Enter your Email Address to subscribe to our newsletters

Kozhikode , 11 ജൂണ് (H.S.)
ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ വടകരയിൽ പ്രചരിപ്പിക്കപ്പെട്ട 'കാഫിർ' സ്ക്രീൻഷോട്ട് കേസിലെ അന്വേഷണത്തിൻ്റെ പേരിൽ യുഡിഎഫ് ഗവൺമെൻ്റും പ്രത്യേക അന്വേഷണ സംഘവും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വം.
വടകരയിലെ ഇലക്ഷൻ ഭാഗമായി രൂപീകരിച്ച 'വടകര സ്ക്വാഡ്' എന്ന ഗ്രൂപ്പിലെ മെമ്പർമാരെ ദിവസേന വിളിപ്പിച്ചു ഭീഷണിപ്പെടുത്തുകയും, കുറ്റം സമ്മതിച്ചാൽ വിടാമെന്ന് പറഞ്ഞ് സമ്മർദ്ദം ചെലുത്തുകയുമാണ് പൊലീസ് ചെയ്യുന്നതെന്ന് ഡിവൈഎഫ്ഐ പറഞ്ഞു.
അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും എന്നാൽ യുഡിഎഫും യൂത്ത് കോൺഗ്രസും രചിക്കുന്ന തിരക്കഥ അനുസരിച്ചാണ് എസ്ഐടി പ്രവർത്തിക്കുന്നതെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ് പറഞ്ഞു.
വടകര സ്ക്വാഡ് എന്നത് ഭീകര പ്രസ്ഥാനമല്ല. തെരഞ്ഞെടുപ്പ് കാലത്ത് രൂപീകരിച്ച സമൂഹമാധ്യമ കൂട്ടായ്മയാണ്. മൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം വിളിപ്പിക്കുന്നവരുടെ വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയാണ്. ഭീകരമായ ആളുകളെ പോലെയാണ് ഡിവൈഎഫ്ഐ പ്രവർത്തകരെ ചിത്രീകരിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു.
പ്രതികളെ സ്ഥാപിച്ചുകൊണ്ടുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. റിബേഷ് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞത് കാലാവധി കഴിഞ്ഞതിനാലാണ്. കാഫിർ സ്ക്രീൻ ഷോട്ട് വിഷയത്തിൻ്റെ പേരിൽ അല്ല. അദ്ദേഹം 40 വയസ് പൂർത്തിയായ ആളാണ്. അന്വേഷണവുമായി എപ്പോഴും സഹകരിച്ചിട്ടുള്ള ആളാണ് അദ്ദേഹം. യുഡിഎഎഫ്- യൂത്ത് കോൺഗ്രസ് തിരക്കഥക്കനുസരിച്ചാണ് അന്വേഷണം തുടരുന്നത്. കാഫിർ സ്ക്രീൻ ഷോട്ട് യുഡിഎഫിനാണ് ഗുണം ചെയ്യുക എന്ന് എല്ലാവർക്കും അറിയാം. അവർ തെരഞ്ഞെടുപ്പിൽ വിഭാഗീയതയും വർഗീയതയും ഉണ്ടാക്കി. ഇപ്പോൾ രാഷ്ട്രീയ പ്രേരിതമായി ഇടപെടുകയാണെന്നും ലിജീഷ് പറഞ്ഞു.
രാഷ്ട്രീയ അന്തരീക്ഷത്തെ വലിയ രീതിയിൽ സ്വാധീനിച്ച ഈ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ അന്വേഷണ സംഘം സൂചന നൽകിയിരുന്നു. വ്യാജ സന്ദേശങ്ങൾ ഫോർവേഡ് ചെയ്ത വരെ മാത്രമേ ഇതുവരെ പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ. ഇതിൻ്റെ യഥാർഥ ഉറവിടം കണ്ടെത്താനായി ഫേസ്ബുക്കിൻ്റെ മാതൃ കമ്പനിയായ മെറ്റയോട് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടാൻ എസ്ഐടി തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ മെറ്റയ്ക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും വിവരങ്ങൾ ഒന്നും ലഭ്യമായിരുന്നില്ല. നിലവിൽ പരിശോധനയ്ക്ക് അയച്ച പല മൊബൈൽ ഫോണുകളുടെയും ശാസ്ത്രീയ ലബോറട്ടറി ഫലം കൂടി ലഭിച്ചാൽ മാത്രമേ കേസിൽ കൂടുതൽ വ്യക്തത വരികയുള്ളൂ.
ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ തലേന്നാണ് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.കെ ശൈലജയെ 'കാഫിറായ സ്ത്രീ' എന്ന് അധിക്ഷേപിച്ച് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം പോസ്റ്റിട്ടു എന്ന രീതിയിൽ വ്യാജ സ്ക്രീൻഷോട്ട് പ്രചരിച്ചത്. മുൻ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് പൊലീസ് ഈ കേസന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR