Enter your Email Address to subscribe to our newsletters

Thrissur, 11 ജൂണ്‍ (H.S.)
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവിയില്‍ നര്‍ത്തകി മല്ലിക സാരാഭായിയെ നിലനിര്‍ത്തണമോ എന്ന ആലോചനയില്‍ സര്‍ക്കാര്‍. പ്രതിമാസം രണ്ട് ലക്ഷത്തോളം രൂപയാണ് മല്ലിക സാരാഭായിക്ക് പദവിയില്‍ തുടരുന്നതിന് നല്‍കുന്നത്. അധ്യാപകരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് കലാമണ്ഡലം. എന്നാല്‍ വലിയ കലാകാരി എന്ന നിലയില്‍ മല്ലിക സാരാഭായിക്ക് വേതനം കൃത്യമായി നല്‍കുന്നുണ്ട്. ഇത് തുടേണ്ടത് ഇല്ലെന്നാണ് കലാമണ്ഡലത്തിലെ ഭരണാനുകൂല സംഘടനയുടെ നിലപാട്.
കലാമണ്ഡലത്തിലെ ചാന്‍സലര്‍ പദവി അലങ്കാരതസ്തിക മാത്രമാണ്. മല്ലിക സാരാഭായി ഇവിടേക്ക് എത്തുന്നത് പോലും വല്ലപ്പോഴുമാണ്. അതുകൊണ്ട് തന്നെ ചാന്‍സലര്‍ക്ക് കലാമണ്ഡലത്തില്‍ പ്രത്യേക ഓഫീസുപോലുമില്ല. എന്നിട്ടും ഒന്നേമുക്കാല്‍ ലക്ഷം രൂപ ഓണറേറിയത്തിന് ഒപ്പം 25,000 രൂപ ഓഫീസ് ചെലവും ചാന്‍സലര്‍ക്ക് നല്‍കുന്നുണ്ട്. മൂന്നരവര്‍ഷമായി ഇത് തുടരുകയാണ്യ ഇതുകൂടാതെ കലാമണ്ഡലത്തിലേക്ക് എത്തുമ്പോള്‍ വിമാനടിക്കറ്റ്, നക്ഷത്രഹോട്ടലിലെ താമസസൗകര്യം, വാഹനം എന്നിവയ്ക്കുള്ള ചിലവ് വേറെയും കണ്ടെത്തണം.
ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് മല്ലിക സാരാഭായിയെ ഒഴിവാക്കി ചാന്‍സലര്‍ പദവിയില്‍ മുഖ്യമന്ത്രി ഏറ്റെടുക്കണം എന്ന ആവശ്യം. മുഖ്യമന്ത്രിയെ ചാന്‍സലറാക്കിയാല്‍ സാമ്പത്തികച്ചെലവുണ്ടാകില്ല. ഇത് കലാമണ്ഡലത്തിനും ആശ്വാസമാകും. 2022 ഡിസംബറിലാണ് മല്ലിക സാരാഭായിയെ ചാന്‍സലറായി പിണറായി സര്‍ക്കാര്‍ നിയമിച്ചത്.
---------------
Hindusthan Samachar / Sreejith S