സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതില് പ്രതികരണവുമായി മുൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്
Pathanamthitta , 11 ജൂണ് (H.S.) സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതില് പ്രതികരണവുമായി മുൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. 2021ല് ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് നിലവിലെ ആരോഗ്യമന്ത്രി കെ മുരളീധരൻ നിപ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ന
Veena Geroge


Pathanamthitta , 11 ജൂണ് (H.S.)

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതില് പ്രതികരണവുമായി മുൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. 2021ല് ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് നിലവിലെ ആരോഗ്യമന്ത്രി കെ മുരളീധരൻ നിപ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയുടെ വീഡിയോ പലരും അയച്ചു തന്നുവെന്നും അന്നത്തെ വിമർശനങ്ങളെ കുറിച്ച് ഇവിടെ ഒന്നും പറയുന്നില്ലെന്നും ശരിതെറ്റുകള് കാലം തെളിയിക്കട്ടെയെന്നുമായിരുന്നു മുൻ ആരോഗ്യ മന്ത്രിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു വീണ ജോർജിന്റെ പ്രതികരണം. രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം. അതിന് ഒറ്റക്കെട്ടായി നില്ക്കുക എന്നതാണ് ഇടതുപക്ഷസമീപനം. ഷിഗെല്ല രോഗം സംസ്ഥാനത്ത് പടരുന്ന സാഹചര്യവും അതീവ ഗൗരവത്തോടെ കാണ്ടേണ്ടതുണ്ടെന്നും ആദ്യമായിട്ടാണ് ഇത്രയുമധികം ഷിഗെല്ല കേസുകള് കേരളത്തില് ഉണ്ടാകുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കഴിഞ്ഞ ഇടതുമുന്നണി ഭരണ കാലത്ത് നിപ സ്ഥിരീകരിച്ചപ്പോള് 2021 ൽ കെ മുരളീധരൻ ഇടത് സർക്കാരിനെ വിമർശിച്ചിട്ട വീഡിയോ ഇപ്പോള് സമൂഹമാദ്ധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ പലരും വീണ ജോർജിനു അയച്ച് നൽകി.

'എരണം കെട്ടവൻ നാട് ഭരിച്ചാല് നാട് മുടിയും എന്ന അവസ്ഥയാണ് കേരളത്തിനെന്നും

കെ കരുണാകരനും എ കെ ആന്റണിയും ഭരിച്ചപ്പോള് കേരളത്തില് വവ്വാലുകള് ഉണ്ടായിരുന്നെന്നും എന്താണ് ഇപ്പോള് രോഗം പടരാനുള്ള കാരണം എന്നുമാണ് നിലവിലെ ആരോഗ്യ മന്ത്രി കെ മുരളീധരൻ അന്ന് രൂക്ഷ വിമർശനം നടത്തിയത്. ഇക്കാര്യങ്ങൾ ഓർമ്മിപ്പിച്ചാണ് മുൻ ആരോഗ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.

വീണ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

സംസ്ഥാനത്ത് നിപ രോഗം സ്ഥിരീകരിച്ചിരിക്കുന്നു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇന്നത്തെ ആരോഗ്യ മന്ത്രി കെ.മുരളീധരൻ നടത്തിയ പ്രസംഗം ഇന്ന് പലരും അയച്ചു തന്നു. അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ല. ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ. രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം. അതിന് ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഇടതുപക്ഷസമീപനം.

കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ ആര്ടിപിസിആര് പരിശോധനയിലാണ് നിപരോഗം സ്ഥിരീകരിച്ചത്. രോഗിക്ക് കൃത്യമായ ചികിത്സ നൽകുന്നതിനൊപ്പം രോഗവ്യാപനം ഇല്ല എന്നുറപ്പാക്കാനും രോഗപ്രതിരോധത്തിനും നടപടികൾ സ്വീകരിക്കണം. അനുഭവങ്ങങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ശാസ്ത്രീയമായി നാം ചിട്ടപ്പെടുത്തിയ ചികിത്സ പ്രോട്ടോക്കോളും രോഗപ്രതിരോധ ഗൈഡ്ലൈനും കേരളത്തിനുണ്ട്. പൂനെ ദേശീയ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടില് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നതിനു മുൻപ് തന്നെ നമ്മുടെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

ഷിഗെല്ല രോഗം സംസ്ഥാനത്ത് പടരുന്ന സാഹചര്യവും അതീവ ഗൗരവത്തോടെ കാണ്ടേണ്ടതുണ്ട്. ആദ്യമായിട്ടാണ് ഇത്രയുമധികം ഷിഗെല്ല കേസുകൾ കേരളത്തിൽ ഉണ്ടാകുന്നത്. കുഞ്ഞുങ്ങൾ, പ്രായമുള്ളവർ, മറ്റു രോഗങ്ങളുള്ളവർ എന്നിവരിൽ ഷിഗെല്ല ഗുരുതരമാകും. രോഗത്തിന്റെ സാമൂഹിക വ്യാപനം കൂടുതൽ ഉണ്ടാകാതിരിക്കാൻ നടപടികൾ കൈക്കൊള്ളണം. പകർച്ചവ്യാധികൾക്കെതിരെ നമുക്ക് പ്രതിരോധം തീർക്കാം. (2023 ലെ നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ചിത്രം ഇവിടെ പങ്കു വയ്ക്കട്ടെ)

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News