കേരള പൊലീസിന്റെ ‘ഹാക്കപ്പ് 2026’ പാൻ-ഇന്ത്യ മൾട്ടി-സിറ്റി ഹാക്കത്തോണിനുള്ള റെജിസ്ട്രേഷൻ ആരംഭിച്ചു
Thiruvananthapuram , 11 ജൂണ് (H.S.) കേരള പൊലീസിന്റെ ‘ഹാക്കപ്പ് 2026’ പാൻ-ഇന്ത്യ മൾട്ടി-സിറ്റി ഹാക്കത്തോണിനുള്ള റെജിസ്ട്രേഷൻ ആരംഭിച്ചു. കേരള പോലീസിന്റെ സൈബര് സുരക്ഷാ കോണ്ഫറന്സ് CoCon 2026ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹാക്കപ്പ് 2026’ (HAC’KP 2026
കേരള പോലീസ്


Thiruvananthapuram , 11 ജൂണ് (H.S.)

കേരള പൊലീസിന്റെ ‘ഹാക്കപ്പ് 2026’ പാൻ-ഇന്ത്യ മൾട്ടി-സിറ്റി ഹാക്കത്തോണിനുള്ള റെജിസ്ട്രേഷൻ ആരംഭിച്ചു.

കേരള പോലീസിന്റെ സൈബര് സുരക്ഷാ കോണ്ഫറന്സ് CoCon 2026ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹാക്കപ്പ് 2026’ (HAC’KP 2026)-ന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനവും ഹാക്കത്തോൺ രജിസ്ട്രേഷൻ ഉദ്ഘാടനവും സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ പോലീസ് ആസ്ഥാനത്തു നിർവ്വഹിച്ചു.

ഇന്ത്യയിലുടനീളമുള്ള സാങ്കേതിക പ്രതിഭകളെയും നൂതന ആശയങ്ങളെയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയുള്ള രാജ്യവ്യാപക രജിസ്ട്രേഷൻ ക്യാമ്പെയ്ന് ഇതോടെ ഔദ്യോഗികമായി തുടക്കമായി.

സൈബർ കുറ്റകൃത്യങ്ങളുടെ സ്വഭാവം ദിനംപ്രതി സങ്കീർണമാവുകയാണെന്നും ഇവ നേരിടാൻ കൂട്ടായ് ശ്രമം ആവശ്യമാണെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. ദേശീയ അന്തർദേശീയ തലത്തിലുള്ള സംഘടിത കുറ്റകൃത്യങ്ങൾ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ എന്നിവയുടെ ആധിക്യം മൂലം കുറ്റാന്വേഷണത്തിന് ആവശ്യമായ വിവരങ്ങൾ വേർതിരിച്ചെടുക്കുന്നതിന് ഏറെ തടസങ്ങൾ നേരിടുന്നുണ്ട്. ഇത് മറികടക്കാൻ ഹാക്കപ്പ് പോലെയുള്ള കൂട്ടായ ശ്രമം ആവശ്യമാന്നെനും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ യുഗത്തിൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള പൊലീസിംഗ് ശക്തമാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള അടുത്ത തലമുറ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾ, ഗവേഷകർ, നവീനാശയങ്ങൾ ഉള്ളവർ (Innovators), സ്റ്റാർട്ടപ്പുകൾ, സൈബർ സുരക്ഷാ വിദഗ്ധർ എന്നിവരെ ഒന്നിപ്പിക്കുന്ന ഒരു ദേശീയ പ്ലാറ്റ്ഫോമായാണ് ഹാക്കപ്പ് (HAC’KP) വിഭാവനം ചെയ്തിരിക്കുന്നത്. “ഏജന്റിക് എഐ ഫോർ ഇൻവെസ്റ്റിഗേഷൻസ്: ഫ്രം എവിഡൻസ് ടു ഇന്റലിജൻസ്” (Agentic AI for Investigations: From Evidence to Intelligence) എന്നതാണ് ഇത്തവണത്തെ ഹാക്കപ്പ് 2026-ന്റെ പ്രമേയം.

ഡിജിറ്റൽ തെളിവുകളെ കൃത്യമായ വിവരങ്ങളാക്കി മാറ്റാൻ ക്രമസമാധാനപാലന ഏജൻസികളെ സഹായിക്കുന്ന നൂതന എ ഐ അധിഷ്ഠിത പരിഹാരങ്ങൾ വികസിപ്പിക്കാനാണ് ഈ ഹാക്കത്തോൺ ലക്ഷ്യമിടുന്നത്.

ചടങ്ങിൽ കേരള പൊലീസ് സൈബർഡോം വെബ്സൈറ്റിന്റെ പ്രകാശനം, ഹാക്കപ്പ് 2026-ന്റെ ഔദ്യോഗിക ട്രെയിലർ പ്രദർശനം, പ്രമോഷണൽ ഫ്ലെയർ പ്രകാശനം എന്നിവയും നടന്നു.

ഡിജിപിയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറുമായ മനോജ് എബ്രഹാം, എഡിജിപി (പോലീസ് ആസ്ഥാനം) & ഐജിപി സൈബർ ഓപ്പറേഷൻസ് ഇൻ-ചാർജ് എസ്. ശ്രീജിത്ത്, എഡിജിപി (ക്രമസമാധാനം) എച്ച്. വെങ്കിടേഷ്, എഡിജിപി (എപി ബറ്റാലിയൻ) ദിനേന്ദ്ര കശ്യപ് പോലീസ് ആസ്ഥാനത്തെ മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ഹാക്കപ്പ് 2026 മൾട്ടി-സിറ്റി ഹാക്കത്തോണുമായി സഹകരിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളും സാങ്കേതിക പങ്കാളികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓൺലൈനായി ചടങ്ങിൽ പങ്കുചേർന്നു.

സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള പൊലീസിംഗിനും കുട്ടികളുടെ സംരക്ഷണത്തിനുമായി നൂതനമായ എ ഐ അധിഷ്ഠിത പരിഹാരങ്ങൾ സംഭാവന ചെയ്യാൻ താല്പര്യമുള്ള ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾ, ഇന്നൊവേറ്റർമാർ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, സൈബർ സുരക്ഷാ വിദഗ്ധർ, സാങ്കേതിക പ്രേമികൾ എന്നിവയിൽ താൽപ്പര്യമുള്ളവർക്ക് ഔദ്യോഗിക ഹാക്കപ്പ് 2026 വെബ്സൈറ്റ് വഴി (https://hackp.kerala.gov.in) രജിസ്റ്റർ ചെയ്ത് ഈ ഉദ്യമത്തിൻ്റെ ഭാഗമാകാം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News