Enter your Email Address to subscribe to our newsletters

Thiruvananthapuram , 11 ജൂണ് (H.S.)
കേരളത്തിലെ വിവിധ ജില്ലകളിൽ ഷിഗെല്ല ബാക്ടീരിയ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം ജില്ലയിൽ ആറുപേർക്കും കോഴിക്കോട് മൂന്നുപേർക്കും കൊല്ലത്ത് രണ്ട് പേർക്കും രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ മുരളീധരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനുപുറമേ വയനാട് ജില്ലയിൽ ഒൻപത് പേർക്ക് നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു.
നിലവിൽ സംസ്ഥാനത്തുടനീളം 578 പേർക്ക് ഷിഗെല്ല രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ ഏഴെണ്ണത്തിന്റെ ഫലം കൂടി ഇനി വരാനുണ്ട്. വയനാട്ടിലെ ഒരു സ്കൂളിലെ കിണറ്റിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. രോഗവ്യാപനം കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളെ ആവശ്യമെങ്കിൽ കണ്ടെയ്ൻമെന്റ് സോണുകളാക്കി മാറ്റാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയും സമ്പർക്കത്തിലൂടെയും വളരെ വേഗം പടരുന്ന ബാക്ടീരിയ ബാധയായതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. വയറിളക്കം, പനി, കടുത്ത വയറുവേദന, മലത്തോടൊപ്പം രക്തവും പഴുപ്പും കലർന്നു പോവുക എന്നിവയാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാലുടൻ സ്വയംചികിത്സ ഒഴിവാക്കി കൃത്യമായ വൈദ്യസഹായം തേടണം.
ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതും മലിനജലം ഉപയോഗിക്കുന്നതുമായ ഭക്ഷണശാലകൾക്കെതിരെ കർശന നടപടിയെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും ആരോഗ്യവിഭാഗത്തിനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കുടിവെള്ള സ്രോതസുകൾ നിർബന്ധമായും ക്ലോറിനേഷൻ നടത്തണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വയനാട് ഇന്ന് ഒരാള്ക്ക് കൂടി ഷിഗെല്ല
ജില്ലയിൽ ഇന്ന് (ജൂൺ 11) ഒരു കുട്ടിക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പതായി. പകർച്ചവ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവത്കരണ പ്രവർത്തനങ്ങളും ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെടി രേഖ അറിയിച്ചു.
ഇതുവരെ 514 പേരിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇന്ന് 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 45 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതുവരെ 174 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഫീൽഡ് തല രോഗനിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി 2227 വീടുകളിൽ ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തി.
ജില്ലയിലെ 1330 കിണറുകൾ ക്ലോറിനേറ്റ് ചെയ്തു. 938 ഒ.ആർ.എസ് പാക്കറ്റുകൾ വിതരണം ചെയ്തു. നിലവിൽ രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും രോഗപ്രതിരോധ മാർഗങ്ങളെ കുറിച്ച് മൈക് അനൗൺസ്മെൻ്റ്, ബോധവത്കരണ ക്ലാസുകൾ, പകർച്ച വ്യാധി നിരീക്ഷണ പ്രവർത്തനങ്ങൾ, ക്ലോറിനേഷൻ എന്നിവ നടത്തി വരികയാണ്. ഈ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരും.
ഷിഗെല്ല രോഗലക്ഷണങ്ങളുള്ള രോഗികൾ വന്നാൽ ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും, സ്വകാര്യ ക്ലിനിക്കുകളും ജില്ലാ സർവയലൻസ് യൂണിറ്റിൽ അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി. ഷിഗെല്ല രോഗലക്ഷണങ്ങളായി വരുന്നവർക്ക് മെഡിക്കൽ ഷോപ്പുകളിൽ നിന്നും ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നൽകരുതെന്നും രോഗ ലക്ഷണങ്ങളുള്ളവരുടെ വിവരങ്ങൾ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ അറിയിക്കണെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.
ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്ത സ്കൂളിലെ വിദ്യാർഥികൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള ഈ കുട്ടികൾ എല്ലാവരും വീട്ടിൽ സുരക്ഷിതരാണോ എന്നും അവർക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടോയെന്നും ആരോഗ്യ പ്രവർത്തകർ നിരീക്ഷിക്കുന്നുണ്ട്. ഷിഗെല്ല കൺട്രോൾ സെല്ലിൽ നിന്നും കുട്ടികളുടെ വീടുകളിലേക്ക് ഫോൺ വിളിച്ച് ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ട്.
കുട്ടികൾ മറ്റുള്ളവരുമായിട്ടുള്ള സമ്പർക്കം പരമാവധി കുറക്കേണ്ടതാണ്. കുട്ടികളിൽ നിന്നും രോഗം മറ്റുള്ളവരിലേക്കും മുതിർന്നവരിലേക്കും പകരുന്നത് തടയാൻ ആവശ്യമായ മുൻകരുതലുകളും പ്രതിരോധ മാർഗങ്ങളും സ്വീകരിക്കണം. പുതിയതായി രോഗലക്ഷണങ്ങൾ പ്രകടമാവുന്നവർ ഉടൻ തന്നെ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടുകയും വേണം.
ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിർദ്ദേശങ്ങളും പ്രതിരോധ മാർഗങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും വ്യക്തി, ഭക്ഷണ, പരിസര ശുചിത്വ കാര്യങ്ങളിൽ യാതൊരുവിധ വീഴ്ചയും വരുത്തരുതെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR