'ഓപ്പറേഷൻ തൂഫാൻ'; വയനാട്ടിൽ പരിശോധന കർശനമാക്കി പൊലീസ്
Wayanad , 11 ജൂണ് (H.S.) ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കി വയനാട് പൊലീസ്. സംസ്ഥാന സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാൻ ജില്ലയിലും ഊർജിതമായി തുടരുകയാണ്. ലഹരി മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ യാതൊരുവിധ ഭയവുമില്ലാതെ കൈമാറാൻ പൊതുജനങ്ങളോട് വയനാട് ജില്ല പൊലീ
Operation thoofan


Wayanad , 11 ജൂണ് (H.S.)

ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കി വയനാട് പൊലീസ്. സംസ്ഥാന സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാൻ ജില്ലയിലും ഊർജിതമായി തുടരുകയാണ്. ലഹരി മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ യാതൊരുവിധ ഭയവുമില്ലാതെ കൈമാറാൻ പൊതുജനങ്ങളോട് വയനാട് ജില്ല പൊലീസ് മേധാവി അരുൺ കെ പവിത്രൻ അഭ്യർഥിച്ചു.

രാജ്യവ്യാപകമായി അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന എംഡിഎംഎ ഉൾപ്പെടെയുള്ള മാരകമായ രാസലഹരികൾ, കഞ്ചാവ്, അനധികൃത പുകയില ഉത്പന്നങ്ങൾ എന്നിവയുടെ കടത്തും വിതരണവും പൂർണമായും തടയുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ഓപ്പറേഷൻ തൂഫാൻ നടപ്പാക്കുന്നത്.

സംസ്ഥാന വ്യാപകമായി മികച്ച പിന്തുണയാണ് ഓപ്പറേഷൻ തൂഫാന് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം മികച്ച പ്രതികരണമാണ് ഈ പദ്ധതിക്ക് ലഭിച്ചിട്ടുള്ളത്. പൊതുജനങ്ങളിൽനിന്ന് ലഭിക്കുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്യാനും പ്രതികളെ പിടികൂടാനും പൊലീസിന് സാധിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

അതിർത്തികളിൽ കർശന പരിശോധന

കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലയായതിനാൽ വയനാട്ടിൽ പരിശോധനകളും നിരീക്ഷണങ്ങളും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. മുത്തങ്ങ, തോൽപ്പെട്ടി തുടങ്ങിയ പ്രധാന ചെക്ക് പോസ്റ്റുകളിലും വനമേഖലയോട് ചേർന്നുള്ള ഊടുവഴികളിലും രാപ്പകൽ വ്യത്യാസമില്ലാതെയാണ് പൊലീസ് വാഹന പരിശോധന നടത്തുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ലഹരിവസ്തുക്കൾ എത്തുന്ന പ്രധാന വഴികളിലൊന്നായി വയനാടിനെ മാറ്റാനുള്ള ലഹരി മാഫിയയുടെ ശ്രമങ്ങളെ മുളയിലേ നുള്ളാനാണ് പൊലീസ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ അതിർത്തികളിൽ വിന്യസിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ, തൊഴിലിടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്ന സംഘങ്ങളെ കണ്ടെത്താൻ പ്രത്യേക ശ്രദ്ധയാണ് പൊലീസ് നൽകുന്നത്. ജില്ല സ്പെഷ്യൽ സ്ക്വാഡിൻ്റെയും വിവിധ പൊലീസ് സ്റ്റേഷനുകളുടെയും നേതൃത്വത്തിൽ വ്യാപക പരിശോധനകളും നിരീക്ഷണങ്ങളും തുടരുകയാണ്. ലഹരി കടത്തുകാരെയും വിതരണക്കാരെയും കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവരുടെ പേരുവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് ഉറപ്പുനൽകി. ജനങ്ങളുടെ സഹകരണം ലഭിച്ചാൽ ലഹരി മാഫിയക്കെതിരായ നടപടി കൂടുതൽ ഫലപ്രദമാകുമെന്നാണ് പൊലീസ് വിലയിരുത്തുന്നത്.

ബോധവത്കരണവും ജനകീയ പങ്കാളിത്തവുംപൊലീസിൻ്റെ പ്രവർത്തനങ്ങളിൽ മികച്ച പൊതുജന പങ്കാളിത്തമാണ് ലഭിക്കുന്നത്. ഒരുപാട് വിവരങ്ങൾ പൊതുജനങ്ങളിൽനിന്നും ലഭിക്കുന്നുണ്ട്. ഇതിനായി സംസ്ഥാന തലത്തിൽതന്നെ എല്ലാ സബ് ഡിവിഷനിലും നാല് ടീമുകളെ രൂപീകരിക്കും. ഓപ്പറേഷന് തൂഫാൻ്റെ ഭാഗമായി ജനങ്ങളിലേക്കും കുട്ടികളിലേക്കും ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ട്. ഇതിൻ്റെ ഭാഗമായി സ്കൂളുകളിലെ പ്രധാന അധ്യാപകരുടെ യോഗം വിളിച്ചിരുന്നു. വരും ദിവസങ്ങളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമായി നടത്തും. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ സ്വഭാവ വ്യതിയാനങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും നിർദേശമുണ്ട്.

വരും ദിവസങ്ങളിൽ പരിശോധനയുടെ ഭാഗമായി കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്നാണ് കരുതുന്നതെന്നും അതിർത്തികളിലെ ചെക്ക് പോസ്റ്റുകളിലും കർശന പരിശോധന നടക്കുന്നുണ്ടെന്നും ജില്ല പൊലീസ് മേധാവി അരുൺ കെ പവിത്രൻ വ്യക്തമാക്കി. യുവതലമുറയെ കാർന്നുതിന്നുന്ന ലഹരിമരുന്നുകളുടെ ഉപയോഗം പൂർണമായും ഇല്ലാതാക്കാൻ സമൂഹത്തിൻ്റെ കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News