Enter your Email Address to subscribe to our newsletters

Thiruvananthapuram, 11 ജൂണ് (H.S.)
തിരുവനന്തപുരം: കേരളത്തിലെ സാധാരണക്കാരായ വനിതകൾക്ക് വലിയ ആശ്വാസമേകുന്ന സുപ്രധാന പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. ഗതാഗത വകുപ്പ് സെക്രട്ടറി അനുപമ ടി.വി ഐ.എ.എസ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 'പ്രിയദർശിനി' എന്ന് പേരിട്ടിരിക്കുന്ന ഈ വിപ്ലവാത്മക പദ്ധതി പ്രകാരം വരും തിങ്കളാഴ്ച (ജൂൺ 15) മുതൽ സ്ത്രീകൾക്ക് സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം.
പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ കെ.എസ്.ആർ.ടി.സിയുടെ സിറ്റി ഓർഡിനറി, തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ ഉൾപ്പെടെയുള്ള ഓർഡിനറി സ്റ്റേജ് കാരിയേജ് സർവീസുകളിലാണ് ഈ ആനുകൂല്യം ലഭ്യമാകുക. പദ്ധതിയുടെ ആദ്യഘട്ട നിർവ്വഹണ ഫലവും സ്ത്രീകളുടെ പങ്കാളിത്തവും കൃത്യമായി വിലയിരുത്തിയ ശേഷമായിരിക്കും ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള മറ്റ് ഉയർന്ന ക്ലാസ് സർവീസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് സർക്കാർ തുടർ തീരുമാനങ്ങൾ കൈക്കൊള്ളുക.
സാമ്പത്തിക ബാധ്യതയിൽ കെ.എസ്.ആർ.ടി.സിക്ക് ആശങ്ക വേണ്ട: ഗതാഗത മന്ത്രി
സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയെക്കുറിച്ച് യാതൊരുവിധ ആശങ്കയും ആവശ്യമില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. പദ്ധതിയുടെ പൂർണ്ണമായ സാമ്പത്തിക ചെലവും സംസ്ഥാന സർക്കാർ നേരിട്ടാണ് വഹിക്കുന്നത്. ടിക്കറ്റ് ഇനത്തിൽ കുറവ് വരുന്ന തുക കൃത്യമായ ഇടവേളകളിൽ സംസ്ഥാന ട്രഷറിയിൽ നിന്നും സബ്സിഡിയായി കെ.എസ്.ആർ.ടി.സിക്ക് ലഭ്യമാക്കും. കോർപ്പറേഷന്റെ ദൈനംദിന ഓപ്പറേഷണൽ ചെലവുകളെയും ജീവനക്കാരുടെ ശമ്പളം, പെൻഷൻ തുടങ്ങിയ ധനപരമായ ബാധ്യതകളെയും ബാധിക്കാത്ത രീതിയിൽ സുഗമമായ ഒരു 'ക്യാഷ് ട്രാൻസ്ഫർ – ഫിനാൻഷ്യൽ മാനേജ്മെന്റ്' സംവിധാനമാണ് ഇതിനായി ധനവകുപ്പുമായി ചേർന്ന് സർക്കാർ രൂപീകരിച്ചിരിക്കുന്നത്.
സ്വകാര്യ ബസ് മേഖലയുടെ ആശങ്കകൾ പരിഹരിക്കും
കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചതോടെ തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. എന്നാൽ ഈ വിഷയത്തിൽ സ്വകാര്യ ബസ് മേഖലയെ അവഗണിക്കില്ലെന്ന് മന്ത്രി സി.പി. ജോൺ ഉറപ്പുനൽകി. സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികളും അവരുടെ ആശങ്കകളും സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. ബസ് ഉടമകളുടെ പ്രതിനിധികളുമായി വരും ദിവസങ്ങളിൽ ചർച്ച നടത്തുമെന്നും, ഈ മേഖലയ്ക്ക് ആവശ്യമായ അനുകൂലമായ തീരുമാനങ്ങൾ കൈക്കൊണ്ട് അവരുടെ ആശങ്കകൾ പൂർണ്ണമായും പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പൊതുഗതാഗത സംവിധാനങ്ങളിലേക്ക് സ്ത്രീകളെ കൂടുതൽ ആകർഷിക്കുന്നതിനും സ്ത്രീശാക്തീകരണത്തിനും ഈ പദ്ധതി വലിയൊരു നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പ്രത്യേക നിരീക്ഷണ സംവിധാനവും ഗതാഗത വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K