ലോകകപ്പ് ആവേശത്തിൽ കോഴിക്കോട്
Kozhikode , 11 ജൂണ് (H.S.) ലോകം കാൽപ്പന്തിൻ്റെ മാന്ത്രികതയിലേക്ക് ചുരുങ്ങുമ്പോൾ, പ്രായത്തിൻ്റെയും ജാതിമതങ്ങളുടെയും അതിരുകൾ മായ്ച്ച് കേരളം വീണ്ടും ഫുട്ബോൾ ലഹരിയിൽ അമരുകയാണ്. മലയാളിയെ സംബന്ധിച്ച് ഫുട്ബോൾ വെറുമൊരു കായികവിനോദം മാത്രമല്ല, മറിച്ച് മനസ്സ
WORLD CUP SCREENING KOZHIKODE


Kozhikode , 11 ജൂണ് (H.S.)

ലോകം കാൽപ്പന്തിൻ്റെ മാന്ത്രികതയിലേക്ക് ചുരുങ്ങുമ്പോൾ, പ്രായത്തിൻ്റെയും ജാതിമതങ്ങളുടെയും അതിരുകൾ മായ്ച്ച് കേരളം വീണ്ടും ഫുട്ബോൾ ലഹരിയിൽ അമരുകയാണ്. മലയാളിയെ സംബന്ധിച്ച് ഫുട്ബോൾ വെറുമൊരു കായികവിനോദം മാത്രമല്ല, മറിച്ച് മനസ്സിനെയും ഹൃദയത്തെയും നിറയ്ക്കുന്ന വികാരമാണെന്നത് ലോകമറിഞ്ഞ സത്യമാണ്.

പാടവരമ്പത്ത് രണ്ട് കുട്ടികൾ പന്ത് തട്ടുമ്പോൾ പോലും ചോരാത്ത ആവേശമാണ് മലയാളിയുടേത്. അപ്പോൾ പിന്നെ ലോകകപ്പ് കൂടിയാകുമ്പോൾ പറയേണ്ടതില്ലല്ലോ. വർണവ്യത്യാസങ്ങളോ രാഷ്ട്രീയമോ ഇല്ലാതെ ഒരേ മനസ്സോടെ കാൽപ്പന്തിനെ നെഞ്ചേറ്റുന്ന കേരളക്കര ലോകകപ്പ് ആവേശത്തിൽ മാസ്മരികമായ ലഹരിയിലാണ്.

ലോകകപ്പ് ഫുട്ബോൾ ടൂർണമെൻ്റ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കോഴിക്കോട്ടെ ഏറെ മൊഞ്ചായ പുതിയപാലത്തും ഫുട്ബോൾ ആവേശം ഉച്ചസ്ഥായിയിൽ എത്തിയിട്ടുണ്ട്. പുതിയപാലം ജനകീയ സമിതിയാണ് ഈ ഫുട്ബോൾ ആവേശത്തിന് നേതൃത്വം നൽകുന്നത്. തുടർച്ചയായി മൂന്നാം തവണയാണ് പുതിയപാലത്ത് ലോകകപ്പ് ആവേശം തിരതള്ളുന്നത്. നേരത്തെ പുതിയപാലം നിവാസികൾ അവരുടെ വീടുകളിൽ നിന്നാണ് ലോകകപ്പ് കണ്ടിരുന്നതെങ്കിൽ, ഇപ്പോൾ രണ്ടായിരത്തിലേറെ പേർക്ക് ഇരുന്ന് കാണാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയാണ് ജനകീയ സമിതി ലോകകപ്പ് ആവേശം ഉച്ചസ്ഥായിയിൽ എത്തിച്ചത്.

ആരാധകർക്ക് ഇരുന്നു കാണാൻ മികച്ച ഗ്യാലറിഫുട്ബോൾ ആരാധകർക്ക് ഇരുന്നു കളി കാണാനുള്ള മികച്ച ഗ്യാലറിയാണ് പുതിയപാലത്തെ താത്കാലിക പന്തലിന് താഴെ തയ്യാറാവുന്നതെന്ന് ജനകീയ സമിതി അംഗം നസീർ ഇടിവി ഭാരതിനോട് പറഞ്ഞു. ഗ്യാലറിയിൽ കയറാൻ പ്രയാസം നേരിടുന്നവർക്ക് ഇരുന്ന് കാണുന്നതിനായി കസേരകളും ഒരുക്കുന്നുണ്ട്. കൂടാതെ ഓരോ ദിവസവും വിവിധ കലാപരിപാടികൾ നടത്തുന്നതിന് സ്റ്റേജും സമിതി തയ്യാറാക്കിയിട്ടുണ്ട്.

സ്റ്റേജിന് പിറകിലായാണ് ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനുള്ള ബിഗ് സ്ക്രീൻ ഒരുക്കുന്നത്. ഇതിനെല്ലാം ഭാരിച്ച ചെലവ് വരുമെങ്കിലും പ്രദേശത്തെ ഫുട്ബോൾ ആവേശക്കാർ ഒത്തൊരുമിച്ച് ചേർന്ന് അതിനുള്ള ഫണ്ട് സ്വരൂപിച്ചുകഴിഞ്ഞുവെന്നും നസീർ വ്യക്തമാക്കി. ലോകകപ്പ് മത്സരങ്ങൾ അർധരാത്രിയും പുലർച്ചെയുമാണെങ്കിലും സന്ധ്യയോടെ തന്നെ പുതിയപാലത്തെ ജനകീയ സമിതിയുടെ പരിപാടികൾ തുടങ്ങും. വരുന്ന ഒരു മാസക്കാലം എല്ലാദിവസവും സന്ധ്യയോടെ ഗാനമേള, നൃത്തങ്ങൾ, മാജിക് ഷോ, നാടൻപാട്ട് തുടങ്ങി മറ്റ് വിവിധ കലാപരിപാടികൾ അരങ്ങേറുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലബാറിൻ്റെ രുചിവൈവിധ്യങ്ങളും തയ്യാർലോകകപ്പ് ഫുട്ബോൾ നടക്കുന്ന എല്ലാ ദിവസവും മറ്റ് പരിപാടികളൊക്കെയും അനുബന്ധമായി നടക്കുന്നുണ്ടെങ്കിലും മലബാറിൻ്റെ രുചിവൈവിധ്യങ്ങൾ രുചിച്ചറിയുന്നതിന് ഫുഡ് ഫെസ്റ്റും ഇത്തവണത്തെ പ്രധാന പ്രത്യേകതയാണെന്ന് സമിതി അംഗം രമേശ് ബാബു പറഞ്ഞു. മലബാറിൻ്റെ ഫുട്ബോൾ വികാരവും രുചിക്കൂട്ടുകളും ചേർന്ന് ഈ ലോകകപ്പ് പൊടിപ്പൂരമാക്കുമെന്ന സന്തോഷവും സമിതി പങ്കുവച്ചു. അങ്ങനെ ലോകം മുഴുവൻ ലോകകപ്പ് ഫുട്ബോൾ ആവേശത്തിലാകുമ്പോൾ കോഴിക്കോട്ടെ പുതിയപാലത്തെ ജനകീയ സമിതി അതിനെ നാടിൻ്റെ കൂടിച്ചേരലും ഉത്സവവുമാക്കി മാറ്റുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News