നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡും പെൻഡ്രൈവും ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചു.
Ernakulam , 12 ജൂണ് (H.S.) നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡും പെൻഡ്രൈവും ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചു. നിലവിൽ വിചാരണ കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡും പെൻഡ്രൈവും ഹൈക്കോടതി രജിസ്ട്രാർക്ക് സെഷൻസ് കോടതി കൈമാറണമെന്നാണ് നിർ
High Court of Kerala


Ernakulam , 12 ജൂണ് (H.S.)

നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡും പെൻഡ്രൈവും ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചു. നിലവിൽ വിചാരണ കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡും പെൻഡ്രൈവും ഹൈക്കോടതി രജിസ്ട്രാർക്ക് സെഷൻസ് കോടതി കൈമാറണമെന്നാണ് നിർദേശം.

സീൽഡ് കവറിലാണ് ഇവ കൈമാറേണ്ടത്. ഹൈക്കോടതി രജിസ്ട്രാർ ജനറൽ ഈ മെമ്മറി കാർഡും പെൻഡ്രൈവും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. അതിജീവിതയുടെ ഹർജിയിൽ ഒരു മാസത്തിനകം മറുപടി നൽകാൻ പ്രോസിക്യൂഷനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം പരിശോധിക്കുന്നതിൻ്റെ ഭാഗമായാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നടപടി.

നേരത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ടും ഹൈക്കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. കേസിൽ അതിജീവിതയുടെ ഹര്ജി ഫയലില് സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതോടൊപ്പം പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) അന്വേഷണം ആവശ്യപ്പെട്ടുള്ള നടിയുടെ ഹർജിയിൽ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഒരു മാസത്തിനുള്ളിൽ നിലപാട് അറിയിക്കുകയും വേണം.

നേരത്തെ ജസ്റ്റിസ് കൗസർ എടപ്പഗത്ത്, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നീ രണ്ട് ജഡ്ജിമാർ അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും പിന്മാറിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയും ഹർജി നൽകുകയും ചെയ്തത്. കേസ് അട്ടിമറിച്ചതിലും അന്വേഷണം വേണമെന്നും മുൻ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും അതിജീവിത ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

എസ്ഐടി രൂപീകരിച്ച് പുനരന്വേഷണം നടത്തണം

ഹൈക്കോടതി മേൽനോട്ടത്തിൽ സൈബർ വിദഗ്ധനടങ്ങുന്ന എസ്ഐടി രൂപീകരിച്ച് പുനരന്വേഷണം നടത്തണം എന്നിങ്ങനെയാണ് ഹർജിയിലെ മറ്റ് ആവശ്യങ്ങൾ. 2018ൽ രണ്ടു തവണയും 2021ലും കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടി കേസിലെ മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്നു പരിശോധിച്ചെന്നായിരുന്നു പ്രിൻസിപ്പൽ സെഷൻസ് കോടതി റിപ്പോർട്ട്.

ദൃശ്യങ്ങള് ചോര്ന്നതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന് ബോധപൂർവമായ ശ്രമങ്ങള് നടന്നിട്ടുണ്ടെന്ന് അതിജീവിത പറഞ്ഞിരുന്നു. ഹൈക്കോടതി നിർദേശ പ്രകാരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസായിരുന്നു വസ്തുതാ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് പക്ഷപാതപരമായതുകൊണ്ട് റദ്ദാക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. മെമ്മറി കാര്ഡിലെ ദൃശ്യങ്ങള് ചോര്ന്നതില് പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു അതിജീവിത ഹൈക്കോടതിയില് ഹര്ജി നല്കിയത്.

2017 ഫെബ്രുവരി 17ന് രാത്രി തൃശൂരിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേയാണ് അതിജീവിതയായ നടി ആക്രമിക്കപ്പെടുന്നതും പ്രതികൾ ഇതിൻ്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുന്നതും. ഈ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കേസിലെ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് ഉൾപ്പെടെ നാല് പേരെ വെറുതെ വിട്ടിരുന്നു. കുറ്റകൃത്യത്തിലുൾപ്പെട്ട ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള ആദ്യ ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിക്കുകയും ചെയ്തു.

ഈ വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനു പിന്നാലെയാണ് മെമ്മറി കാർഡ് വിഷയത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News