Enter your Email Address to subscribe to our newsletters

Kannur, 11 ജൂണ് (H.S.)
കണ്ണൂർ: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം പാർട്ടി ജില്ലാ കമ്മിറ്റിയുടെ മേൽ കെട്ടിവയ്ക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കം അണികളെയും ജനങ്ങളെയും കബളിപ്പിക്കലാണെന്നും ഇത് ശുദ്ധമായ പാർട്ടി വഞ്ചനയാണെന്നും ടി. കെ. ഗോവിന്ദൻ. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങൾ മൂടിവെക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി നേതൃത്വം സ്വീകരിച്ച അങ്ങേയറ്റത്തെ ജനാധിപത്യവിരുദ്ധവും ഉൾപ്പാർട്ടി ജനാധിപത്യത്തിന് നിരക്കാത്തതുമായ നിലപാടുകളാണ് പരാജയത്തിന്റെ പ്രധാന കാരണമെന്നാണ് അണികൾക്കിടയിലെ പൊതുവികാരം. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ നിലപാടുകളും സ്ഥാനാർത്ഥികളെ നിശ്ചയിച്ചതിലെ തെറ്റായ രീതികളും പാർട്ടിയിൽ ഉടനീളം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, സിപിഎമ്മിന്റെ മതേതര നിലപാടുകളിൽ വെള്ളം ചേർക്കുന്ന തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായതായും അത് മതേതര മനസ്സുള്ള ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റാൻ ഇടയാക്കിയെന്നും സഖാക്കൾ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ പുറത്തുവന്ന പാർട്ടി റിവ്യൂ റിപ്പോർട്ടിൽ ഇത്തരം ഒരുകാര്യം പോലും പരാമർശിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മത്സരിച്ച 27 സ്ഥാനാർത്ഥികളിൽ 24 പേരും പരാജയപ്പെട്ടു. പാർട്ടി ജില്ലാ കമ്മിറ്റിയോ മണ്ഡലം കമ്മിറ്റിയോ അംഗീകരിക്കാത്ത സ്ഥാനാർത്ഥികളെ നിശ്ചയിച്ചത് കൊണ്ടാണ് ഇത്രയും വലിയ തോൽവി ഉണ്ടായത്. തളിപ്പറമ്പിലും പയ്യന്നൂരിലും ഉണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം ഇപ്പോൾ ജില്ലാ കമ്മിറ്റിയുടെ മേൽ കെട്ടിവയ്ക്കാനാണ് സംസ്ഥാന കമ്മിറ്റി ശ്രമിക്കുന്നത്. ജില്ലാ കമ്മിറ്റിക്കാണ് തെറ്റുപറ്റിയത് എന്ന വാദം വസ്തുതകളെ മൂടിവെക്കാനാണ്.
തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിക്കകത്ത് വലിയ ആക്ഷേപം ഉയർന്നിരുന്നു. ജില്ലാ സെക്രട്ടറിയേറ്റോ, ജില്ലാ കമ്മിറ്റിയോ, മണ്ഡലം കമ്മിറ്റിയോ ഉൾപ്പെടെയുള്ള ഒരു പാർട്ടി ഘടകവും ഈ സ്ഥാനാർത്ഥിയെ അംഗീകരിച്ചിരുന്നില്ല. എന്നിട്ടും ആ സ്ഥാനാർത്ഥി എങ്ങനെ മത്സരരംഗത്ത് വന്നു എന്നതിനെക്കുറിച്ച് സ്വയംവിമർശനാത്മകമായ പരിശോധന നടത്താൻ നേതൃത്വം തയ്യാറാകണം. ജില്ലാ കമ്മിറ്റിയിലെ രണ്ടു മൂന്നു പേരൊഴികെ ബാക്കിയെല്ലാവരും ഈ സ്ഥാനാർത്ഥിയെ എതിർത്തതാണ്.
സംസ്ഥാന സെക്രട്ടറി പങ്കെടുത്ത, താൻ അധ്യക്ഷത വഹിച്ച ജില്ലാ കമ്മിറ്റി യോഗത്തിൽ ഉയർന്നുവന്ന എതിർപ്പുകൾ അദ്ദേഹം മുഴുവൻ കേട്ടതാണ്. ജില്ലാ കമ്മിറ്റിക്ക് ഇക്കാര്യത്തിൽ യാതൊരു തെറ്റും പറ്റിയിട്ടില്ല, ശരിയായ നിലപാടാണ് എടുത്തത്. എന്നാൽ അത് അനുസരിക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ലെന്നും ടി. കെ. ഗോവിന്ദൻ വ്യക്തമാക്കി.
---------------
Hindusthan Samachar / Roshith K