Enter your Email Address to subscribe to our newsletters

Thiruvanathapuram, 11 ജൂണ്‍ (H.S.)
നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്ന് പാഠം പഠിച്ച് മുന്നോട്ടു പോകാന്‍ തീവ്രശ്രമവുമായി സിപിഎം. ഭരണത്തിന്റെ ധാര്‍ഷ്ട്യത്തില്‍ കാണിച്ച അഹങ്കാരങ്ങളെല്ലാം തിരിച്ചടിയായി എന്ന വിമര്‍ശനം നേതൃത്വത്തിന് എതിരെ അണികളില്‍ നിന്ന് സജീവമായി ഉയര്‍ന്നതോടെയാണ് തിരുത്താനുള്ള തീരുമാനം ഉണ്ടായത്. മൂന്ന് തിരുത്തലുകളാണ് പ്രധാനമായും സിപിഎം സംസ്ഥാന സമിതി ചര്‍ച്ച ചെയ്ത് തീരുമാനിച്ചത്. അതില്‍ തിരുത്തല്‍ വരുത്തേണ്ടത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിയായി ജയിലിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് എം പത്മാകുമാറിന് എതിരെ നടപടി സ്വീകരിക്കും എന്നതാണ് തിരുത്തലിലെ പ്രധാന തീരുമാനം. പത്മകുമാര്‍ അറസ്റ്റിലായ സമയത്ത് കുറ്റപത്രം നല്‍കിയ ശേഷം നടപടി എന്നായിരുന്നു സിപിഎം നിലപാട്. എന്നാല്‍ ഇത് വലിയ തിരിച്ചടിയായി. പത്തനംതിട്ടയിലെ കോന്നി ഒഴികെ എല്ലാ മണ്ഡലത്തിലും തോറ്റു. സംസ്ഥാന വ്യാപകമായി തന്നെ ശബരിമല വിഷയം തിരിച്ചടിയായി. സ്വര്‍ണ്ണക്കൊള്ള പാര്‍ട്ടിയുടെ കൂടെ അറിവോടെ നടന്നത് എന്ന പ്രചരണത്തിനും ശക്തിപകര്‍ന്നു. ഇനിയും ഇങ്ങനെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന വിലയിരുത്തലിലാണ് പത്മകുമാറിനെ കൈവിടുന്നത്. നടപടി ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ജില്ലാ കമ്മറ്റിക്ക് നിര്‍ദ്ദേശം നല്‍കി. നടപടി ഒഴിവാക്കാന്‍ കഴിയില്ലെന്ന സന്ദേശം തന്നെയാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് എ പത്മകുമാര്‍ പാര്‍ട്ടി അംഗത്വം പുതുക്കിയത്.
മറ്റ് രണ്ട് തിരുത്തലുകളും സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എംവി ഗോവിന്ദന്‍ വരുത്തേണ്ടതായിരുന്നു. തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തിലും വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയപരാമര്‍ശങ്ങളിലെ മൗനത്തിലുമാണ് ഗോവിന്ദന്‍ തെറ്റ് ഏറ്റുപറയണം എന്ന തീരുമാനം എടുത്തത്. ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പികെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വീഴ്ച ഗോവിന്ദന്‍ ഏറ്റു പറഞ്ഞത് സംസ്ഥാന സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. വെള്ളാപ്പള്ളിക്കെതിരെ പ്രസ്താവന നടത്തേണ്ടതായിരുന്നു എന്നും സമ്മതിച്ചു. സ്ഥആനാര്‍ത്ഥി നിര്‍ണയത്തിലെ വീഴ്ചയടക്കമുള്ള വിമര്‍ശനങ്ങളില്‍ ഗോവിന്ദന്‍ സംസ്ഥാന സമിതിയില്‍ വാക്കാലാണ് മറുപടി നല്‍കിയത്. അതുകൊണ്ട് തന്നെ ജില്ലാ കമ്മറ്റികളില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ഇക്കാര്യം ഉണ്ടാകില്ല.
---------------
Hindusthan Samachar / Sreejith S