ജനപ്രാതിനിധ്യസഭകളില് സംവരണം വേണം;ഭിന്നശേഷിക്കാര്ക്ക് വേണ്ടി ഒറ്റയാള് പോരാട്ടം നടത്തി ഖാലിദ് പെരിങ്ങത്തൂര്
Kannur , 11 ജൂണ് (H.S.) ഭിന്നശേഷിക്കാര് സമൂഹത്തിന്റെ ഉന്നത ശ്രേണിയിലെത്തണമെന്ന ആഗ്രഹത്തോടെ സന്ധിയില്ലാത്ത പോരാട്ടം തുടരുകയാണ് തലശ്ശേരി -പെരിങ്ങത്തൂരിലെ ഖാലിദ് പെരിങ്ങത്തൂര്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നിയമസഭകളിലും എന്തിനധികം പാര്ലമെന്റിലെ ഇരു
FIGHT FOR DIFFERENTLY ABLED


Kannur , 11 ജൂണ് (H.S.)

ഭിന്നശേഷിക്കാര് സമൂഹത്തിന്റെ ഉന്നത ശ്രേണിയിലെത്തണമെന്ന ആഗ്രഹത്തോടെ സന്ധിയില്ലാത്ത പോരാട്ടം തുടരുകയാണ് തലശ്ശേരി -പെരിങ്ങത്തൂരിലെ ഖാലിദ് പെരിങ്ങത്തൂര്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നിയമസഭകളിലും എന്തിനധികം പാര്ലമെന്റിലെ ഇരു സഭകളിലും ഭിന്നശേഷിക്കാര്ക്ക് സംവരണം വേണമെന്ന ഖാലിദിന്റെ ആശയത്തിന് തമിഴ്നാട്ടില് നിന്നാണ് ആദ്യത്തെ അനുകൂല തീരുമാനമുണ്ടായത്.

കഴിഞ്ഞ സ്റ്റാലിന് സര്ക്കാര് ആവഡി കോര്പ്പറേഷനില് കൗണ്സിലറായി ഭിന്നശേഷിക്കാരനെ നാമനിര്ദേശം ചെയ്തത് ഖാലിദ് പെരിങ്ങത്തൂരിന്റെ ശ്രമഫലമാണ്. ഖാലിദ് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിക്ക് അയച്ച കത്തിന് മറുപടി വരികയും മൂവായിരത്തിഅഞ്ഞൂറോളം ഭിന്നശേഷിക്കാരെ തദ്ദേശ സ്ഥാപനങ്ങളില് ജനപ്രതിനിധികളായി നിയോഗിക്കുമെന്നതിന് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. ഭിന്നശേഷിക്കാര്ക്കു വേണ്ടി ശക്തമായ ഇടപെടല് നടത്തുന്ന ഖാലിദിന് വൈകല്യം ഒന്നുമില്ലെന്നതാണ് വസ്തുത. മനുഷ്യത്വവും പൗരാവകാശ പ്രതിബദ്ധതയുമാണ് തന്നെ ഇത്തരമൊരു ദൗത്യത്തിന് പ്രേരിപ്പിക്കുന്നതെന്ന് ഖാലിദ് പറയുന്നു.

സര്ക്കാര് കാര്യാലയങ്ങളിലും മറ്റും കയറി ഇറങ്ങാന് റാമ്പുകള് നിര്മ്മിച്ചതു കൊണ്ട് മാത്രം ഭിന്നശേഷി സൗഹൃദമാകില്ല. സര്ക്കാര് ജോലിയില് ഉള്ള സംവരണം കൊണ്ട് മാത്രം ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള് പരിഹരിക്കാനാവില്ല. ജനാധിപത്യ സ്ഥാപനങ്ങളിലെ പ്രാതിനിധ്യം കൊണ്ട് മാത്രമേ ഇത്തരം ആളുകള്ക്ക് മുഖ്യധാരയിലെത്താന് കഴിയൂ. അതിനുള്ള തന്റെ ശ്രമം വിജയം വരിക്കുമെന്ന പ്രതീക്ഷയിലാണ് ഖാലിദ്. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള് പറയുമ്പോള് നെറ്റി ചുളിക്കുന്നവരുണ്ടാകാം. എന്നാല് മാതൃകകള് പലതാണ്.

കാഴ്ച പരിമിതിയുളള ആദ്യ ലോക്സഭാംഗം കൊല്ക്കത്തയിലെ സധന് ഗുപ്ത, സ്വാതന്ത്ര സമര സേനാനിയായിരുന്ന മധ്യപ്രദേശിലെ യമുനാപ്രസാദ് ശാസ്ത്രി, കോണ്ഗ്രസ്സ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന എസ്. ജയപാല് റെഡ്ഡി, രാജസ്ഥാന് മുഖ്യമന്ത്രിയായിരുന്ന ഹരിദേവ് ജോഷി തുടങ്ങി ഭിന്നശേഷി പ്രതിഭകളുടെ ഉദാഹരണങ്ങള് ഖാലിദ് നിരത്തുന്നു. സംവരണത്തിലൂടെ പ്രാതിനിധ്യം ഉറപ്പാക്കുന്നത് ഭിന്നശേഷി സമൂഹത്തിന് അംഗീകാരവും പദവിയും ഉയര്ത്താന് സഹായകമാകും. രാഷ്ട്രീയ പാര്ട്ടികള്ക്ക് സ്വന്തം നിലയില് തന്നെ ഇത് നടപ്പാക്കാനാവുമെന്നും നിയമനിര്മ്മാണമോ ഭേദഗതിയോ വരും മുമ്പ് തന്നെ പാര്ട്ടികള് അതിന് തയ്യാറാവണം.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്, സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്മാര്, ലോക്സഭാ -നിയമസഭാംഗങ്ങള് തുടങ്ങി നിരവധി പേര്ക്ക് നിവേദനങ്ങള് ഖാലിദ് നല്കിയിട്ടുണ്ട്. നിയമഭേദഗതി നടത്തി പത്ത് ശതമാനം എങ്കിലും സംവരണം ജനാധിപത്യ സ്ഥാപനങ്ങളില് കൊണ്ട് വരണമെന്നാണ് ഖാലിദ് ആവശ്യപ്പെടുന്നത്. ഖാലിദിന്റെ നിവേദനത്തിന് പ്രതികരണമെന്നോണം തമിഴ്നാട് നിയമസഭയില് ബില്ല് അവതരിപ്പിച്ച് തമിഴ്നാട് തദ്ദേശസ്ഥാപന നിയമം ഭേദഗതി ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസിലും ജമ്മുകശ്മീര്, ഉത്തര് പ്രദേശ്, ഝാര്ഖണ്ഡ്, ബിഹാര് തുടങ്ങിയ സംസ്ഥാനങ്ങളിലും ഖാലിദിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തില് ഔദ്യോഗിക ചര്ച്ചകള് നടന്നിരുന്നു. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷനെയും ഇക്കാര്യം ബോധിപ്പിച്ചിട്ടുണ്ട്. പാനൂര് എന്. എ. എം. ഹയര് സെക്കന്ററി സ്കൂള് ജീവനക്കാരനായിരുന്ന ഖാലിദ് മൈനോറിറ്റി കോണ്ഗ്രസ്സ് നിയോജക മണ്ഡലം ഭാരവാഹിയാണ്. റിട്ടയര്മെന്റ് ജീവിതത്തിലും ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള് ഉയര്ത്തിപ്പിടിച്ച് ഖാലിദിന്റെ പോരാട്ടം തുടരുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News