്ത് ആര്യാട് പവിത്രം വീട്ടിൽ അഭിനവ് അരുൺ ഒന്നാം റാങ്ക് നേടി നാടിന് അഭിമാനമായി മാറി. പാലക്കാട് ചെറുപ്പളശ്ശേരി അടക്കാപുത്തൂർ വടക്കേതിൽ നിവേദ് വേണുഗോപാലൻ രണ്ടാം റാങ്കും, എറണാകുളം കദളിക്കാട് പുത്തൻപുരയ്ക്കൽ ആൽഫ്രെഡ് ജെൻസൺ മൂന്നാം റാങ്കും സ്വന്തമാക്കി.
പട്ടികജാതി വിഭാഗത്തിൽ എറണാകുളം ആലുവ ചൊവ്വര ഏത്തയ്ക്കുടി ഹൗസിൽ ഋഷഭ് അഭിലാഷ് ഇ ഒന്നാം റാങ്കും, പാലക്കാട് തൃത്താല തൈക്കാട്ട് വളപ്പിൽ നിരഞ്ജൻ എസ് രണ്ടാം റാങ്കും നേടി. പട്ടികവർഗ്ഗ വിഭാഗത്തിൽ ഇടുക്കി കുമാരമംഗലം പെരുമ്പിള്ളിച്ചിറ മുതലക്കോടം വലിയവീട്ടിൽ ഹൗസിൽ ശ്രീഹരിനാരായണൻ വി.എസ്. ഒന്നാം റാങ്കിനും, കോട്ടയം മേലുകാവുമറ്റം പുത്തൻപുരയിൽ ഹൗസിൽ ആരോൺ സ്റ്റീഫൻ രണ്ടാം റാങ്കിനും അർഹരായി.
അഞ്ച് വർഷത്തെ നിയമ കോഴ്സുകളിലും സംസ്ഥാനത്തെ വിദ്യാർത്ഥികൾ മികച്ച വിജയമാണ് കൈവരിച്ചത്. തൃശൂർ നെട്ടിശ്ശേരി മിനി നഗർ രണ്ടാം സ്ട്രീറ്റിലെ മധുശ്രീയിൽ ദയ ശങ്കർ അഞ്ച് വർഷത്തെ ബിബിഎ എൽഎൽബി (ഹോണേഴ്സ്) / ബികോം എൽഎൽബി (ഹോണേഴ്സ്) / ബിഎസ്സി എൽഎൽബി (ഹോണേഴ്സ്) കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി.
തൃശ്ശൂർ കൊരപ്പത്ത് ലെയ്നിലെ കൈലാസ് വീട്ടിൽ ഉത്തര ആർ. കൈമൾ അഞ്ച് വർഷ ബിബിഎ എൽഎൽബി (ഹോണേഴ്സ്) പ്രോഗ്രാമിൽ രണ്ടാം റാങ്ക് നേടി. കോട്ടയം ബ്രഹ്മമംഗലം തെക്കേകലയിൽ ഐറിൻ സാറ ജോൺ ബിബിഎ എൽഎൽബി (ഹോണേഴ്സ്) പ്രോഗ്രാമിൽ മൂന്നാം റാങ്കും, ബികോം എൽഎൽബി (ഹോണേഴ്സ്) / ബിഎസ്സി എൽഎൽബി (ഹോണേഴ്സ്) കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമുകളിൽ രണ്ടാം റാങ്കും നേടി.
ബെംഗളൂരു അർബൻ സർജാപൂർ ഇറ്റംഗൂർ റോഡിലെ പെനിൻസുല പ്രകൃതിയിലെ നേഹ എലിസബത്ത് ബികോം എൽഎൽബി (ഹോണേഴ്സ്) പ്രോഗ്രാമിൽ മൂന്നാം റാങ്കും, എറണാകുളം എളമക്കര പേരണ്ടൂർ റോഡ് സംസ്കൃതി ഗാർഡൻസിലെ അമ്മു വീട്ടിൽ രാംഗോപാൽ വി അഞ്ച് വർഷത്തെ ബിഎസ്സി എൽഎൽബി (ഹോണേഴ്സ്) കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ മൂന്നാം റാങ്കും കരസ്ഥമാക്കി.
പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും കൃത്യമായ നിർദ്ദേശങ്ങളും വരും ദിവസങ്ങളിൽ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണെന്ന് കുസാറ്റ് അധികൃതർ അറിയിച്ചു. പ്രവേശനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളോ ബുദ്ധിമുട്ടുകളോ നേരിടുന്ന വിദ്യാർത്ഥികൾക്ക് സഹായത്തിനായി 9778783191, 8848912606 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR